ഓണം കളറാക്കാൻ കോളേജ് പിള്ളേരും
തിരുവനന്തപുരം: കസവ് സാരിയുടുത്ത്, മുല്ലപ്പൂവ് ചൂടിയ മലയാളിപ്പെൺക്കൊടികളും മുണ്ടുടുത്ത ചുള്ളന്മാരുമാണ് നഗരവീഥികളിലാകെ. ഇവരുടെ കാൻഡിഡ് ചിത്രങ്ങൾ ഒപ്പിയെടുക്കാൻ മത്സരിക്കുന്ന സ്ട്രീറ്റ് ഫോട്ടോഗ്രാഫർമാരും ഹാജർ.ഓണമെത്തും മുൻപേ സ്കൂളുകളിലും കോളേജുകളിലും ആഘോഷപരിപാടികൾ ആരംഭിച്ചുകഴിഞ്ഞു. ഇക്കുറി കോളേജ് പിള്ളേർ ഓണാഘോഷത്തിനിടെ തിരയുന്നത് അപരിചിതരായ ഫോട്ടോഗ്രാഫർമാരെയാണ്. 'ഞാനൊരു സട്രീറ്റ് ഫോട്ടോഗ്രാഫറാണ്.. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറും...കുട്ടിയുടെ കുറച്ച് ഫോട്ടോകൾ എടുത്തോട്ടെ..' വിനയത്തോടെ ഫോട്ടോഗ്രാഫർ ചോദിക്കും. തലകുലുക്കി സമ്മതിച്ചാൽ അടിപൊളി ഫോട്ടോകൾ സൗജന്യമായി എടുത്തുകൊടുക്കും. സമൂഹമാദ്ധ്യമങ്ങളിൽ ഫോളോവർമാരെ സൃഷ്ടിക്കാനാണ് ഇൻഫ്ലുവൻസർമാർ സ്ട്രീറ്റ് ഫോട്ടോഗ്രാഫി പരീക്ഷിക്കുന്നത്.
യൂണിവേഴ്സിറ്റി കോളേജ്, വഴുതക്കാട് ഗവ.വിമൻസ് കോളേജ് എന്നിവിടങ്ങളിലെ ഓണാഘോഷം കഴിഞ്ഞദിവസങ്ങളിൽ നടന്നു. സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിൽ ഈ ആഴ്ചയും അടുത്തയാഴ്ചയുമായി ആഘോഷപരിപാടികൾ നടക്കും. തനതു വേഷത്തിനൊപ്പം പുത്തൻ ട്രെൻഡും കൊണ്ടുവരാൻ വിദ്യാർത്ഥികൾ ശ്രമിക്കുന്നുണ്ട്.
കോട്ടൺ സാരികൾക്ക് പകരം ടിഷ്യു കോട്ടൺ സാരി, കലംകാരി ബ്ലൗസുകൾ എന്നിവയാണ് വിദ്യാർത്ഥികൾക്ക് പ്രിയം. പോക്കറ്റിന്റെ ഭാഗത്ത് മാത്രം എംബ്രോയ്ഡറി ചെയ്ത ഷർട്ടുകൾ ആൺകുട്ടികളുടെയും വശത്താക്കുന്നു. സദ്യ, പുലികളി, ഓണപ്പാട്ട്, ഉറിയടി, അത്തപ്പൂക്കള മത്സരം എന്നിങ്ങനെ സായാഹ്നം വരെ നീളുന്ന പരിപാടികളാണ് കോളേജുകളിൽ സജ്ജീകരിച്ചിട്ടുള്ളത്. ഹോസ്റ്റലുകളിലും ഓണാഘോഷം തകർക്കുകയാണ്. ആഘോഷങ്ങൾക്കു ശേഷം കനകക്കുന്നിലെത്തുന്നവരും ഡബിൾ ഡെക്കർ ബസിൽ സിറ്റി റൈഡ് ആസ്വദിക്കുന്നവരും കുറവല്ല. ഓണസദ്യയ്ക്കായി മംഗല്യ, ആനന്ദം തുടങ്ങിയ ക്യാറ്ററിംഗ് ഏജൻസികളെയാണ് വിദ്യാഭ്യാസസ്ഥാപനങ്ങൾ ആശ്രയിക്കുന്നത്.
റീൽസോണം
ഓണം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും റീൽസാക്കി സമൂഹമാദ്ധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്ന മത്സരങ്ങളും കോളേജുകളിലുണ്ട്. ഏറ്റവുമധികം ലൈക്കും ഷെയറും ലഭിക്കുന്ന റീലിനും ചിത്രത്തിനും സമ്മാനങ്ങളുണ്ട്. ടെക്നോപാർക്കിലെ കമ്പനികളും സോഷ്യൽ മീഡിയയിലൂടെ മത്സരങ്ങൾ നടത്തുന്നുണ്ട്.