റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കണ്ടെത്തി, ഉപേക്ഷിക്കപ്പെട്ട നിലയിൽ അഞ്ച് കിലോ
Thursday 28 August 2025 3:33 AM IST
കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ അഞ്ച് കിലോ കഞ്ചാവ് കണ്ടെത്തി. ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലെ പാഴ്‌സൽ ഓഫീസിന് മുന്നിലുള്ള ഇരിപ്പിടത്തിൽ നിന്നാണ് വൈകിട്ട് 5.30ഓടെ ആർ.പി.എഫും റെയിൽവേ പൊലീസും നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെടുത്തത്. ബാഗിനുള്ളിൽ പൊതികളായാണ് സൂക്ഷിച്ചിരുന്നത്. പരിശോധന കണ്ട് ഭയന്ന് ആരെങ്കിലും ഉപേക്ഷിച്ചതാകാമെന്നാണ് സൂചന.
ഓണക്കാലമായതോടെ ട്രെയിൻവഴിയുള്ള കഞ്ചാവ് കടത്ത് വ്യാപകമാണ്. എറണാകുളം നോർത്ത്- സൗത്ത് റെയിൽവേ സ്‌റ്റേഷനുകളിൽ നിന്ന് സമീപകാലത്ത് ഒന്നിലേറെത്തവണ കഞ്ചാവ് കണ്ടെത്തിയിരുന്നു. ഓണക്കാലത്തെ വിതരണത്തിനായാണ് കഞ്ചാവെത്തിച്ചതെന്നാണ് നിഗമനം.