'കുറ്റസമ്മതം നടത്തിയിട്ടില്ല, മകന്റെ സർക്കാർ ജോലി കളയുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി '
അബൂബക്കറിനെ കൊലപാതകിയാക്കി 6 നാൾ ജയിലഴിക്കുള്ളിലാക്കി പൊലീസ്
ആലപ്പുഴ : 'ഞാൻ മരിച്ചാലും മകന് ജീവിക്കണ്ടേ...' പൊലീസ് ആദ്യം കൊലപാതകക്കുറ്റം ചുമത്തിയതിനെത്തുടർന്ന് ജയിലിലടക്കപ്പെട്ട് ഇന്നലെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അബൂബക്കറിന്റെ ആദ്യ പ്രതികരണമാണിത്. താൻ കുറ്റസമ്മതം നടത്തിയിട്ടില്ലെന്നും മകന്റെ സർക്കാർ ജോലി കളയുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും അബൂബക്കർ വെളിപ്പെടുത്തി.
തോട്ടപ്പള്ളി ഒറ്റപ്പനയിൽ തനിച്ച് താമസിച്ചുവന്ന 60കാരി കൊല്ലപ്പെട്ട കേസിലാണ് അമ്പലപ്പുഴ പൊലീസ് മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തൻവീട്ടിൽ അബൂബക്കറിനെ (68)
അറസ്റ്റ് ചെയ്തത്.എന്നാൽ കൊലപാതകം നടത്തിയത് അബൂബക്കറല്ലെന്നും സ്ത്രീയുടെ വീടിന് സമീപം മുമ്പ് താമസിച്ചിരുന്ന സൈനുലാബ്ദീനും ഭാര്യ അനീഷയുമാണെന്ന് പിന്നീട് കണ്ടെത്തുകയും അവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതോടെ കൊലപാതകക്കുറ്റത്തിൽ നിന്ന് അബൂബക്കറിനെ ഒഴിവാക്കി. ബലാത്സംഗക്കുറ്റം നിലനിറുത്തുകയും ചെയ്തു.
ഇന്നലെ കോടതിയിൽ നിന്ന് ജാമ്യംലഭിച്ച അബൂബക്കർ വൈകിട്ട് 6 മണിയോടെയാണ് ജയിൽമോചിതനായത്. ജയിലിന്റെ ഇരുമ്പുഗേറ്റ് കടന്നെത്തിയ പിതാവിനെ മകൻ കെ.എസ്.ഇ.ബി ലൈൻമാനായ മുഹമ്മദ് റാഷിം കെട്ടിപ്പിടിച്ച് കരഞ്ഞു. പൊലീസ് മർദ്ദിച്ചില്ലെന്ന് അബൂബക്കർ വെളിപ്പെടുത്തി.
ആദ്യം കൊലപാതകക്കുറ്റവും പിന്നീട് ബലാത്സംഗക്കുറ്റവും ചുമത്തിയ പൊലീസ് ആറ് ദിവസമാണ് അബൂബക്കറിനെ ജയിലിൽ കിടത്തിയത്. കേസിൽ ഇയാളെ പ്രതിചേർക്കാനുള്ള യാതൊരു തെളിവുകളും കോടതിയിൽ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. കുറ്റസമതമൊഴിയുണ്ട് എന്ന ഒറ്റവാദമല്ലാതെ കുറ്റം സാധൂകരിക്കുന്ന തെളിവൊന്നും പൊലീസിന്റെ പക്കലില്ല. ഇതോടെയാണ് ജാമ്യം ലഭിച്ചത്. ശാസ്ത്രീയ പരിശോധനാഫലങ്ങൾ ഇനിയും വരേണ്ടതുണ്ട്. കൊല്ലപ്പെട്ട സ്ത്രീയും അബൂബക്കറും തമ്മിൽ ദീർഘകാലബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. അങ്ങനെയെങ്കിൽ പീഡനക്കുറ്റം എങ്ങനെ നിലനിൽക്കും എന്ന ചോദ്യവും ആദ്യം മുതൽക്കേ ഉയർന്നിരുന്നു. താൻ സ്ത്രീയുടെ വീട്ടിൽ പോയെന്ന് അബൂബക്കർ പറഞ്ഞതല്ലാതെ ദൃക്സാക്ഷികളില്ല. അബൂബക്കറിന് കോടതി നിരുപാധിക ജാമ്യമാണ് അനുവദിച്ചത്. വരുംദിവസങ്ങളിൽ ചോദ്യം ചെയ്യണമെങ്കിൽ മുൻകൂർ നോട്ടീസ് നൽകിയിരിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുമുണ്ട്.