ജസ്റ്റിസ് നാഗരത്നയുടെ വിയോജിപ്പ് തള്ളി; സുപ്രീംകോടതി ജഡ്‌ജിയായി ജസ്റ്റിസ് പഞ്ചോലിക്ക് നിയമനം

Thursday 28 August 2025 1:58 AM IST

ന്യൂഡൽഹി: പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസും ഗുജറാത്ത് സ്വദേശിയുമായ വിപുൽ മനുഭായി പഞ്ചോലിയെ സുപ്രീംകോടതി ജഡ്‌ജിയാക്കാനുള്ള നീക്കത്തെ കൊളീജിയം അംഗമായ ജസ്റ്റിസ് ബി.വി. നാഗരത്ന ശക്തമായി എതിർത്തെങ്കിലും വിഫലമായി. അഞ്ചംഗ സുപ്രീംകോടതി കൊളീജിയത്തിലെ നാലു ജഡ്‌ജിമാർ നിയമനത്തെ അനുകൂലിച്ചതിന് പിന്നാലെ, 48 മണിക്കൂറിനകം ജസ്റ്റിസ് പഞ്ചോലിയെ സുപ്രീംകോടതി ജഡ്‌ജിയായി നിയമിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. കൊളീജിയം ശുപാർശ രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചുവെന്ന് കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ അറിയിച്ചു. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലോക് അരാദെയ്‌ക്കും സുപ്രീംകോടതി ജ‌ഡ്‌ജിയായി സ്ഥാനക്കയറ്റം നൽകി. ഇരുവരും സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേൽക്കുന്നതോടെ പരമോന്നത കോടതിയിൽ 34 ജ‌ഡ്‌ജിമാരെന്ന അംഗബലം പൂർണമാകും. തിങ്കളാഴ്ചയായിരുന്നു വിവാദ കൊളീജീയം യോഗം. കടുത്ത എതിർപ്പാണ് ജസ്റ്റിസ് നാഗരത്ന ഉയർത്തിയത്. രേഖാമൂലം കുറിപ്പും നൽകി. സുപ്രീംകോടതിയിലെ ഏക വനിതാ ജഡ്‌ജിയാണ് നാഗരത്ന.

 വെബ്സൈറ്റിലും

പ്രസിദ്ധീകരിച്ചില്ല

തന്റെ വിയോജനക്കുറിപ്പ് സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് ജസ്റ്റിസ് നാഗരത്ന കൊളീജിയത്തോട് ആവശ്യപ്പെട്ടെങ്കിലും പാലിച്ചില്ല.

തന്റെ വിയോജിപ്പും നിയമനത്തിന് കൊളീജിയം ആധാരമാക്കിയ വസ്തുതകളും ശുപാർശക്കുറിപ്പിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. കൊളീജിയത്തിലുള്ള ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, ജെ.കെ. മഹേശ്വരി എന്നിവർ അനുകൂല നിലപാട് സ്വീകരിച്ചില്ല.

# മൂന്ന് വനിതാ ജഡ്‌ജിമാരെ മറികടന്ന് പഞ്ചോലിക്ക് നിയമനം നൽകിയതിനെ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗ് ചോദ്യം ചെയ്‌തു. നാഗരത്നയുടെ കുറിപ്പ് പുറത്തുവിടണമെന്ന് അഡ്വ. പ്രശാന്ത് ഭൂഷൺ കൺവീനറായുള്ള ക്യാമ്പയിൻ ഫോർ ജുഡിഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് ആവശ്യപ്പെട്ടിരുന്നു. ഇത്തരം ജഡ്‌ജിമാർ ഇപ്പോഴുമുള്ളത് കാരണമാണ് ഇന്ത്യൻ ജുഡീഷ്യറിയിൽ പ്രതീക്ഷയുള്ളതെന്ന് സുപ്രീംകോടതി മുൻ ജ‌ഡ്‌ജി മാർക്കണ്ഡേയ കട്ജു വ്യക്തമാക്കി.

 നാഗരത്ന എതിർക്കാൻ

നാലു കാരണങ്ങൾ

1.ദേശീയ സീനിയോറിറ്റി പട്ടികയിലെ മികച്ച ജഡ്ജിമാരെ മറികടന്ന് ജസ്റ്റിസ് പഞ്ചോലിക്ക് നിയമനം നൽകരുത്.

2.പഞ്ചോലി 2031 ഒക്ടോബർ മുതൽ 2033 മേയ് വരെ ചീഫ് ജസ്റ്രിസാകാൻ സാദ്ധ്യതയുണ്ട്. ജുഡിഷ്യറിയുടെ താത്പര്യങ്ങൾക്ക് അനുസൃതമായിരിക്കില്ല.

3.ഗുജറാത്തിൽ നിന്നുള്ള രണ്ടു ജഡ്‌ജിമാ‌ർ സുപ്രീംകോടതിയിലുണ്ട്

4.പ്രാതിനിധ്യം ഇല്ലാത്ത ഹൈക്കോടതികളിൽ നിന്നുള്ള ജ‌ഡ്‌ജിക്ക് സ്ഥാനക്കയറ്റം നൽകണം