പൊട്ടാനിരിക്കുന്നത് അഴിമതി ബോംബ്: കെ.മുരളീധരൻ

Thursday 28 August 2025 12:52 AM IST

തൃശൂർ: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പൊട്ടിക്കാനിരിക്കുന്നത് സർക്കാരിന്റെ ഏറ്റവും വലിയ അഴിമതിയുടെ ബോംബാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ പറഞ്ഞു. സതീശൻ പറഞ്ഞ ബോംബ് ബി.ജെ.പി നേതാവ് കൃഷ്ണകുമാറിന്റെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ മുഖ്യമന്ത്രി ഉപദേശിക്കാറായിട്ടില്ല. സ്ത്രീ പീഡന ആരോപണത്തിൽപ്പെട്ടവരെ സ്വന്തം ഓഫീസിലും മന്ത്രിസഭയിലും പാർട്ടിയിലുമൊക്കെ നിലനിറുത്തുന്നയാളാണ് മുഖ്യമന്ത്രി. കേരള രാഷ്ട്രീയം എ സർട്ടിഫിക്കറ്റിലേക്ക് പോകരുതെന്നാണ് അഭിപ്രായം. ആരൊക്കെ എവിടെയൊക്കെ മതിൽ ചാടിയെന്നത് ചർച്ചയാക്കുന്നത് ഭൂഷണമല്ല. പുതിയ തലമുറ രാഷ്ട്രീയക്കാരെ തെറ്റായ രീതിയിൽ വിലയിരുത്തും. രാഹുൽ എം.എൽ.എയാണ്. അതനുസരിച്ചാണ് നടപടിയെടുത്തത്. ആരോപണങ്ങൾ അന്വേഷിച്ച് നടപടിയെടുക്കേണ്ടത് പൊലീസാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടിയെടുക്കുന്നതിനോട് വിയോജിപ്പില്ല.