ഡോ.ബിജുവിന്റെ 'പപ്പ ബുക്ക' ഓസ്കാറിന്
തിരുവനന്തപുരം: ഡോ. ബിജു സംവിധാനം ചെയ്ത സിനിമ 'പപ്പ ബുക്ക' ഓസ്‌കാർ എൻട്രി നേടി. 2026ലെ മികച്ച വിദേശ സിനിമയ്ക്ക് പാപുവ ന്യൂഗിനിയുടെ ഔദ്യോഗിക എൻട്രിയാണ്.
ആദ്യമായാണ് ഈ രാജ്യം ഓസ്‌കാറിന് സിനിമ അയയ്ക്കുന്നത്. ഒരു ഇന്ത്യക്കാരൻ സംവിധാനം ചെയ്ത ചിത്രം മറ്റൊരു രാജ്യത്തിന്റെ ഔദ്യോഗിക എൻട്രിയാവുന്നതും ആദ്യം. ഇന്ത്യ– പാപുവ സംയുക്ത നിർമ്മാണമാണ്.
മൂന്നുവട്ടം ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുള്ള ഡോ. ബിജുവിന്റെ ചിത്രങ്ങൾ വിവിധ രാജ്യാന്തര ചലച്ചിത്രമേളകളിൽ അംഗീകാരം നേടിയിട്ടുണ്ട്.
പോർട്ട് മോറെസ്ബിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പാപുവ ന്യൂഗിനിയുടെ ടൂറിസം, സാംസ്‌കാരിക മന്ത്രി ബെൽഡൺ നോർമൻ നമഹ് ആണ് സിനിമ തിരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത്.
പാപുവ ന്യൂഗിനിയിലെ ഭാഷയായ ടോക് പിസിന് ഒപ്പം ഹിന്ദി, ബംഗാളി, ഇംഗ്ലിഷ് ഭാഷകളും ചിത്രത്തിലുണ്ട്. പ്രധാന കഥാപാത്രമായ പപ്പ ബുക്കയെ അവതരിപ്പിക്കുന്നത് ഗോത്രവംശജനായ 85കാരൻ സിനെ ബൊബോറൊയാണ്. പ്രശസ്ത ബംഗാളി നടി റിതാഭാരി ചക്രബർത്തി, മലയാളി നടൻ പ്രകാശ് ബാരെ എന്നിവരും ചിത്രത്തിലുണ്ട്. മൂന്നു തവണ ഗ്രാമി പുരസ്‌കാരം ലഭിച്ച റിക്കി കേജിന്റേതാണ് സംഗീതം. ഛായാഗ്രാഹണം യദു രാധാകൃഷ്ണൻ.
ഇതൊരു അപൂർവ ബഹുമതിയാണ്. വളരെ സന്തോഷം
- ഡോ. ബിജു