ആളൊഴിഞ്ഞ വീട്ടിൽ പൂട്ടിയിട്ട വൃദ്ധരെ പൊലീസ് രക്ഷിച്ചു
ഉദിയൻകുളങ്ങര: നെയ്യാറ്റിൻകര മര്യാപുരത്ത് ലഹരി സംഘത്തെ തിരഞ്ഞെത്തിയ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ആളൊഴിഞ്ഞ വീട്ടിൽ പൂട്ടിയിട്ട രണ്ട് വൃദ്ധരെ മോചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് പിടികൂടി. ഉദിയൻകുളങ്ങര കരിക്കിൻവിള ഗ്രേസ് ഭവനിൽ സാമുവൽ തോമസ്, നെയ്യാറ്റിൻകര പുല്ലൂർക്കോണം മുട്ടയ്ക്കാട് സ്വദേശി ബിനോയ് അഗസ്റ്റിൻ,നെയ്യാറ്റിൻകര കൃഷ്ണ തൃപ്പാദത്തിൽ അഭിറാം,കമുകിൻകോട് ചീനി വിള പുത്തൻകരയിൽ വിഷ്ണു. എസ്. ഗോപൻ എന്നിവരെയാണ് പിടികൂടിയത്. പ്രദേശത്ത് ലഹരിസംഘങ്ങൾ സജീവമാണെന്ന് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കെത്തിയ ഇരുചക്ര വാഹനത്തെ പിന്തുടർന്നെത്തിയ സംഘം
ചെങ്കൽ ഉദിയൻകുളങ്ങര കൊച്ചോട്ടുകോണം കരിക്കിൻവിളയിലെ ആൾ പാർപ്പില്ലാത്ത വീടിന് മുന്നിലാണ് എത്തിനിന്നത്. ലഹരിസംഘം ഇവിടെയുണ്ടാകുമെന്ന സംശയത്തിൽ പൊലീസ് വീട് പരിശോധിച്ചപ്പോൾ പുറത്തുനിന്ന് പൂട്ടിയ വീട്ടിൽ ഫാൻപ്രവർത്തിക്കുന്ന ശബ്ദവും രക്ഷിക്കണെ എന്ന നിലവിളിയുമാണ് കേട്ടത്. ഉടൻതന്നെ എക്സൈസ് പൊലീസിനെ വിവരമറിയിക്കുകയും പൊലീസെത്തി വാതിൽ ചവിട്ടിത്തുറക്കുകയുമായിരുന്നു. ചങ്ങലക്ക് ബന്ധിപ്പിച്ച നിലയിൽ രണ്ട് വൃദ്ധരെയാണ് അകത്തുകടന്ന പൊലീസ് കാണുന്നത്. പുറത്തുനിന്ന് വാതിൽ തുറക്കാതിരിക്കാൻ മരക്കഷ്ണങ്ങൾ കൊണ്ട് കതക് അടിച്ചുറപ്പിച്ച നിലയിലായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കേരള -കർണാടക- അതിർത്തി ഗ്രാമമായ കൃഷ്ണഗിരി സ്വദേശികളായ യൂസഫ്, ജാഫിർ എന്നിവരാണെന്ന് വ്യക്തമായി.
പൊലീസ് പറയുന്നതിങ്ങനെ: ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഒരാളുടെ നിർദ്ദേശപ്രകാരം യൂസഫും ജാഫിറും കൃഷ്ണഗിരിയിലുള്ള ഭൂമി പ്രതികൾക്ക് 50 ലക്ഷത്തിന് വിറ്റിരുന്നു. പിന്നീട് കേരളപൊലീസിന്റെ വേഷത്തിലെത്തിയ പ്രതികൾ ഇരുവർക്കുമെതിരെ കേരളത്തിൽ കേസുണ്ടെന്ന് കാണിച്ച് തട്ടിക്കൊണ്ട് വരികയായിരുന്നു. തുടർന്ന് യാത്രയിൽ ഉടനീളം ക്രൂരമായി മർദ്ദിക്കുകയും 50 ലക്ഷം രൂപ നൽകിയാൽ മാത്രമേ ഇരുവരെയും മോചിപ്പിക്കൂ എന്നും പ്രതികൾ അറിയിക്കുകയും ഇരുവരെയും ഉദിയൻകുളങ്ങരയിലെ വീട്ടിൽ പൂട്ടിയിടുകയുമായിരുന്നു.
ബാംഗ്ലൂരിൽ യൂബർ ടാക്സി ജീവനക്കാരനായ സാമുവൽ തോമസിന്റെ വല്യമ്മയുടെ ഉടമസ്ഥതയിലുള്ള ആൾ പാർപ്പില്ലാത്ത വീട്ടിലായിരുന്നു ഇരുവരെയും പൂട്ടിയിട്ടത്. ഇവിടെനിന്ന് വാഹനത്തിന്റെ നമ്പർ പ്ലേറ്റ്, കേരള പൊലീസിന്റെ വ്യാജ ഐഡി കാർഡുകൾ, തോക്ക്,തിര,മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് കണ്ടെടുത്തു. മൾട്ടി ജിമ്മിലെ ട്രെയിനറാണ് ബിനോയ് അഗസ്റ്റിൻ, മർച്ചന്റ് നേവി ജീവനക്കാരനാണ് അഭിരാം. സാമുവൽ തോമസിന്റെ വീട്ടിലെ കൊമ്പൗണ്ടിൽ നിന്നാണ് തട്ടിക്കൊണ്ടു വരാൻ ഉപയോഗിച്ച ഇന്നോവ കാറും ഇരുചക്ര വാഹനങ്ങളും പൊലീസ്കസ്റ്റഡിയിലെടുത്തത്.സംഭവത്തിൽ കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ട് പ്രധാന പ്രതികളെ പിടികൂടാനുണ്ടെന്ന്പൊലീസ് വ്യക്തമാക്കി. പ്രതികളെ കൂടുതൽ ചോദ്യംചെയ്താൽ മാത്രമേ സംഭവത്തിനെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ നൽകുവെന്ന് പൊലീസ് അറിയിച്ചു.