ലൈംഗികാധിക്ഷേപം നടത്തി,​ അസഭ്യം പറഞ്ഞു; മുൻകൂർ ജാമ്യം തേടി ലക്ഷ്മി മേനോൻ,​ അറസ്റ്റ് തടഞ്ഞ് കോടതി

Wednesday 27 August 2025 9:01 PM IST

കൊച്ചി: ഐ.ടി ജീവനക്കാരനെ കാർ തടഞ്ഞ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നടി ലക്ഷ്മി മേനോൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. കേസിലെ മൂന്നാംപ്രതിയായ ലക്ഷ്മി മേനോൻ ഒളിവിലാണ്. നടിക്കൊപ്പമുണ്ടായിരുന്ന മിഥുൻ,​ അനീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കൊപ്പം മറ്റൊരു വനിതാ സുഹൃത്തും ഉണ്ടായിരുന്നു. ആലുവ സ്വദേശിയായ ഐ.ടി കമ്പനി ജീവനക്കാരനാണ് തന്നെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന് പരാതി നൽകിയത്.

കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതിന് പിന്നാലെ നടിയുടെ അറസ്റ്റ് കോടതി തടഞ്ഞു. കേസ് ഓണത്തിന് ശേഷം പരിഗണിക്കാനായി മാറ്റി. അതു വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി നിർദ്ദേശം.

പരാതിക്കാരൻ തന്നെ ബാറിൽ വച്ച് അസഭ്യം പറയുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തെന്ന് ലക്ഷ്മി മുൻകൂർ ജാമ്യഹർജിയിൽ ആരോപിച്ചു. ബാറിൽ നിന്ന് ഇറങ്ങിയ ശേഷം പരാതിക്കാരൻ കാറിൽ പിന്തുടരുകയും ബിയർ കുപ്പിയുമായി ആക്രമിച്ചതായും ലക്ഷ്മി മേനോൻ പറയുന്നു. കെട്ടിച്ചമച്ച കഥകളാണ് ഐ.ടി ജീവനക്കാരൻ ഉന്നയിച്ച പരാതിയുടെ ഉള്ളടക്കം. കുറ്റകൃത്യവുമായി തനിക്ക് ബന്ധമില്ല,​ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.

ഞായറാഴ്ച രാത്രി കൊച്ചിയിലെ ബാനർജി റോഡിലുള്ള ബാറിൽ വച്ചായിരുന്നു തർക്കവും കയ്യാങ്കളിയുമുണ്ടായത്. പിന്നീട് തർക്കം റോഡിലേക്ക് നീങ്ങി. രാത്രി 11.45ഓടെ നോർത്ത് പാലത്തിൽ വച്ച് പ്രതികൾ കാർ തടഞ്ഞ് പരാതിക്കാരനെ കാറിൽനിന്ന് വലിച്ചിറക്കി കൊണ്ടുപോയെന്നാണ് എഫ്‌.ഐ.ആറിൽ പറയുന്നത്. കാറിൽ വച്ച് മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരൻ പറയുന്നു. പിന്നീട് ഇയാളെ ആലുവ പറവൂർ കവലയിൽ ഇറക്കിവിടുകയായിരുന്നു. തിങ്കളാഴ്ച നോർത്ത് പൊലീസ് സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയെ തുടർന്ന് സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കാറിന്റെ നമ്പർ കേന്ദ്രീകരി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.