കാട്ടാക്കട പോക്സോ കോടതി തീപിടിത്തം: പ്രതി ക്ലർക്ക് ശ്രീലാൽ
കാട്ടാക്കട: കാട്ടാക്കട അതിവേഗ പോക്‌സോ കോടതിയിലെ തീപിടിത്ത സംഭവത്തിൽ കോടതിയിലെ പിഴത്തുക അപഹരിച്ച കേസിൽ ജയിലിൽ കഴിയുന്ന സീനിയർ ക്ലർക്ക് ശ്രീലാലി(37)നെ പ്രതിചേർത്ത് കേസെടുത്തു. കഴിഞ്ഞ 13ന് രാത്രി 9 മണിയോടെയാണ് കോടതി മന്ദിരത്തിൽ നിന്നു പുകഉയരുന്നത് സമീപത്തെ വ്യാപാരികൾ കണ്ടത്. തുടർന്ന് കാട്ടാക്കട അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കി. പോക്‌സോ കോടതിയിൽ കേസിന്റെ നിർണ്ണായക രേഖകൾ സൂക്ഷിച്ചിരിക്കുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്. റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം നടത്തി. കോടതി ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷിച്ചതിൽ സംഭവദിവസം കോടതി ക്ലർക്ക് ശ്രീലാൽ മാത്രമാണ് കോടതി ഓഫീസിലും തീപിടിത്തമുണ്ടായ റൂമിലും ഉണ്ടായിരുന്നതെന്നും കണ്ടെത്തിയിരുന്നു. ഓൺലൈൻ ഗെയിമിംഗിലൂടെയും മറ്റും ലക്ഷക്കണക്കിന് രൂപ ശ്രീലാലിന് കടം ഉണ്ടായതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ശ്രീലാൽ കോടതിയിലെ പിഴത്തുകയായി കിട്ടിയ ഒരു ലക്ഷം രൂപ ട്രഷറിയിൽ അടയ്ക്കാതെ രേഖകളിൽ കൃത്രിമം കാണിച്ചതായ ജഡ്ജിയുടെ പരാതിയെ തുടർന്ന് ശ്രീലാലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഇതിനിടെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തിയതിൽ, കോടതിയിൽ തീപിടിത്തമുണ്ടായതിൽ കൂടുതൽ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശ്രീലാലിനെ പ്രതി ചേർത്തതെന്ന് കേസന്വേഷണം നടത്തിയ തിരുവനന്തപുരം റൂറൽ ജില്ലാ സി-ബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ. വിനുകുമാർ അറിയിച്ചു.
കാട്ടാക്കട എസ്.എച്ച്.ഒ മൃദുൽ കുമാർ,നെയ്യാർ ഡാംഎസ്.എച്ച്.ഒ ശ്രീകുമാരൻ നായർ, കാട്ടാക്കട സബ് ഇൻസ്പെക്ടർ മനോജ്, എ.എസ്.ഐ സജിത്ത്,സി-ബ്രാഞ്ച് എസ്.ഐ ടി.ഷാജി,എ.എസ്.ഐ ഷിനിലാൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രതീഷ്, സനീഷ്,ജിബിൻ,സുർജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.