സ്പെഷ്യലാണ് ഈ കണ്ടൽ തേൻ പ്രൊജക്ടിനായി ശേഖരിച്ച് ബിരുദ വിദ്യാർത്ഥികൾ

Wednesday 27 August 2025 10:00 PM IST

പാപ്പിനിശ്ശേരി: കണ്ടൽ വനമേഖലയിലെ പുഷ്പങ്ങളിൽ നിന്നും തേനീച്ചകൾ സംഭരിക്കുന്ന കണ്ടൽ തേൻ ശേഖരിച്ച് പാപ്പിനിശ്ശേരി എം.വി.ആർ ഇൻസ്റ്റിറ്റ്യൂട്ടിലെ ബിരുദ വിദ്യാർത്ഥികൾ. ബി.എസ്.സി ബോട്ടണി വിഭാഗത്തിലെ അദ്വൈത് രഞ്ജിത്ത്, സി.എസ്. അർച്ചന, ആശ്രയ എന്നിവരാണ് പഠന സംബന്ധമായ പ്രൊജക്ടിന്റെ ഭാഗമായി കണ്ടൽതേൻ ശേഖരിച്ചത്. കണ്ടൽ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രത്യേക വാർഷിക പദ്ധതി ആവിഷ്‌ക്കരിച്ച പാപ്പിനിശ്ശേരി പഞ്ചായത്തിനെയാണ് ഇവർ പ്രൊജക്ടിനായി സമീപിച്ചത്. വളപട്ടണം പാലത്തിന് സമീപത്തെ സമൃദ്ധമായ കണ്ടൽ വനമേഖലയിൽ തേനീച്ചകളുടെ രണ്ട് കൂടുകൾ സ്ഥാപിച്ചാണ് ഇവർ തേൻ ശേഖരിച്ചത്. ഒരു കൂട്ടിൽ നിന്നുള്ള രണ്ട് അറകളിൽ നിന്നായി ഒരു കിലോഗ്രാം തേൻ ഇവർക്ക് ലഭിച്ചു. തേനീച്ചകളുടെ പ്രത്യുല്പാദന സമയങ്ങളിൽ കൂടുതൽ അളവിൽ തേൻ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

വിദ്യാർത്ഥികൾക്ക് പ്രൊജക്ടിനായി എല്ലാ പിന്തുണയും നൽകിയതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പ്രദീപ് കുമാറും വാർഡ് മെമ്പർ സി.എച്ച്. അബ്ദുൾ സലാമും പറഞ്ഞു.

ഭൗമസൂചികാ പദവിക്കായി ശ്രമം

കണ്ടലുകൾക്ക് പേരുകേട്ട പാപ്പിനിശ്ശേരിയിൽ കണ്ടൽ തേനിന്റെ പേരിൽ ഭൗമസൂചിക പദവി ലഭ്യമാക്കുന്നതിനുള്ള സാദ്ധ്യത തേടുകയാണ് ഗ്രാമപഞ്ചായത്ത്. ഇത്തരം തേനിന് പുതിയ ബ്രാൻഡ് നൽകുന്നത് ഭൗമ സൂചികപദവി ലഭ്യമാക്കുന്നതിന് സഹായമാകുമെന്നാണ് ഭരണസമിതിയുടെ വിലയിരുത്തൽ. ഇതിനായുള്ള പരിശ്രമത്തിലാണ് പഞ്ചായത്ത് ജൈവവൈവിദ്ധ്യസമിതി.

ഉപ്പുകലർന്ന രുചിക്കൂട്ട്

ഉപ്പിട്ട രുചിയും നേരിയ ഉന്മേഷദായകമായ രുചിയുമുള്ള ഒരു സവിശേഷ തരം തേനാണ് കണ്ടൽ തേൻ.ഉഷ്ണമേഖലാ കാലാവസ്ഥയിൽ ഉത്പാദിപ്പിക്കപ്പെടുന്ന തേൻ ഇനമാണിത്. കണ്ടൽ മരങ്ങൾ ഉപ്പുവെള്ള അന്തരീക്ഷത്തിലാണ് വളരുന്നത് എന്നതാണ് ഉപ്പുരസത്തിന് പിന്നിൽ, ബട്ടർസ്‌കോച്ചിനോ ലൈക്കോറൈസിനോ സമാനമായി ഇതിനെ വിശേഷിപ്പിക്കാം.കട്ടിയുള്ളതും ഇളം തവിട്ടുനിറത്തിലുള്ളതുമായ തേനാണിത്. ഉയർന്ന അളവിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ആന്റി ബാക്ടീരിയൽ, ആന്റിവൈറൽ ഗുണങ്ങൾ കണ്ടൽതേനിനുണ്ട്.സമുദ്രവിഭവങ്ങൾ അല്ലെങ്കിൽ കോക്ടെയിലുകൾ മധുരമാക്കാൻ ഇത് പലപ്പോഴും ഉപയോഗിക്കുന്നു