സലാം, ഓടിയെത്തും കുർബാനയർപ്പിക്കാൻ

Thursday 28 August 2025 12:00 AM IST

മാള: പുലർച്ചെ ആറ്. കോട്ടയ്ക്കൽ സെന്റ് തെരേസാസ് മഠത്തിന് മുന്നിലുണ്ട് 'അമാൻ' എന്ന ആ ഓട്ടോ. മഠത്തിലെ കാര്യത്തിൽ അണുവിട തെറ്റില്ല അമാനും ഡ്രൈവർ പൂവത്തിങ്കൽ സലാമിനും. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ സ്ഥാപിച്ച ഈ മഠത്തിൽ നിന്നും പുരോഹിതനെ കാർമൽ കോളേജിലെ ചാപ്പലിലെ കുർബാനയ്‌ക്കെത്തിക്കുക എന്നതാണ് സലാമിന്റെ ദിനചര്യ.

അതിനാൽ കാർമ്മൽ കോളേജിലെ ചാപ്പലിലെ കുർബാനയുടെ സമയം ഈ ഓട്ടോക്കാരന് ഹൃദിസ്ഥം. തെരേസാസ് മഠവുമായുള്ള കൃത്യനിഷ്ഠയുടെയും വിശ്വസ്തതയുടെയും നാല് പതിറ്റാണ്ടിന്റെ കഥയാണ് സലാമിന്റെയും അദ്ദേഹത്തിന്റെ ഓട്ടോയുടേതും. 1985ൽ അദ്ധ്യാപകനായ ഇട്ടിക്കുരു മാസ്റ്ററാണ് ഈ ദൗത്യം സലാമിനെ ഏൽപ്പിച്ചത്. തുടക്കത്തിൽ മാള മഠത്തിലേക്കായിരുന്നു യാത്ര.

പിന്നീട് കാർമ്മൽ കോളേജിലേക്കായി യാത്ര. മഴയോ വെയിലോ സലാമിന്റെ യാത്ര തടഞ്ഞില്ല. നാല് പതിറ്റാണ്ടിനിടയിൽ എത്രയെത്ര പുരോഹിതന്മാർ. ഇന്നും സലാമും അദ്ദേഹത്തിന്റെ ഓട്ടോയും മാറ്റമില്ലാതെ സേവനം തുടരുന്നു. ഇപ്പോൾ ജോർജ് ചക്കാലക്കൽ അച്ചനാണ് സലാമിന്റെ ഓട്ടോയിൽ കുർബാനയ്ക്കായെത്തുന്നത്. കുമ്പസാരമുള്ള ദിവസങ്ങളിൽ ഫാദർ ജെയിനാകും വരിക. സലാമിന്റെ വിശ്വസ്തതയും നന്മയും അച്ചന്മാർക്കും കന്യാസ്ത്രീകൾക്കും ഒരു പോലെ പ്രിയപ്പെട്ടതാണ്. ആ സ്‌നേഹമാണ് മദർ സിസ്റ്റർ ശാന്തിയുടെ കരുതലായി സലാമിന് കൂരയൊരുക്കിയത്. പക്ഷേ വീട് പണിയാൻ സഹായിച്ച സിസ്റ്റർ കൊവിഡ് കാലത്ത് മരിച്ചപ്പോൾ കാണാനാകാഞ്ഞത് ഇന്നും ദു:ഖമായി അവശേഷിക്കുന്നു. സലാമിന്റെ ജീവിതത്തിൽ മറക്കാൻ സാധിക്കാത്ത മറ്റൊരു വ്യക്തിയാണ് മാള ഗവ. ഹോസ്പിറ്റലിലെ ഡോക്ടറായിരുന്ന സലാം. അദ്ദേഹമാണ് 1984ൽ സാമ്പത്തിക സഹായം നൽകി ലോണെടുത്ത് ഓട്ടോ വാങ്ങാനും വീട് പണിയാനും മകളുടെ വിവാഹത്തിനും സഹായിച്ചത്. ഭാര്യ : സൽമ. മക്കൾ : ഐഷ, അദീപ്, അൻവർ.