യു.എസുമായി 100 കോടി ഡോളറിന്റെ ഉടമ്പടി

Thursday 28 August 2025 1:08 AM IST

ന്യൂഡൽഹി: ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക‌്‌സ് ലിമിറ്റഡ്(എച്ച്.എ.എൽ) നിർമ്മിക്കുന്ന എൽ.സി.എ മാർക്ക് 1എ തേജസ് വിമാനങ്ങൾക്ക് 113 ജി.ഇ-404 എൻജിനുകൾ വാങ്ങുന്നതിനുള്ള 100 കോടി ഡോളറിന്റെ ഇന്ത്യ-യു.എസ് ഉടമ്പടി ഉടൻ. ഇന്ത്യയ്‌ക്ക് 50 ശതമാനം തീരുവ ചുമത്തിയതുമായി ബന്ധപ്പെട്ട തർക്കം പ്രതിരോധ സഹകരണത്തെ ബാധിക്കില്ലെന്ന സൂചനയാണിത്.

ചർച്ചകൾ പുരോഗമിക്കുകയാണെന്നും സെപ്‌‌തംബറോടെ എച്ച്.എ.എല്ലും യു.എസ് കമ്പനി ജനറൽ ഇലക്‌ട്രിക്‌സും (ജി.ഇ) കരാർ ഒപ്പിടുമെന്നും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. മിഗ്-21 യുദ്ധവിമാനങ്ങൾ അടുത്തമാസം ഡീകമ്മിഷൻ ചെയ്യുന്നതിനാൽ വ്യോമസേനയ്‌ക്കുള്ള ഓർഡർ വേഗത്തിലാക്കാൻ എച്ച്.എ.എല്ലിന് മേൽ സമ്മർദ്ദമുണ്ട്. എൻജിൻ ലഭിക്കാത്തതിനാൽ തേജസ് വിമാന നിർമ്മാണം പ്രതിസന്ധിയിലാണ്.

ജി.ഇ-404 എൻജിൻ ഉപയോഗിച്ച് എച്ച്.എ.എല്ലിന് 2029-30 അവസാനത്തോടെ 83 വിമാനങ്ങളും 2033-34ൽ 97 വിമാനങ്ങളും കൈമാറേണ്ടതുണ്ട്. പുതിയ കരാർ പ്രകാരം ജി.ഇ പ്രതിമാസം രണ്ട് എൻജിനുകൾ വീതം നൽകും. കൂടാതെ 80 ശതമാനം സാങ്കേതികവിദ്യാ കൈമാറ്റത്തോടെ ജിഇ-414 എൻജിനുകൾക്കായുള്ള ചർച്ചയും പുരോഗമിക്കുന്നു. 162 എൽ.സി.എ മാർക്ക് 2, 10 അഡ്വാൻസ്ഡ് മീഡിയം കോമ്പാക്‌റ്റ് എയർക്രാഫ്റ്റ് (എ.എം.സിഎ) പ്രോട്ടോടൈപ്പുകൾ എന്നിവയ്‌ക്ക് ആവശ്യമായ 200 ജിഇ-414 എൻജിനുകൾ നൽകുന്നതിന് 150 കോടി ഡോറിന്റെ കരാറാണ് പ്രതീക്ഷിക്കുന്നത്. ഫ്രഞ്ച് കമ്പനിയായ സഫ്രാനുമായി ചേർന്ന് യുദ്ധവിമാന എൻജിൻ വികസിപ്പിക്കാനുള്ള പദ്ധതിയുമുണ്ട്.