യു.എസ് തീരുവ വിപണി വികസിപ്പിക്കാൻ ഇന്ത്യൻ കയറ്റുമതിക്കാർ 40 രാജ്യങ്ങളിലെ സാദ്ധ്യതകൾ തേടും

Thursday 28 August 2025 12:54 AM IST

ന്യൂഡൽഹി: ഡൊണാൾഡ് ട്രംപിന്റെ 50 ശതമാനം തീരുവ തിരിച്ചടി മറികടക്കാൻ പുതിയ വിപണികൾ കണ്ടെത്താൻ ഇന്ത്യൻ കയറ്റുമതിക്കാർ ശ്രമം തുടങ്ങി. ചൈന,ജപ്പാൻ,ജർമ്മനി,ഫ്രാൻസ്,ഇറ്റലി,സ്പെയിൻ,നെതർലൻഡ്‌സ്,പോളണ്ട്,കാനഡ,മെക്സിക്കോ,റഷ്യ, ബെൽജിയം,തുർക്കി,യു.എ.ഇ, ഒസ്‌ട്രേലിയ അടക്കമുള്ള 40 രാജ്യങ്ങളിൽ ബദൽ വിപണി കണ്ടെത്താനാണ് നീക്കം.

വ്യവസായ,വാണിജ്യ സംഘടനകളും വിവിധ എംബസികളും ചേർന്ന് ഓരോ രാജ്യത്തെയും വിപണി സാദ്ധ്യതകൾ പരിശോധിക്കും. ഇന്ത്യൻ തുണിത്തരങ്ങളുടെ ഗുണനിലവാരവും പാരമ്പര്യവും വിപണനം ചെയ്യുന്ന പ്രചാരണ പരിപാടികൾക്കും തുടക്കമിടും. രത്നങ്ങൾ, ആഭരണങ്ങൾ,ചെമ്മീൻ,തുകൽ, പാദരക്ഷകൾ, രാസവസ്തുക്കൾ, യന്ത്രങ്ങൾ എന്നിവയ്‌ക്ക് ബദൽ വിപണി കണ്ടെത്തണം. മികച്ച സാദ്ധ്യതയുള്ള വിപണികളിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കും. സൂറത്ത് രത്‌നം, തിരുപ്പൂരിലെയും പാനിപ്പത്തിലെയും വസ്‌ത്രം, ഭദോഹിയിലെ പരവതാനി തുടങ്ങിയ ഉത്‌പന്നങ്ങൾ ഈ വിപണികളിൽ അവതരിപ്പിക്കും.

'ബ്രാൻഡ് ഇന്ത്യ' പ്രചാരണം

രാജ്യാന്തര വ്യാപാര മേളകൾ, പ്രദർശനങ്ങൾ, ബയർ-സെല്ലർ യോഗങ്ങൾ തുടങ്ങിയവയിൽ ഇന്ത്യയുടെ സാന്നിദ്ധ്യം ഉറപ്പാക്കി വിപണി വികസിപ്പിക്കും.

പ്രതിസന്ധി രൂക്ഷമാകുന്നു

അമേരിക്കയിൽ 50 ശതമാനം തീരുവ നടപ്പായതോടെ വസ്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, ചെമ്മീൻ, തുകൽ, പാദരക്ഷകൾ, രാസവസ്തുക്കൾ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ യന്ത്രങ്ങൾ തുടങ്ങിയ വ്യവസായ മേഖലകൾ പ്രതിസന്ധിയിലാണ്. ഫാക്‌ടറികൾ പൂട്ടിയും ഉത്‌പാദനം കുറച്ചും ജീവനക്കാരെ ഒഴിവാക്കിയും പിടിച്ചുനിൽക്കാനാണ് കമ്പനികളുടെ ശ്രമം.

ആശ്വാസം പകരാൻ

വാണിജ്യ മന്ത്രാലയം

തീരുവ ആഘാതം കുറയ്‌ക്കാനുള്ള നടപടികൾക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടു.ഇതിന്റെ ഭാഗമായി ജുവലറി, ടെക്‌സ്‌റ്റൈയിൽ തുടങ്ങിയ മേഖലയിലെ കയറ്റുമതിക്കാരുടെ യോഗം വിളിക്കും.

തീരുവ ആഘാതം കുറയ്‌ക്കാൻ ബദൽ വിപണികൾ കണ്ടെത്തണം. പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള സൗഹൃദം പ്രതിസന്ധി മറികടക്കാൻ സഹായിക്കും.

-ഹർഷ് വർദ്ധൻ ശ്രംഗ്‌ള

മുൻ വിദേശകാര്യ സെക്രട്ടറിയും രാജ്യസഭ എം.പിയും