കെ. പങ്കജാക്ഷൻ വിടവാങ്ങിയിട്ട് ഇന്ന് 13 വർഷം പാഠപുസ്തകം പോലെ ഈ ധീരനായകൻ
ആശയദാർഢ്യത്തിന്റെ ഉൾക്കരുത്തുള്ള അതിസാഹസികതയിലൂടെ ജനകീയ പ്രക്ഷോഭങ്ങൾക്കും തൊഴിലാളി വർഗ സമരപോരാട്ടങ്ങൾക്കും തീവ്രത പകർന്ന് ഭരണവർഗത്തെ വിറപ്പിച്ച ചുരുക്കം ആളുകളെ കേരളത്തിലുള്ളൂ. അക്കൂട്ടത്തിൽ വിസ്മരിക്കാനാകാത്തതാണ് കെ. പങ്കജാക്ഷന്റെ പേര്. ദക്ഷിണ കേരളത്തിൽ ഐതിഹാസികമായ നിരവധി തൊഴിലാളി സമരങ്ങൾക്ക് നേതൃത്വം നൽകി, അസംഘടിത മേഖലകളിലെ തൊഴിലാളികൾക്കായി ആദ്യ സംഘടന കെട്ടിപ്പടുത്ത അതുല്യനായ തൊഴിലാളി സമരനായകൻ കെ. പങ്കജാക്ഷൻ വിടവാങ്ങിയിട്ട് ഇന്ന് 13 വർഷം തികയുന്നു.
തലയെടുപ്പുള്ള
നേതാവ്
തിരുവനന്തപുരം പേട്ടയിലെ പ്രശസ്തമായ തോപ്പിൽ കുടുംബത്തിൽ കേശവന്റെയും ലക്ഷ്മിയുടെയും മകനായി 1927 ഡിസംബറിലാണ് ജനനം. സെന്റ് ജോസഫ്സ് സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെ 1943-44 ൽ വിദ്യാർത്ഥി കോൺഗ്രസിലെത്തി. ആദ്യകാല കോൺഗ്രസിന്റെയും യൂത്ത് ലീഗിന്റെയും തീപ്പൊരി നേതാവ് കെ. സദാനന്ദ ശാസ്ത്രി പങ്കജാക്ഷന്റെ ജ്യേഷ്ഠനായിരുന്നു. ഇടതു രാഷ്ട്രീയ ആശയങ്ങളിലേക്ക് പങ്കജാക്ഷനെ വഴിതിരിച്ചുവിട്ടത് ശാസ്ത്രിയാണ്.
ട്രേഡ് യൂണിയൻ രംഗത്ത് വരുംതലമുറയ്ക്ക് പഠിക്കാനും അനുകരിക്കാനുമുള്ള ഒട്ടേറെ ധീരസാഹസ കൃത്യങ്ങളാണ് ആധുനിക കേരള രാഷ്ട്രീയ ചരിത്രത്തിലും തൊഴിലാളിവർഗ ചരിത്രത്തിലും കെ. പങ്കജാക്ഷൻ എഴുതിച്ചേർത്തത്. കൊല്ലം ചവറ സംഭവം എന്നറിയപ്പെട്ട 1955 ഒക്ടോബർ അഞ്ചിലെ തൊഴിലാളി സമരത്തോടനുബന്ധിച്ച് ആർ.എസ്.പി യിലെ തിരഞ്ഞെടുക്കപ്പെട്ട മുന്നൂറ്റി അൻപതിൽപ്പരം പ്രവർത്തകരുമായി സെക്രട്ടേറിയേറ്റിനകത്ത് കയറി നിയമസഭാമന്ദിരം പിക്കറ്റു ചെയ്ത സംഭവത്തിൽ കെ. പങ്കജാക്ഷൻ ഏറ്റുവാങ്ങിയ അതിഭീകരമായ പൊലീസ് മർദ്ദനം പോലെയൊന്ന് ഇന്നുവരെ മറ്റൊരു രാഷ്ട്രീയ നേതാവും ഏറ്റുവാങ്ങിയിട്ടില്ലെന്ന് സംഭവത്തിന് ദൃക്സാക്ഷിയായിരുന്ന സോഷ്യലിസ്റ്റ് നേതാവും എം.പി.യുമായിരുന്ന അന്തരിച്ച പി. വിശ്വംഭരൻ രേഖപ്പെടുത്തിയിട്ടുണ്ട്.
സമരവീര്യവും
ത്യാഗമനസും
ഒന്നിനും ആരെയും ആശ്രയിക്കാത്ത നേതാവായിരുന്നു പങ്കജാക്ഷൻ. സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികളെയും പാർട്ടിക്കാരെയും കണ്ടറിഞ്ഞ് സഹായിക്കാൻ തന്റെ പെൻഷൻ തുകയിൽ നിന്ന് പണം ചെലവാക്കിയിരുന്നു. അത് ആരും അറിയരുതെന്നും അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.
ആറരപ്പതിറ്റാണ്ട് രാഷ്ട്രീയ- ട്രേഡ് യൂണിയൻ രംഗങ്ങളിൽ സജീവമായിരുന്ന പങ്കജാക്ഷന്റെ പൊതുജീവിതത്തിലെ കാൽനൂറ്റാണ്ടുകാലം സമരമുഖങ്ങളിലായിരുന്നു. തിരുവിതാംകൂറിലെ ആദ്യകാല തൊഴിലാളി സംഘടനകൾ മിക്കതിനും ജന്മമേകിയ സോഷ്യലിസ്റ്റ് നേതാവ് കണ്ണന്തോടത്ത് ജനാർദ്ദനൻ നായരും അതിസാഹസിക സമരനായകൻ എൻ. ശ്രീകണ്ഠൻ നായരുമാണ് പങ്കജാക്ഷന്റെ സമരവീര്യവും ത്യാഗസന്നദ്ധയും കണ്ടറിഞ്ഞ്. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലേക്ക് അദ്ദേഹത്തെ വഴിതിരിച്ചു വിട്ടത്.
അമേരിക്കൻ മോഡൽ പ്രസിഡൻഷ്യൽ ഭരണത്തിനായി ശ്രമിച്ച ദിവാൻ സർ സി.പി. രാമസ്വാമി അയ്യർക്കെതിരെ നടന്ന സമരങ്ങളുടെ മുൻപന്തിയിൽ പങ്കജാക്ഷനുണ്ടായിരുന്നു. ആർ.എസ്.പിയുടെ ആരംഭം മുതൽ ഇതുവരെയുള്ള സമരചരിത്രത്തിന്റെ ഭാഗമായി മാറിയ പങ്കജാക്ഷൻ പേട്ട വെടിവയ്പ്, സർ സി.പിയെ വെട്ടൽ തുടങ്ങി തിരുവിതാംകൂറിന്റെയും കേരളത്തിന്റെയും രാഷ്ട്രീയഗതി തിരിച്ചുവിട്ട ചരിത്രസംഭവങ്ങളിൽ തന്റേതായ പങ്ക് നിറവേറ്റിക്കൊണ്ടാണ് ജനയുവ സഹസ്രങ്ങളുടെ സമരനായകനാകുന്നതിന് നാന്ദി കുറിച്ചത്.
തിരുവനന്തപുരം നഗരസഭയിലെ സ്ക്കാവഞ്ചിംഗ് ഏർപ്പാടിന് അന്ത്യം കുറിക്കാൻ ഇടയാക്കിയ നഗരസഭാ തൊഴിലാളികളുടെ സമരം, ബ്രൈമൂർ, വിതുര തോട്ടം തൊഴിലാളി സമരം, ചാലയിലെ ചുമട്ടുതൊഴിലാളി സമരം, സ്വകാര്യ ബസ് തൊഴിലാളി സമരം, ഗവ. പ്രസ് ജീവനക്കാരുടെ സമരം, ക്ഷേത്ര ജീവനക്കാരുടെ സമരം, ചാക്ക റബർ വർക്സിലെ സമരം, വിജയമോഹിനി മിൽസ് സമരം എന്നിവയുടെയെല്ലാം വിജയത്തിനു പിന്നിൽ പങ്കജാക്ഷന്റെ പങ്ക് വലുതായിരുന്നു.
നാടിനെ ഇളക്കിമറിച്ച ഒരു ധീരോജ്ജ്വല സമരം പങ്കജാക്ഷൻ നടത്തിയത് മറക്കാനാവില്ല. 1958-ൽ ട്രിവാൻഡ്രം റബർ വർക്സിലെ യൂണിയൻ ജനറൽ സെക്രട്ടറിയായിരിക്കെയാണ് അത്. റബർ വർക്സിലെ കുറെ തൊഴിലാളികളെ മാനേജ്‌മെന്റ് പിരിച്ചുവിട്ടതിനെതിരെ അന്നത്തെ വ്യവസായ മന്ത്രി കെ.പി. ഗോപാലന്റെ ഔദ്യോഗിക വസതിക്കു മുന്നിൽ പങ്കജാക്ഷൻ നിരാഹാരമാരംഭിച്ചു. പത്താംനാൾ ആരോഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ പൊലീസ് അറസ്റ്റു ചെയ്ത് ജനറൽ ആശുപത്രിയിലെ ഭ്രാന്തന്മാരെ പാർപ്പിക്കുന്ന ഒറ്റമുറി സെല്ലിലടച്ചു. ആശുപത്രി സെല്ലിലും അദ്ദേഹം നിരാഹാരം തുടർന്നു. 15-ാം ദിവസം രാത്രിയിൽ സെല്ലിന്റെ വാതിൽ തുറക്കുന്നതു കേട്ടുണർന്ന പങ്കജാക്ഷൻ കണ്ടത് കേരളകൗമുദി പത്രാധിപർ കെ. സുകുമാരനെയും ഒപ്പമുണ്ടായിരുന്ന കെ. ബാലകൃഷ്ണനെയുമാണ്!
താൻ ഇടപെട്ട് സമരം ഒത്തുതീർപ്പാക്കിയ വിവരം പത്രാധിപർ പങ്കജാക്ഷനെ അറിയിച്ചു. അദ്ദേഹം നൽകിയ നാരങ്ങാനീരു കുടിച്ച് പങ്കജാക്ഷൻ നിരാഹാരം അവസാനിപ്പിച്ചു. യോഗേഷ് ചന്ദ്ര ചാറ്റർജിക്കും തൃദീപ്‌കുമാർ ചൗധരിക്കും സുശീൽ ഭട്ടാചാര്യക്കും, ശ്രീകണ്ഠൻനായർക്കും കേരള 'കിസിഞ്ജർ" എന്ന് പുകൾപെറ്റ ബേബിജോണിനും ശേഷം ആർ.എസ്.പിയുടെ ദേശീയ ജനറൽ സെക്രട്ടറി പദമലങ്കരിച്ച പങ്കജാക്ഷൻ രാഷ്ട്രീയ എതിരാളികളുടെ പോലും ആദരവേറ്റുവാങ്ങിയ വ്യക്തിത്വമാണ്. പാർട്ടിയായിരുന്നു ആ മനുഷ്യന് എല്ലാം.
(കെ. പങ്കജാക്ഷന്റെ സന്തത സഹചാരിയും ദീർഘകാലം ആർ.എസ്.പി സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിയുമായിരുന്നു ലേഖകൻ. ഫോൺ: 98479 30741)