എം.ആർ.അജിത്‌കുമാറിനെതിരായ വിജി. കോടതി ഉത്തരവിന് സ്റ്റേ

Thursday 28 August 2025 12:21 AM IST

കൊച്ചി: എക്സൈസ് കമ്മിഷണറായ എ.ഡി.ജി.പി എം.ആർ. അജിത്‌കുമാറിന് അനധികൃത സ്വത്ത് കേസിൽ ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് തള്ളിക്കൊണ്ടുള്ള വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് വീണ്ടും പരിഗണിക്കുന്ന സെപ്തംബർ 12 വരെയാണ് സ്റ്റേ. ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജിത്‌കുമാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നടപടി. അന്വേഷണവും കോടതി നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളിൽ വിശദമായ വാദം കേൾക്കുമെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി.

എം.ആർ. അജിത്‌കുമാറിനെതിരെ വിജിലൻസിന് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിയത് ഡിവൈ.എസ്.പി റാങ്കിലുള്ള കീഴുദ്യോഗസ്ഥനാണ്. സല്യൂട്ട് ചെയ്യേണ്ടയാളെ എങ്ങനെ ചോദ്യം ചെയ്യാനാകുമെന്ന് കോടതി ചോദിച്ചു. അന്വേഷണം പ്രഹസനമാണെന്നാണ് പ്രഥമദൃഷ്ട്യാ വിലയിരുത്തുന്നതെന്നും വിശദവാദം കേൾക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെയാണ് വിജിലൻസ് കോടതി എ.ഡി.ജി.പിക്കെതിരെ തുടർനടപടിക്ക് നിർദ്ദേശിച്ചത്. ഉന്നത ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല. ഇക്കാര്യത്തിലും വാദം കേൾക്കേണ്ടതുണ്ടെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.

മുൻ എം.എൽ.എ പി.വി. അൻവർ ഹർജിയിൽ കക്ഷിചേരാൻ അപേക്ഷ നൽകി. വിജിലൻസ് കോടതി ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങൾ നീക്കാൻ നിർദ്ദേശിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക ഹർജി സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.