അടിമാലി- നത്തുകല്ല്, ചേലച്ചുവട്- വണ്ണപ്പുറം റോഡുകളുടെ നവീകരണത്തിന് ടെൻഡർ
ചെറുതോണി: അടിമാലി- നത്തുകല്ല്, ചേലച്ചുവട്- വണ്ണപ്പുറം റോഡുകൾ ബി.എം ആൻഡ് ബി.സി നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ടെൻഡർ നടപടികൾ ആരംഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. താത്പര്യമുള്ളവർക്ക് അടുത്ത മാസം എട്ട് വരെ ടെൻഡറിൽ പങ്കെടുക്കാം. 10ന് തിരുവനന്തപുരത്തുള്ള കെ.ആർ.എഫ്.ബി പ്രോജക്ട് ഓഫീസിൽ ടെക്നിക്കൽ ബിഡ് പരിശോധിക്കും. ടെക്നിക്കൽ സാങ്ഷൻ കമ്മിറ്റിയാണ് ഇതു പരിശോധിക്കുക.
തുടർന്ന് ഫിനാൻസ് ബിഡ് ഓപ്പൺ ചെയ്യും. പരിശോധനയിൽ യോഗ്യരായവരിൽ നിന്ന് സർക്കാരിന്റെ ടെൻഡർ അപ്രൂവൽ കമ്മിറ്റി തിരഞ്ഞെടുക്കുന്ന കരാറുകാരന് സെലക്ഷൻ നോട്ടീസ് നൽകും. കരാറുകാരന് നോട്ടീസ് ലഭിച്ചു കഴിഞ്ഞാൽ ഒരു മാസത്തിനുള്ളിൽ കരാർ ഒപ്പിട്ടു നിർമാണം ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഇരു റോഡുകളും ഉന്നത നിലവാരത്തിൽ പുനർ നിർമിക്കുന്നതിനായി 107.07 കോടി രൂപയാണ് കിഫ്ബി മുഖേന അനുവദിച്ചത്. ചേലച്ചുവട്- വണ്ണപ്പുറം റോഡിന് 52.01 കോടിയും നത്തുകല്ല് അടിമാലി റോഡിന് 55.06 കോടി രൂപയുടെയും ധനാനുമതിയാണ് നൽകിയിട്ടുള്ളത്. കിഫ്ബിയുടെ കീഴിലുള്ള കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) മുഖേനയാണ് നിർമ്മാണം നടത്തുന്നത്.