ഓണക്കാലത്ത് കണ്ണൂരിൽ നിന്ന് അധിക ആഭ്യന്തര വിമാനസർവീസുകൾ

Wednesday 27 August 2025 10:11 PM IST

ഡൽഹി -കണ്ണൂർ സെക്ടറിൽ പ്രതിദിന സർവീസ്

മട്ടന്നൂർ: ഓണക്കാലത്ത് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും അധിക ആഭ്യന്തര സർവീസുകൾ നടത്തും. ഹൈദരാബാദ്കണ്ണൂർ സെക്ടറിൽ ഇൻഡിഗോ ആഴ്ചയിൽ മൂന്ന് അധിക സർവീസ് തുടങ്ങും.രാവിലെ 10.15 ന് ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.20ന് കണ്ണൂരിൽ എത്തും. തിരികെ 12.40ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 2.40 ന് ഹൈദരാബാദിൽ എത്തിച്ചേരും. ഡൽഹി കണ്ണൂർ സെക്ടറിൽ മൂന്നു സർവീസുണ്ടായിരുന്നത് ദിവസേനയാക്കി ഉയർത്തും.ഡൽഹിയിൽ നിന്ന് രാത്രി 8.25 ന് പുറപ്പെട്ട് 11.25 ന് കണ്ണൂരിൽ എത്തും. കണ്ണൂരിൽ നിന്ന് രാത്രി 11.55 ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.10 ന് ഡൽഹിയിൽ എത്തും. സെപ്തംബർ 15 മുതലാണ് ഡൽഹിയിലേക്ക് പ്രതിദിന സർവീസുകൾ തുടങ്ങുന്നത്. ബാംഗ്ളൂരുവിലേക്ക് പുതിയ പ്രതിദിനസർവീസ് എയർ ഇന്ത്യ എക്സ്പ്രസ് സെപ്തംബർ ഒന്നുമുതൽ ബംഗളുരുവിലേക്ക് പുതിയ പ്രതിദിന സർവീസ് ആരംഭിക്കും. രാവിലെ 8.55 ന് ബാംഗളുരുവിൽ നിന്ന് പുറപ്പെട്ട് 10 ന് കണ്ണൂരിൽ എത്തും. രാവിലെ 10.35ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 11.45 ന് ബെംഗളുരുവിൽ എത്തും. ഒപ്പം ബെംഗളുരുവിനെ ഒരു ട്രാൻസിറ്റ് ഹബ്ബായി ഉപയോഗിച്ച് അഹമ്മദാബാദ്, പൂനെ, മുംബൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലേക്ക് കണക്ടിവിറ്റി വർദ്ധിപ്പിക്കും. കണ്ണൂർ മുംബൈ സെക്ടറിൽ 186 സീറ്റുള്ള എ 320 വിമാനത്തിന് പകരം 232 സീറ്റുകളുള്ള എയർബസ് വിമാനം ഉപയോഗിക്കും.