ജലമേളയ്ക്കൊരുങ്ങി പുന്നമട
ആലപ്പുഴ : പുന്നമടക്കായലിൽ ജലരാജാക്കൻമാരുടെ പോരാട്ടത്തിന് നയമ്പ് വീഴാൻ ഇനി ഒരു നാൾ അകലം മാത്രം. തന്ത്രങ്ങളെല്ലാം പയറ്റി ബോട്ട് ക്ളബുകൾ പോരാട്ടത്തിനൊരുങ്ങി കഴിഞ്ഞു. ലോകമെങ്ങും നിന്നെത്തുന്ന വള്ളംകളി പ്രേമികളെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങുകയാണ് പുന്നമടയും പരിസരവും.
ഗ്യാലറിയുടെ നിർമ്മാണ പ്രവൃത്തികൾ 90 ശതമാനം പിന്നിട്ടു. ട്രാക്കിൽ പോളുകൾ നാട്ടുന്ന ജോലിയാണ് പ്രധാനമായും ശേഷിക്കുന്നത്. ഇന്ന് കൂടി ക്ലബ്ബുകൾ പരിശീലനം നടത്തും. നാളെ വിശ്രമത്തിന്റെ ദിനമാണ്. ടിക്കറ്റ് വിൽപ്പനയും, സ്പോൺസർമാരുടെ സഹായവും ചേർത്ത് 5 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
ഇത് സാദ്ധ്യമായാൽ പതിവുപോലെ സമ്മാനത്തുക വൈകുന്ന പ്രവണതയ്ക്ക് അവസാനമാകും. വള്ളങ്ങൾക്കുള്ള ബോണസ് തുകയുടെ വിതരണം ഇന്നലെ ആരംഭിച്ചു. ചുണ്ടന് ഒരുലക്ഷവും, മറ്റ് വള്ളങ്ങൾക്ക് 25000 രൂപ വീതവുമാണ് അഡ്വാൻസായി നൽകുന്നത്. ഇന്നും നാളെയുമായി ജഴ്സികളുംനമ്പർ പ്ലേറ്റുകളും വിതരണം ചെയ്യും. മത്സരങ്ങൾ പരിപൂർണ്ണമായും സുതാര്യമായ രീതിയിൽ നടത്തുന്നതിന് വള്ളംകളി സംരക്ഷണ സമിതി ജില്ലാ കളക്ടർക്ക് അഭിപ്രായങ്ങളടങ്ങിയ അപേക്ഷ നൽകി.
'തുഴത്താളം' ചിത്രപ്രദർശനം
നെഹ്‌റുട്രോഫി വള്ളംകളിയുടെ ആവേശം പകരുന്ന മാസ്മരിക നിമിഷങ്ങളും കുട്ടനാടൻ ജിവിതത്തിന്റെ മനോഹാരിതയും പകർത്തിയ ചിത്രപ്രദർശനത്തിന് മജീഷ്യൻ സാമ്രാജിന്റെ മാജിക്കോടെ തുടക്കമായി. എൻ.ടി.ബി.ആർ സൊസൈറ്റിയും ആലപ്പുഴ പ്രസ് ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച 'തുഴത്താളം' ഫോട്ടോ പ്രദർശനം കേരള ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിലാണുള്ളത്. കേരളകൗമുദി ഫോട്ടോഗ്രാഫർമാരായ വിഷ്ണു കുമരകം, മഹേഷ് മോഹൻ എന്നിവരുടേതടക്കം എഴുപതോളം ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്.