ഇടതു പാർട്ടികളുടെ പിന്തുണ തേടി സുദർശൻ റെഡ്ഡി
Thursday 28 August 2025 1:29 AM IST
ന്യൂഡൽഹി: ഇടതു പാർട്ടികളുടെ പിന്തുണ തേടി 'ഇന്ത്യ' മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡി. ഇന്നലെ ഡൽഹിയിൽ സി.പി.എം, സി.പി.ഐ നേതാക്കളെ നേരിൽ സന്ദർശിച്ചു. ഹർകിഷൻ സിംഗ് സുർജിത് ഭവനിലെത്തിയ സുദർശൻ റെഡ്‌ഡി സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി അടക്കം നേതാക്കളെ കണ്ടു. അജോയ് ഭവനിലെത്തി സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ തുടങ്ങിയവരോട് പിന്തുണ ആവശ്യപ്പെട്ടു. തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിൻ,ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയവരെ നേരിൽ കണ്ടിരുന്നു. മഹാരാഷ്ട്ര ഗവർണറും, തമിഴ്നാട്ടുകാരനുമായ സി.പി. രാധാകൃഷ്‌ണനാണ് എൻ.ഡി.എ സ്ഥാനാർത്ഥി. സെപ്‌തംബർ 9ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. ആറുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. അന്നു തന്നെ ഫലപ്രഖ്യാപനമുണ്ടാകും.