സമയം മെനക്കെടേണ്ട, ഇതാ റെഡിമെയ്ഡ് പൂക്കളം റെഡി !
തൃശൂർ: തുമ്പയും തെച്ചിയും കാക്കപ്പൂവും അന്യം നിൽക്കുന്ന കാലത്ത്, ജമന്തിക്കും ചെണ്ടുമല്ലിക്കും വാടാമല്ലിക്കും വില റോക്കറ്റേറുന്ന ഓണക്കാലത്ത് മെനക്കേട് ഇല്ലാതെ ഒരു റെഡിമെയ്ഡ് പൂക്കളം..! തൃശൂർ പാറളം വെങ്ങിണിശ്ശേരി പട്ടാലി വീട്ടിൽ ദിൽകുമാറാണ് ഓണക്കാലത്തെ സമയലാഭത്തിന് റെഡിമെയ്ഡ് പൂക്കളം ഒരുക്കുന്നത്. വിപണിയിലും ലഭ്യമാണ് ഈ പരിസ്ഥിതി സൗഹൃദ പൂക്കളം. തുണി കൊണ്ട് പരിസ്ഥിതി സൗഹൃദമായാണ് പൂക്കള നിർമ്മാണം.
ജമന്തി, വാടാമല്ലി, അരളി, ഉണ്ടമല്ലി, ചെമ്പരത്തി തുടങ്ങി ആറ് പൂക്കളുടെ വർണത്തിലാണ് പൂക്കളം. ഒന്നരയടി വ്യാസത്തിലാണ് സാധാരണയായി വീട്ടിലേക്കുള്ള പൂക്കളം തയ്യാറാക്കുന്നത്. നിറത്തിലും ആകൃതിയിലും സൗകുമാര്യമുള്ള കൃത്രിമപ്പൂക്കൾ പ്രത്യേക ഫോമിൽ ഒട്ടിച്ചുചേർത്താണ് നിർമ്മിക്കുന്നത്. തിരുവാതിരക്കളി പോലുള്ള പ്രത്യേക സന്ദർഭങ്ങൾക്കായി നാലടി വ്യാസത്തിലുള്ള പൂക്കളവും ദിൽകുമാർ തയ്യാറാക്കി നൽകുന്നുണ്ട്. തൃശൂരിലെ മൊത്തവ്യാപാര സ്ഥാപനങ്ങളിലെല്ലാം ഇപ്പോൾ പൂക്കളമുണ്ട്. തൃശൂരിൽ മാത്രമല്ല, കോഴിക്കോടും മറ്റ് ജില്ലകളിലും ദില്ലിന്റെ പൂക്കളം ഇപ്പോൾ ഹിറ്റാണ്.
നാടൻ, പിന്നെ പരിസ്ഥിതി സൗഹൃദം
കളത്തിനാവശ്യമായ കൃത്രിമപ്പൂക്കൾ നിർമ്മിക്കാനുള്ള ചില വസ്തുക്കൾ ബംഗളൂരുവിൽ നിന്നും വരുത്തുന്നതൊഴിച്ചാൽ മറ്റുള്ളവയെല്ലാം നാട്ടിൽ നിന്ന് തന്നെയാണ് ശേഖരിക്കുന്നത്. വിവാഹ ആൽബങ്ങൾ സൂക്ഷിക്കുന്ന ബോക്‌സും പുറംചട്ടയും ഉൾപ്പെടെ നിർമ്മിച്ചു നൽകുന്ന കലാകാരനാണ് ദിൽ കുമാർ. ഈ വർഷം മുതലാണ് കൃത്രിമപ്പൂക്കളം തയ്യാറാക്കിയത്. ചുരുങ്ങിയ നാളുകൾക്കുള്ളിൽ ആയിരത്തോളം റെഡിമെയ്ഡ് പൂക്കളമാണ് ഒരുക്കി നൽകിയത്. പൂക്കളം നിർമ്മാണത്തിൽ ദിൽകുമാറിന് സഹായത്തിനായി ഭാര്യ അമൃതയും ഭാര്യാസഹോദരന്റെ ഭാര്യ ശിവപ്രിയയുമുണ്ട്. പൂക്കളം നിർമ്മാണം അടുത്തവർഷം കൂടുതൽ വ്യാപകമാക്കാനാണ് പദ്ധതി.
തിരക്കുള്ള ഇക്കാലത്ത് പരിസ്ഥിതി സൗഹൃദമായി നിർമ്മിച്ച പൂക്കളം ഉപകാരമാകും. ഈ ഓണക്കാലത്ത് തുടങ്ങിയ പൂക്കളം നിർമ്മാണം ഇതിനകം ഹിറ്റാണ്. അടുത്ത വർഷം കൂടുതൽ വ്യാപകമാക്കും.
ദിൽകുമാർ കലാകാരൻ.