ആര്യങ്കോട് പഞ്ചായത്തിലും ഒരുക്കാം മിനി ടൂറിസം

Thursday 28 August 2025 1:33 AM IST

വെള്ളറട: പ്രകൃതി കനിഞ്ഞരുളിയ നിരവധി പ്രദേശങ്ങൾ ഉൾപ്പെടുന്ന ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ മിനി ടൂറിസം പദ്ധതി നടപ്പിലാക്കിയാൽ പഞ്ചായത്ത് പ്രദേശത്തെ വികസനങ്ങൾക്കും സാദ്ധ്യതയേറും. പഞ്ചായത്തിലെ കിഴക്കൻമല,കോയിക്കൽ,പഴിഞ്ഞിപ്പാറ,കുറ്റിയായണിക്കാട് ചാനൽ പാലം തുടങ്ങിയ നിരവധി പ്രദേശങ്ങൾ പ്രകൃതിഭംഗി വേണ്ടോളം നുകരാം. മിനി ടൂറിസം പദ്ധതി ആരംഭിച്ച് ഈരാറ്റിൻപുറം അരുവിക്കര പദ്ധതികളുമായി ബന്ധപ്പെടുത്തി നടപ്പിലാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കീഴാറൂരിലെ പഴിഞ്ഞിപ്പാറയെ ചടയമംഗലം ജടായുപാറയുടെ മാതൃകയിൽ വികസിപ്പിക്കാൻ നടപടിയുണ്ടായാൽ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറാൻ ഏറെ സാദ്ധ്യതയാണുള്ളത്.

 തൊഴിലും വരുമാനവും

പാറശാല നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട ആര്യങ്കോട് ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കാൻ കഴിയും. പഞ്ചായത്തിന് നല്ലൊരു വരുമാവും നിരവധി പേർക്ക് തൊഴിലും ലഭിക്കും. സഞ്ചാരികളെ ആകർഷിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ടൂറിസം പ്രമോഷൻ കൗൺസിലുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയാൽ ടൂറിസ്റ്റുകൾ ഏറെ എത്തും. ഇപ്പോൾത്തന്നെ നിരവധി പേർ ഈരാറ്റിൻപുറം സന്ദർശിക്കാനെത്തുമ്പോൾ ഈ പ്രദേശങ്ങളും സന്ദർശിച്ചാണ് മടങ്ങുന്നത്.

 സാദ്ധ്യതകൾ ഏറെ

ടൂറിസത്തിന് സാദ്ധ്യതകൾ ഏറെയുണ്ടെങ്കിലും ടൂറിസ്റ്റുകൾക്ക് ആവശ്യമായ യാതൊരു സൗകര്യവും ഇവിടെയില്ല. പഞ്ചായത്തും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചൊലുത്തിയാൽ സർക്കാർ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറാകും. ചിറ്റാർനദി ഒഴുകുന്ന ആര്യങ്കോട് പഞ്ചായത്ത് പ്രദേശത്തുകൂടിയാണ് പഴിഞ്ഞിപ്പാറയിലെ കതളിവാഴചുനയും മാർത്താണ്ഡവർമ്മ മഹാരാജാവ് ഒളിച്ചിരുന്നുവെന്ന് പറയുന്ന ഗുഹയും മറ്റ് നിരവധി പ്രദേശങ്ങളും ഉള്ളത്.