ഓണവിപണിയിൽ ചെങ്ങാലിക്കോടൻ കിട്ടാക്കനി

Thursday 28 August 2025 12:00 AM IST

എരുമപ്പെട്ടി: ഓണവിപണിയിൽ 'താര'മായ ചെങ്ങാലിക്കോടൻ നേന്ത്രക്കുലകൾ കിട്ടാക്കനിയാകുന്നു. ജലസേചന സൗകര്യമുള്ള കൃഷിഭൂമിയില്ലാത്തതും കാലം തെറ്റിയ മഴയും വന്യമൃഗ ശല്യവുമാണ് വിപണിയിൽ വില്ലനായത്. അത്തം മുതൽ കിലോഗ്രാമിന് വില എഴുപതിൽ നിന്നും തൊണ്ണൂറായെങ്കിലും വിൽപ്പനയ്ക്ക് കുല വെട്ടാനില്ലാത്തതിനാൽ കർഷകർ പ്രതിസന്ധിയിലാണ്. വാഴാനി പുഴയുടെ തീരത്തെ കൃഷി ഭൂമിയിൽ വെള്ളം കയറി വാഴകൾ മറിഞ്ഞു വീഴുന്നതിനാൽ മേയ് ജൂൺ മാസങ്ങളിൽ ചെറിയ വിലയ്ക്ക് കുല വെട്ടി വിറ്റു. ചെങ്ങാലിക്കോടൻ ബനാന ഗ്രോവേഴ്‌സ് അസോസിയേഷനിലെ മൊത്തം കർഷകർ വെച്ച പതിനായിരകണക്കിന് വാഴ കന്നുകളിൽ കാട്ടുപന്നി ശല്യവും പിണ്ടി രോഗവും മഴയും മൂലം പകുതിയോളം നശിച്ചു.

മൂല്യവർദ്ധിത ഉത്പന്നങ്ങളേറെ, പക്ഷേ...

കഴിഞ്ഞ മൂന്നുവർഷക്കാലമായി എരുമപ്പെട്ടി പഞ്ചായത്തിലെ ഭിന്നശേഷി കുടുംബശ്രീ സംരംഭമായ ജനനി ജെ.എൽ.ജി. ഗ്രൂപ്പ് ചെങ്ങാലിക്കോടൻ കായവറവ്, ശർക്കര വരട്ടി, നാലു വറവ് എന്നിവ ഓണത്തിന് വിൽപ്പന നടത്തുന്നുണ്ട്. ബനാന ഗ്രോവേഴ്‌സ് അസോസിയേഷനും ഇത്തവണ ചെങ്ങാലിക്കോടൻ കായവറവുകൾ ചെയ്യുന്നുണ്ട്. മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടെങ്കിലും ആവശ്യത്തിന് നേന്ത്രക്കായ കിട്ടാത്തത് പ്രതിസന്ധിയാവുകയാണ്.

കാഴ്ചക്കുലയ്ക്കും ക്ഷാമം

പ്രത്യേക പരിചരണം നൽകി ഒരുക്കിയെടുക്കുന്ന ചെങ്ങാലിക്കോടൻ നേന്ത്രവാഴക്കുലകളാണ് കാഴ്ചക്കുലകൾ. ഓണവിപണിയെ ലക്ഷ്യമാക്കി മാത്രമാണ് കാഴ്ചക്കുലകൾ ഒരുക്കുന്നത്. ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പണം നിലവിലുള്ളതിനാൽ കേച്ചേരി മാർക്കറ്റിലും കുന്നംകുളം മാർക്കറ്റിലുമാണ് ഏറ്റവും നല്ല കാഴ്ചക്കുലകൾ എത്തുക. കാഴ്ചക്കുലകളൊരുക്കുന്നതിന് കർഷകർ 50 ഓളം വാഴകൾ മാത്രമെ കൃഷി ചെയ്യാറുള്ളൂ. ചെങ്കൽ മണ്ണുള്ള പ്രദേശത്ത് കുഴിയെടുത്ത് മണ്ണിൽ തീയിട്ട ശേഷം ആണ് വാഴക്കന്നുകൾ നടുക. ഓണം ചിങ്ങം ആദ്യമെങ്കിൽ വലിയ കന്നും, അവസാനമാണെങ്കിൽ ചെറിയ കന്നും ആണ് നടാൻ ഉപയോഗിക്കുന്നത്. എല്ലാ ആഴ്ച്ചയിലും ജൈവവളപ്രയോഗം നടത്തലും ചുട്ട മണ്ണ് കടയ്ക്കലിടലും ഒന്നിടവിട്ട ദിവസങ്ങൾ ജലസേചനവും ചാരം ചേർക്കലും എല്ലാം പ്രത്യേകമായി ചെയ്താണ് കാഴ്ചക്കുലകൾ ഒരുക്കുകന്നത്. നല്ല കരച്ചന്തമുള്ള കായകൾ ഉണ്ടാക്കുന്നതിനായി കുലകളെ പൊതിഞ്ഞു കെട്ടും. കായ്കൾ ഉഴിഞ്ഞ് ആകൃതി വരുത്തലും ചെയ്യാറുണ്ട്. 7 മുതൽ 9 പടലകളുള്ള കുലകളാണ് ലക്ഷണമൊത്ത കാഴ്ചക്കുലകൾ.

ചെങ്ങാലിക്കോടൻ ബനാന ഗ്രോവേഴ്‌സ് അസോസിയേഷനിൽ അംഗങ്ങൾ: 45

കൃഷിഭവൻ വഴി വിതരണം ചെയ്യുന്നത്: ഒരു ഗുണഭോക്താവിന് 25 വാഴക്കന്നുകൾ

കൃഷിയിറക്കാൻ കൂടുതൽ കരഭൂമിയും ജലസേചനസൗകര്യവും ലഭ്യമാക്കണം. ഇല്ലെങ്കിൽ വരും വർഷങ്ങളിൽ ചെങ്ങാലിക്കോടൻ കൃഷി പ്രതിസന്ധിയിലാകും.

കുട്ടൻ കുറുപ്പുവീട്ടിൽ, എക്‌സി.അംഗം, അസോസിയേഷൻ