ജഡ്‌ജിയെ സ്വാധീനിക്കാൻ ശ്രമം: അന്വേഷണത്തിന് സുപ്രീംകോടതി
ന്യൂഡൽഹി: കേസിൽ പ്രത്യേക കക്ഷിക്ക് അനുകൂലമായി ഉത്തരവിടണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ഉന്നത ജുഡിഷ്യറിയിലെ ആദരണീയനായ ജഡ്‌ജി സമീപിച്ചുവെന്ന ദേശീയ കമ്പനി ലാ അപ്പലേറ്റ് ട്രൈബ്യൂണൽ ജഡ്‌ജിയുടെ വെളിപ്പെടുത്തലിൽ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടു. സുപ്രീംകോടതി സെക്രട്ടറി ജനറലിനാണ് അന്വേഷണചുമതല. ജഡ്‌ജിയെ തിരിച്ചറിയാനാണ് ശ്രമം. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി ഉണ്ടായേക്കും. ചെന്നൈ ബെഞ്ചിലെ ജുഡിഷ്യൽ അംഗം ജസ്റ്റിസ് ശരദ് കുമാർ ശർമ്മയാണ് ഗുരുതര വെളിപ്പെടുത്തൽ നടത്തിയത്. സ്വാധീനിക്കാൻ വിളിച്ച ജഡ്‌ജിയുടെ പേരും ഏതു കക്ഷിക്ക് വേണ്ടിയാണ് വിളിച്ചതെന്നും വെളിപ്പെടുത്തിയിട്ടില്ല. കെ.എൽ.എസ്.ആർ ഇഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്ന് പുറത്താക്കിയ ഡയറക്‌ടർ അട്ടലുരു ശ്രീനിവാസുലു റെഡ്‌ഡിയും എ.എസ് മെറ്റ് കോർപറേഷൻ പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറുകയും ചെയ്‌തിരുന്നു.
9 മാസത്തിനിടെ
മൂന്നാം തവണ
തന്നെ സ്വാധീനിക്കാൻ ശ്രമമുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒൻപത് മാസത്തിനിടെ മൂന്ന് തവണയാണ് കേസുകൾ പരിഗണിക്കുന്നതിൽ നിന്ന് ട്രൈബ്യൂണൽ ജഡ്‌ജി ശരദ് കുമാർ ശർമ്മ പിന്മാറിയത്. ഒരു കേസിൽ സ്വന്തം സഹോദരൻ സമീപിച്ചുവെന്ന് പറഞ്ഞ് 2024 നവംബറിലും മറ്റൊരു കേസിൽ എതിർകക്ഷികൾ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് കാട്ടി കഴിഞ്ഞ ജൂൺ 11നും പിന്മാറിയിരുന്നു. പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.