60കാരിയുടെ കൊലപാതകം : അബൂബക്കറിന് ജാമ്യം

Thursday 28 August 2025 12:48 AM IST

ആലപ്പുഴ; തോട്ടപ്പള്ളിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 60 കാരിയുടെ കൊലപാതകത്തിൽ പൊലിസ് കൊലപാതകക്കുറ്റം ചുമത്തി ആദ്യം അറസ്റ്റ് ചെയ്ത മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തൻവീട്ടിൽ അബൂബക്കറിന് (68) കോടതി ജാമ്യം അനുവദിച്ചു. ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് ബാലചന്ദ്രനാണ് ജാമ്യം അനുവദിച്ചത്. യഥാർത്ഥ പ്രതികൾ അറസ്റ്റിലായതിന് പിന്നാലെ അബൂബക്കറിനെതിരെ ചുമത്തിയ കൊലക്കുറ്റം ഒഴിവാക്കി പൊലിസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ബലാത്സംഗകുറ്റവും, വീട്ടിൽ അതിക്രമിച്ചുകയറിയെന്ന കുറ്റവും അബൂബക്കറിനെതിരെ നിലനിൽക്കുമെന്നായിരുന്നു പൊലീസ് വാദം. എന്നാൽ അതിനെ സാധൂകരിക്കുന്ന തെളിവുകൾ പ്രോസിക്യൂഷന് കോടതിയിൽ ഹാജരാക്കാൻ സാധിച്ചില്ല. പ്രഥമദൃഷ്ട്യാ അബൂബക്കറിനെതിരെ തെളിവുകൾ ഇല്ലെന്ന് കോടതി കണ്ടെത്തി. തുടർന്നാണ് ജാമ്യം അനുവദിച്ചത്. അബൂബക്കറിന് വേണ്ടി അഭിഭാഷകരായ അഡ്വ.കെ.നജീബ്, അഡ്വ.അഹ്സൻ നജ്മൽ, ആഡ്വ.ആന്റണി ജോർജ്ജ് എന്നിവർ ഹാജരായി