കൊലപാതകശ്രമം : പ്രതി പിടിയിൽ
തിരുവനന്തപുരം: ബാർട്ടൺ ഹില്ലിന് സമീപം ലാ കോളേജ് വിദ്യാർത്ഥിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കേസിലെ നാലാം പ്രതിയായ രാജാജി നഗർ ഫ്ലാറ്റ് നമ്പർ 397-ൽ നിരഞ്ജൻ സുനിൽകുമാർ (18) ആണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്. ബാർട്ടൺ ഹിൽ ചാമ്പ്യൻ ഭാസ്കർ റോഡിന് സമീപം ഇക്കഴിഞ്ഞ 15ന് രാത്രി 9.30ഓടെയായിരുന്നു സംഭവം. ലാ കോളേജ് വിദ്യാർത്ഥിയായ കാസർകോട് ഇഖ്ബാൽ മൻസിൽ വീട്ടിൽ മുഹമ്മദ് റിസ്വാനാണ് വെട്ടേറ്റത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ബാർട്ടൺ ഹില്ലിന് സമീപത്തെ ഹോസ്റ്റലിലാണ് റിസ്വാൻ താമസിക്കുന്നത്. ഇവിടെവച്ച് ഒൻപതംഗ സംഘം റിസ്വാനെ വടിവാൾ കൊണ്ട് വെട്ടാൻ ശ്രമിക്കവേ റിസ്വാൻ കൈകൊണ്ട് തടുക്കുകയും ഇടതുകൈമുട്ടിന് പരിക്കേൽക്കുകയുമായിരുന്നു. ഒന്നാംപ്രതിയായ കിച്ചാമണി ഒളിവിലാണ്. കേസിലെ രണ്ടും മൂന്നും പ്രതികൾ നേരത്തെ സ്റ്റേഷനിൽ ഹാജരായി. മറ്റ് പ്രതികൾക്കായി അന്വേഷണം നടക്കുന്നു. സിറ്റി ഷാഡോ ടീമിന്റെ സഹായത്തോടെ എ.സി.പി സ്റ്റുവെർട്ട് കീലറിന്റെ നേതൃത്വത്തിൽ, സി.ഐ വിമൽ,എസ്.ഐമാരായ വിപിൻ,സൂരജ്,സി.പി.ഒമാരായ ഷൈൻ,ഷീല,ദീപു,ഉദയൻ,സുൽഫി,സാജൻ,അരുൺ,ഷംല,വൈശാഗ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.