ലൈംഗിക വിവാദ ബോംബുകൾ സ്ത്രീ സുരക്ഷ വർദ്ധിപ്പിക്കുമോ?
കേരള രാഷ്ട്രീയത്തിൽ അടുത്തിടെ യുവ എം.എൽ.എയ്ക്ക് എതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളിലും, അതിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളിലും മാദ്ധ്യമ ചർച്ചകളിലും സ്ത്രീ സുരക്ഷയായിരുന്നോ പ്രധാന വിഷയം? യുവ നേതാവിന്റെ ഉന്നതസ്ഥാനം വരെ നഷ്ടമായ ഈ സംഭവത്തിൽ, ഒരു ലൈംഗിക വസ്തു എന്നതിനപ്പുറമുള്ള കാഴ്ചപ്പാടിൽ നിന്ന് ആദരവോടെ സ്ത്രീകളോട് പെരുമാറണമെന്ന സന്ദേശത്തെ ഉയർത്തിപ്പിടിക്കാൻ ഈ വിവാദവും സംവാദങ്ങളും ഇട നൽകിയോ എന്ന കാര്യം സംശയമാണ്.
കേരളം കണ്ടിട്ടുള്ള പെൺ ചൂഷകരുടെ ഭാവം ഉള്ളിൽ പേറുന്ന നിരവധി പേർ, ഈ സംഭവത്തിലും ആദ്യ വെളിപ്പെടുത്തൽ നടത്തിയ നടിയുടെ വേഷത്തെ സമൂഹമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും കുറ്റം പറഞ്ഞ് രംഗത്തെത്തി. നടി പറയാൻ ശ്രമിച്ച അടിസ്ഥാന പ്രശ്നത്തിൽ നിന്നും ശ്രദ്ധ തിരിച്ചു കൊണ്ടുപോകാനുള്ള ശ്രമങ്ങളും ചില കോണുകളിൽ നടന്നു. പല വ്യാജ അക്കൗണ്ടുകളിൽ നിന്നും സൈബർ ആക്രമണങ്ങളുമുണ്ടായി. സ്വന്തം പാർട്ടിയിലെ കുറ്റാരോപിതനെ തള്ളിപ്പറഞ്ഞ മാന്യ വനിതകൾക്കും കിട്ടി അത്തരം പ്രഹരങ്ങൾ. ഗർഭാരോപണവും ഗർഭഛിദ്രവുമൊക്കെ ശബ്ദ സന്ദേശമായി അവതരിച്ചപ്പോൾ ചിലരുടെ ചർച്ച ഗർഭം തടയാവുന്ന സുരക്ഷിത മാർഗങ്ങളെ കുറിച്ചായി. അറിയേണ്ട കാര്യങ്ങൾ തന്നെ. എന്നാൽ വഞ്ചനയിലൂടെ ലൈംഗിക ബന്ധത്തിനുള്ള സമ്മതം നേടുന്നതിനെക്കുറിച്ചും, പെണ്ണുങ്ങൾ അതിനെ പ്രതിരോധിക്കാൻ ശക്തി നേടേണ്ടതിനെ കുറിച്ചും ആർക്കും പറയാനില്ല. വിവാദങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി മാത്രം സജീവമായി നിറുത്തുന്ന വർത്തമാനങ്ങൾക്കും ചാനൽ ചർച്ചകൾക്കും സമരങ്ങൾക്കുമാണ് പ്രാധാന്യം ലഭിച്ചത്.
ഈ കണ്ടതിലും കേട്ടതിലും സ്ത്രീ പക്ഷ ചിന്ത എത്ര ? വില കുറഞ്ഞ രാഷ്ട്രീയം എത്ര ? തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് മത്സരത്തിലെന്ന പോലെ ലൈംഗികാരോപണ ബോംബുകൾ ഓരോ മുന്നണിയും പൊട്ടിക്കുന്നതും ആഘോഷിക്കുന്നതും സ്ത്രീപക്ഷ പെരുമാറ്റങ്ങൾക്ക് ഉത്തേജനം നൽകാനല്ലെന്ന വസ്തുത പെൺ സമൂഹത്തിന് പോലും പകൽ പോലെ വ്യക്തമാണ്. ഇതൊരു ജീർണ്ണ രാഷ്ട്രീയ അന്തരീക്ഷത്തിന്റെ പ്രകടനം മാത്രമാണ്. രാഷ്ട്രീയത്തിൽ സജീവമായി നിലനിൽക്കുന്ന സ്ത്രീകളെങ്കിലും ഇതറിഞ്ഞ് തിരുത്താനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിയ്ക്കണം.
കുറ്റാരോപിതനെ പൂട്ടാൻ പോന്ന ആരോപണങ്ങളുമായി മാദ്ധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടവർ നിയമ നടപടികൾക്കായി മുമ്പോട്ട് വരാത്തതിലും സ്ത്രീ വിരുദ്ധതയുണ്ട്. ഇതിനപ്പുറം പെണ്ണ് പോകില്ലെന്ന അപകടകരമായ സന്ദേശമാണ് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഓരോ പുരുഷനും നൽകുന്നത്. കുറച്ചു നാളുകൾക്കുശേഷം കുറ്റാരോപിതനായ വ്യക്തി ഇരയാക്കപ്പെട്ടുവെന്ന വിലാപവുമായി അനുകമ്പ നേടി തിരിച്ചു വരും. യഥാർത്ഥ കുറ്റവാളിയെങ്കിൽ അത് വിപരീത ഫലം ചെയ്യും.
ഇല വന്ന് മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും കേട് ഇലക്കെന്ന സങ്കല്പം പൊതുബോധത്തിൽ ഇപ്പോഴുമുണ്ട്. ഇലകൾ പേടിച്ചാണ് കഴിയുന്നത്. അതുകൊണ്ടാണോ വിവാദ നിർമ്മിതിക്കപ്പുറം പെണ്ണുങ്ങൾ പോകാത്തത് ? നിയമ നടപടികളുമായി സധൈര്യം മുമ്പോട്ടുപോയ കൊച്ചിയിലെ പ്രമാദമായ നടി ആക്രമണ കേസിന്റെ അവസ്ഥ എന്തുതരം സന്ദേശമാണ് നൽകുന്നത് ? കേരളത്തിൽ സംഭവിച്ചിട്ടുള്ള പ്രമാദമായ സ്ത്രീ ലൈംഗിക പീഡന കേസുകളും ചർച്ചകളും എന്ത് ഗുണപരമായ മാറ്റങ്ങളാണ് സ്ത്രീ ജീവിതത്തിന് നൽകിയിട്ടുള്ളത്?പീഡകനെതിരെ തുറന്ന് ശബ്ദിക്കാനുള്ള ആത്മ വിശ്വാസം നൽകിയോ? കണക്കെടുക്കാൻ നേരമായി കൂട്ടരേ.
(എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയർ സൈക്യാട്രിസ്റ്റ് ആണ് ലേഖകൻ)