ശ്രീജയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി ഭർത്താവിന്റെ മൊഴിയെടുത്തു
ആര്യനാട്:പലയിടങ്ങളിൽ നിന്നും കടംവാങ്ങി പറ്റിച്ചുവെന്ന ആരോപണത്തിൽ മനംനൊന്ത് ജീവനൊടുക്കിയ ആര്യനാട് ഗ്രാമപഞ്ചായത്ത് വാർഡ് അംഗവും,മഹിളാ കോൺഗ്രസ് നേതാവുമായ ആര്യനാട് കോട്ടയ്ക്കകം പേഴുംകട്ടയ്ക്കാൽ വീട്ടിൽ എസ്.ശ്രീജയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി.വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും നാട്ടുകാരും ബന്ധുക്കളും കൊക്കോട്ടേലയിലെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്,ഡി.സി.സി പ്രസിഡന്റ് എൻ.ശക്തൻ,പാലോട് രവി,കെ.എസ്.ശബരീനാഥൻ,വി.ആർ.പ്രതാപൻ,വിനോബാതാഹ,കെ.എസ്.സനൽകുമാർ,ജലീൽമുഹമ്മദ്,ആനാട് ജയൻ,എസ്.എൻ.ഡി.പി യോഗം ആര്യനാട് യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ,മഹിളാ കോൺഗ്രസ് നേതാവ് ഷാമിലാ ബീഗം,എൻ.ജയമോഹനൻ,കെ.കെ.രതീഷ്,ആർ.എസ്.ഹരി,എം.ആർ.ബൈജു,ശ്രീജാ ഹരി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ ഉവൈസ് ഖാൻ,സി.ജ്യോതിഷ് കുമാർ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.എം.ഷാജി,സുനിൽകുമാർ,ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. മൃതദേഹം വിലാപയാത്രയായാണ് കോട്ടയ്ക്കകത്തെ കുടുംബ വീട്ടിലെത്തിച്ചത്. തുടർന്ന് വെള്ളനാട് ഗംഗാമല ശ്മശാനത്തിൽ സംസ്കരിച്ചു.നിരവധി പേർ ശ്മശാനത്തിലെത്തിയും അന്തിമോപചാരമർപ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് കോൺഗ്രസ് നേതാക്കൾക്കൊപ്പം കുടുംബാംഗങ്ങളെയും സന്ദർശിച്ചു.
അന്വേഷണത്തിനുശേഷം തുടർ നടപടി
ശ്രീജ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിനുശേഷം തുടർനടപടികളെടുക്കുമെന്ന് ആര്യനാട് പൊലീസ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജുമോഹൻ ഉൾപ്പെടെ നാലുപേരാണ്, ശ്രീജയുടെ മരണത്തിന് ഉത്തരവാദികളെന്ന് ഭർത്താവ് ജയകുമാർ മൊഴിയിൽ പറയുന്നു. സി.പി.എം പ്രതിഷേധ ധർണ നടത്തി ശ്രീജയെ വളരെ ഹീനമായ രീതിയിൽ അപമാനിച്ചെന്നും, ആ ദിവസം രാത്രിയുറങ്ങിയില്ലെന്നും കുപ്രചാരണം നടത്തിയതിലുള്ള മനോവിഷമമാണ് ആത്മഹത്യചെയ്യാൻ ഇടയാക്കിയതെന്നും ജയകുമാറിന്റെ മൊഴിയിൽ പറയുന്നു.എന്നാൽ ഇവരാരെയും പ്രതിയാക്കി കേസ് എടുത്തിട്ടില്ല.അന്വേഷണശേഷം നടപടി സ്വീകരിക്കുമെന്ന് ആര്യനാട് എസ്.എച്ച്.ഒ ശ്യാംരാജ് ജെ.നായർ അറിയിച്ചു.
ഉത്തരവാദികളായവരെ കൽത്തുറുങ്കിൽ
അടയ്ക്കണം:സണ്ണി ജോസഫ്
ശ്രീജയുടെ മരണത്തിന് ഉത്തരവാദികളായവരെ കൽത്തുറുങ്കിൽ അടയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ശ്രീജയുടെ കൊക്കോട്ടേലയിലെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശ്രീജയുടെ കടബാദ്ധ്യത തീർക്കാനുള്ള ബാദ്ധ്യത പഞ്ചായത്ത് പ്രസിഡന്റിനോ പഞ്ചായത്തംഗങ്ങൾക്കോ ഇല്ല.സി.പി.എം ഏരിയ സെക്രട്ടറി വട്ടിപ്പണം പിരിക്കുന്ന പണി ഏറ്റെടുത്തിട്ടുണ്ടോയെന്ന് കെ.പി.സി.സി പ്രസിഡന്റ് ചോദിച്ചു.ശ്രീജയുടെ ജീവൻ സി.പി.എം അപഹരിച്ചതാണ്.കണ്ണൂരിൽ പി.പി.ദിവ്യയെ രക്ഷിക്കാൻ പിണറായി സർക്കാർ പരിശ്രമിച്ച മോഡലിലാണ് ആര്യനാട്ടും പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചത്.നവീൻ ബാബുവിന്റെ മരണത്തിനു ശേഷം സി.പി.എം വ്യക്തിഹത്യ നിറുത്തിയെന്നായിരുന്നു ധാരണ.എന്നാലിപ്പോഴും അവർ വ്യക്തിഹത്യ നടത്തുന്നത് തുടരുകയാണ്. അത് ജനങ്ങളും കോൺഗ്രസും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ശ്രീജയുടെ കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു.
കോൺഗ്രസാണ് ഉത്തരവാദിയെന്ന് സി.പി.എം
ശ്രീജയുടെ മരണത്തിന് ഉത്തരവാദികൾ കോൺഗ്രസ് പ്രാദേശിക നേതാക്കളെന്ന് സി.പി.എം വിതുര ഏരിയ സെക്രട്ടറി പി.എസ്.മധു വാർത്താസമ്മേളനത്തിൽ അറിയിച്ചു. മഹിള കോൺഗ്രസ് മണ്ഡലം നേതാവിന്റെ നേതൃത്വത്തിലുള്ള ബ്ലെയ്ഡ് മാഫിയ ഇതിന് പിന്നിൽ പ്രവർത്തിച്ചിരുന്നതായും, പലതവണ ശ്രീജയുടെ വീട്ടിൽ പോയി ഇവർ ഭീഷണിയും പ്രശ്നങ്ങളുമുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് ശ്രീജ ആത്മഹത്യക്ക് ശ്രമിച്ചത്. പണം ശ്രീജ തിരികെ നൽകാതെ വന്നപ്പോൾ പഞ്ചായത്തിലും പൊലീസ് സ്റ്റേഷനിലും പരാതി നൽകിയ ചിലർ സി.പി.എമ്മിനെയും സമീപിച്ചു. ഈ സാഹചര്യത്തിലാണ് അന്വേഷണം നടത്തി പരാതിക്കാർക്ക് നഷ്ടപ്പെട്ട തുക തിരികെ ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ആര്യനാട് ലോക്കൽ കമ്മിറ്റി യോഗം സംഘടിപ്പിച്ചത്.വ്യക്തിഹത്യ നടത്തുന്നത് സി.പി.എമ്മിന്റെ ശൈലിയല്ല.സ്വന്തം പാർട്ടിയിൽപ്പെട്ട നേതാവിനെ സംരക്ഷിക്കേണ്ട കോൺഗ്രസ് നേതൃത്വം ഇപ്പോൾ എല്ലാ തെറ്റും സി.പി.എമ്മിന്റെ തലയിൽ വച്ചുകെട്ടി തടിയൂരാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.