വനിത ഡോക്ടറെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി

Thursday 28 August 2025 1:33 AM IST

മലയിൻകീഴ്: വനിത ഡോക്ടറെ വീട്ടിൽ കയറി മർദ്ദിച്ചെന്ന പരാതിയിൽ വനിത സിവിൽ എക്സൈസ് ഓഫീസർക്കെതിരെ കേസ്. പൊറ്റയിൽ വി.എസ്.ഭവനിൽ ഡോ. പ്രത്യക്ഷ(34)യുടെ പരാതിയിൽ വനിത സിവിൽ എക്സൈസ് ഓഫീസർ വിനീതാ റാണിക്കെതിരെയാണ് മലയിൻകീഴ് പൊലീസ് കേസെടുത്തത്. പ്രത്യക്ഷയുടെ ബന്ധുവും അയൽവാസിയുമാണ് വിനീതാ റാണി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വിനിത വീട്ടിൽ അതിക്രമിച്ചു കടന്ന് ഡോക്ടറെ അസഭ്യം വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മുടിയിൽ കുത്തിപ്പിടിച്ച് വാതിലിൽ ഇടിക്കുകയും ചെയ്തുവെന്നാണ് പരാതി. വിനീതാറാണിയുടെ മകൻ സ്വകാര്യ മെഡിക്കൽ കോളേജിൽ അഡ്മിഷൻ നേടിയത് ഡോക്ടറുടെ നിർദേശപ്രകാരമാണെന്നും അതിലുള്ള വിരോധമാണ് മർദ്ദനത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.