ഉപ്പേരിയില്ലാതെ എന്തോണം !

Thursday 28 August 2025 2:07 AM IST

കിളിമാനൂർ: ഓണമെത്തിയതോടെ ഉപ്പേരിക്കച്ചവടം പൊടിപൊടിക്കുകയാണ്. ഗ്രാമങ്ങളിലെ ഉപ്പേരിക്കടകളിലെ താരം ഏത്തയ്ക്ക ഉപ്പേരി തന്നെ. കിലോയ്ക്ക് 450 രൂപ വിലവരും. ഓണം അടുക്കുമ്പോഴേക്കും ഇത് വീണ്ടും വർദ്ധിക്കാനാണ് സാദ്ധ്യത. ഉപ്പേരിയില്ലാതെ ഓണമുണ്ണാൻ മലയാളികൾക്ക് കഴിയില്ല. അതുകൊണ്ട് ഉപ്പേരിക്ക് വില കൂടിയാലും കുറഞ്ഞാലും ആളുകൾ വാങ്ങുമെന്ന സ്ഥിതിയാണ്. ഒരു കിലോ ഏത്തക്കായ്ക്ക് 60 രൂപ മുതൽ 80 രൂപ വരെയാണ് വില. നാടൻ ഏത്തക്കായ്ക്ക് വില കൂടും. കാലവർഷക്കെടുതിയിൽ ഏത്തവാഴകൾ നശിച്ചതിനാൽ ഇത്തവണ നാടൻ ഏത്തക്കായ ലഭ്യതയും കുറവാണ്. തമിഴ്നാട്, വയനാടൻ ഏത്തക്കുലകളാണ് ജില്ലയിൽ കൂടുതലായും ഉപ്പേരിക്ക് ഉപയോഗിക്കുന്നത്. മൂന്നുകിലോ ഏത്തയ്ക്ക ഉപയോഗിച്ചാലേ ഒരു കിലോ ഉപ്പേരി തയ്യാറാക്കാൻ കഴിയൂവെന്നാണ് വ്യാപാരികൾ പറയുന്നത്.

ഏത്തയ്ക്ക ഉപ്പേരി കിലോയ്ക്ക് 450

ഏത്തക്കായ 60 - 80 രൂപ

ശർക്കര വരട്ടി 300ന് മുകളിൽ

പാമോയിലിലും വെളിച്ചെണ്ണയിലും വറുത്ത ഉപ്പേരി വിപണിയിലുണ്ട്. പാമോയിലിൽ വറുത്തെടുക്കുന്ന ഉപ്പേരിക്കല്പം വില കുറയും. ശർക്കര വരട്ടിയുടെ വിലയും കിലോയ്ക്ക് 300 രൂപയ്ക്ക് മുകളിലാണ്. ഉപ്പേരിക്കച്ചവടക്കാർ ഓൺലൈനിലും സജീവമാണ്. ഫോൺ വിളിച്ച് നേരത്തെ ബുക്ക് ചെയ്താൽ ഉപ്പേരി വീട്ടിലെത്തും. മേളകളിൽ ഉപ്പേരിക്ക് ചെറിയ വില വ്യത്യാസമുണ്ട്.

വില എത്രയായാലും വാങ്ങാൻ ആളുള്ളതുകൊണ്ട് കച്ചവടക്കാരും സന്തോഷത്തിലാണ്. കിലോക്കണക്കിന് ഉപ്പേരി വിറ്റ് പോകുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിലും ഉപ്പേരിക്കച്ചവടം സജീവമാണ്.