ഓണം സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് പത്തു വരെ: ലഹരി ഒഴുക്ക് തടയാൻ എക്സൈസ്

Wednesday 27 August 2025 9:26 PM IST

കണ്ണൂർ: ഓണത്തോടനുബന്ധിച്ച് ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും തടയുന്നതിന് എക്‌സൈസിന്റെ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് സെപ്തംബർ പത്തു വരെ നീളും. ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് ഹെഡ് ക്വാർട്ടേഴ്‌സിൽ ഒരു സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഹെഡ് ക്വാർട്ടേഴ്‌സ് കൺട്രോൾ റൂമും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർമാരുടെ മേൽനോട്ടത്തിൽ ജില്ലാതല കൺട്രോൾ റൂമുകളും രൂപീകരിച്ചിട്ടുണ്ട്.

ഓരോ ജില്ലയേയും രണ്ട് മേഖലകളാക്കി തിരിച്ച് ഓരോ മേഖലയിലും എക്‌സൈസ് സർക്കിൾ ഓഫീസുകൾ കേന്ദ്രീകരിച്ച് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളുമുണ്ട്. അതിർത്തി പ്രദേശങ്ങളിൽ മുഴുവൻ സമയവും പെട്രോളിംഗ് ശക്തപ്പെടുത്തി. സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പൊലീസ്, വനം, റവന്യൂ വകുപ്പുകളുമായി ചേർന്ന് സംയുക്ത റെയ്ഡുകൾ നടത്തുന്നതിനും, അതിർത്തി പ്രദേശങ്ങളിലും, തീരപ്രദേശങ്ങളിൽ പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് സംയുക്ത പരിശോധനകൾ നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

എട്ടുമാസത്തിൽ 5603 കേസുകൾ

കഴിഞ്ഞ എട്ടു മാസത്തിൽ ജില്ലയിൽ ലഹരിയുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിൽ പെട്ട 5603 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. റെയ്ഡ് 7485 , കമ്പൈൻഡ് റെയ്ഡ് 205, 4നഗർ റെയ്ഡ് 04 ,വാഹന പരിശോധന 88510 , ലേബർ ക്യാമ്പ് ഇൻസ്പെക്ഷൻ 147, സ്‌കൂൾ പരിസരങ്ങളിൽ പരിശോധന 1723 എന്നിങ്ങനെയാണ് പരിശോധനയുടെ കണക്കുകൾ.

കേസുകൾ ഇനം തിരിച്ച്

അബ്കാരി കേസുകൾ 1130

എൻ.ഡി.പി എസ് കേസുകൾ 508

കോട്പ കേസുകൾ 3965

രഹസ്യവിവരങ്ങൾ അറിയിക്കാം

എക്‌സൈസ് കൺട്രോൾ റൂം 9447178000,

കൗൺസിലിംഗ് സംവിധാനം 14405,

ഡി അഡിഷൻ സെന്റർ പയ്യന്നൂർ 6238600259,

കണ്ണൂർ ജില്ലാ കൺട്രോൾ റൂം 04972706698

ജില്ലാതല ജനകീയകമ്മിറ്റി ചേർന്നു

വ്യാജമദ്യ ഉത്പാദനവും വിതരണവും തടയുന്നതിന് ജില്ലയിൽ രൂപീകരിച്ച ജില്ലാതല ജനകീയകമ്മിറ്റി എ.ഡി.എം എം.കലാഭാസ്കറിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. ഓണാഘോഷ വേളകളിൽ വ്യാജ വാറ്റ്, വ്യാജ മദ്യ നിർമ്മാണം, വിതരണം, സ്പിരിറ്റ് കടത്ത്, വീര്യം കൂടിയ ആയുർവേദ അരിഷ്ടാസവങ്ങളുടെ നിർമ്മാണം, വിൽപന, മറ്റ് ലഹരി വസ്തുക്കളുടെ വിൽപന, ഉപയോഗം എന്നിവ തടയുന്നതിന് ശക്തമായ നടപടിയെടുക്കാൻ യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ പി.കെ.സതീഷ് കുമാർ, കണ്ണൂർ സിറ്റി നർക്കോട്ടിക് സെൽ എ.സി.പി പി.രാജേഷ്, അസി. എക്‌സൈസ് കമ്മീഷണർ കണ്ണൂർ പി.സജിത് കുമാർ, അസി.എക്‌സൈസ് കമ്മീഷണർ വിമുക്തി ഡി അരുൺ, സർക്കിൾ ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

ഓണത്തോടനുബന്ധിച്ചുള്ള ലഹരി പരിശോധന ശക്തമായി തുടരും .ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങളാണ് വിമുക്തിയുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പ് നടത്തിവരുന്നത്.

പി. കെ. സതീഷ് കുമാർ,ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ