പ്രവൃത്തി ദിനങ്ങൾ അഞ്ചാകണം

Thursday 28 August 2025 4:52 AM IST

സർക്കാർ ഓഫീസുകൾ എത്ര ദിവസം പ്രവർത്തിക്കുന്നു എന്നതിനല്ല,​ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനാണ് ഇക്കാലത്ത് പ്രാധാന്യം നൽകേണ്ടത്. സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെ ഓൺലൈൻ ഇടപാടുകളിലൂടെയും ജനങ്ങൾക്ക് നിരവധി സേവനങ്ങൾ ഇന്ന് ലഭിക്കുന്നുണ്ട്. അർദ്ധരാത്രിയിലും അവരവരുടെ കമ്പ്യൂട്ടറിലൂടെയോ സ്‌മാർട്ട് ഫോണിലൂടെയോ നികുതിയും കരവും വൈദ്യുതി ബില്ലുമൊക്കെ അടയ്ക്കാൻ സൗകര്യമുണ്ട്. ഓഫീസ് തുറന്നോ ഇല്ലയോ എന്നൊന്നും നോക്കേണ്ടതില്ല. അതിനാൽ സർക്കാർ ഓഫീസിന്റെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി കുറയ്ക്കുന്നത് പഴയ കാലത്തെപ്പോലെ ജനങ്ങളെ അത്രമേൽ ബാധിക്കുന്ന പ്രശ്നമാകില്ല. മാത്രമല്ല,​ അകലങ്ങളിൽ നിന്നു വന്ന് ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് അത് വലിയ ആശ്വാസം പകരുകയും ചെയ്യും.

ഒരു രാത്രികൊണ്ട് സഞ്ചരിച്ചെത്താനുള്ള ദൂരമേ കേരളത്തിനുള്ളൂ. അതിനാൽ കാസർകോട്ടുകാരനായ ഒരു സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന് ആഴ്ചയിൽ രണ്ടു പകലും ഒരു രാത്രിയും പൂർണമായി വീട്ടിൽ നിൽക്കാൻ അവസരമൊരുങ്ങുകയും ചെയ്യും. വീട്ടുകാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളുമൊക്കെ ശ്രദ്ധിക്കാൻ കിട്ടുന്ന ഈ അവസരം സ്വാഭാവികമായും ഉദ്യോഗസ്ഥരുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാനും ഇടയാക്കും. ഇത് ഉത്സാഹപൂർവം ജോലി നിർവഹിക്കാനുള്ള ഒരു അവസരമായും അവർ വിനിയോഗിക്കണം. വിദേശ രാജ്യങ്ങളിലൊക്കെ ആഴ്ച‌യുടെ അവസാന രണ്ടു ദിവസങ്ങൾ അവധി എന്നത് നാട്ടുനടപ്പാണ്. വെള്ളിയാഴ്ച വൈകിട്ട് ഓഫീസ് വിട്ടിറങ്ങുന്നവർ പിന്നീട് ഓഫീസിനെക്കുറിച്ച് ഓർമ്മിക്കുന്നത് തിങ്കളാഴ്ച രാവിലെ ആയിരിക്കും.

വിശ്രമത്തിനും ഉല്ലാസത്തിനും മതിയായ സമയം കിട്ടുന്നത് ഓഫീസ് കാര്യങ്ങൾ കൂടുതൽ ശുഷ്‌കാന്തിയോടെ ചെയ്യാൻ അവരെ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് ഇതുസംബന്ധിച്ച ഗവേഷണങ്ങളും പറയുന്നത്. രണ്ടു ദിവസം ഓഫീസുകൾ അടഞ്ഞുകിടക്കുമ്പോൾ അതിലൂടെ സർക്കാരിന് വൈദ്യുതി ചാർജ് ഇനത്തിൽ ലഭിക്കുന്നത് കോടികളുടെ ലാഭമായിരിക്കും. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിന് മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പാരീസിലും മറ്റും ചില മേഖലകളിൽ വീടുകളിൽപ്പോലും എ.സി വയ്ക്കാൻ അനുവദിക്കാറില്ല. രണ്ടു ദിവസം സർക്കാർ ഓഫീസുകളിലെ എ.സികൾ പ്രവർത്തിക്കാതിരിക്കുന്നതിലൂടെയും സർക്കാർ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ നിരത്തിൽ നിന്ന് ഒഴിവാകുന്നതിലൂടെയും മലിനീകരണം വലിയ തോതിൽ കുറയാനിടയാകും. ആഴ്ചയിൽ രണ്ടാം ശനി ഇപ്പോൾത്തന്നെ അവധിയാണ്. അതിനാൽ മൂന്ന് ശനിയാഴ്ചകളാകും അവധി പ്രഖ്യാപിച്ചാൽ സർക്കാർ ഉദ്യോഗസ്ഥർക്ക് അധികമായി ലഭിക്കുക.

ഇതുസംബന്ധിച്ച് സെപ്തംബർ 11നു വൈകിട്ട് സംഘടനാ പ്രതിനിധികളുമായി സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ ചർച്ച നടത്തുന്നുണ്ട്. സംഘടനകൾ പൊതുവെ ശനി അവധിക്ക് അനുകൂലമാണ്. വി.എസ്. അച്യുതാനന്ദൻ അദ്ധ്യക്ഷനായിരുന്ന ഭരണ പരിഷ്കാര കമ്മിഷനാണ് 2019-ൽ സർക്കാർ ഓഫീസുകളിൽ ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസമാക്കാനും ശനിയാഴ്ചകളിൽ അവധി നൽകാനും ശുപാർശ ചെയ്തത്. ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം ഘട്ടംഘട്ടമായി 60 വയസായി ഉയർത്തുക, ഓഫീസ് സമയം രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ ആക്കുക, ഉച്ചയൂണിന് ഒന്നരയ്ക്കും രണ്ടിനുമിടയിൽ അരമണിക്കൂർ ഇടവേള തുടങ്ങിയ ശുപാർശകളും നൽകിയിരുന്നു.