വമ്പൻ മാറ്റത്തിന് ട്രംപിന്റെ നീക്കം: എച്ച് - 1 ബി വിസയും ഗ്രീൻ കാർഡും പരിഷ്‌കരിക്കും
വാഷിംഗ്ടൺ: യു.എസിലെ എച്ച് - 1 ബി വിസയും ഗ്രീൻ കാർഡ് പദ്ധതിയും അടിമുടി പരിഷ്കരിക്കാൻ ഒരുങ്ങി ഡൊണാൾഡ് ട്രംപ് ഭരണകൂടം. നിലവിലെ എച്ച് - 1 ബി വിസ സംവിധാനം ഒരു തട്ടിപ്പാണെന്നും ഇതിലൂടെ അമേരിക്കക്കാർക്കുള്ള തൊഴിലവസരങ്ങൾ വിദേശികൾ നേടുകയാണെന്നും യു.എസ് കൊമേഴ്സ് സെക്രട്ടറി ഹൊവാർഡ് ലുട്‌നിക് പറഞ്ഞു.
ഈ സ്ഥിതി ഇനി തുടരാനാവില്ലെന്നും ലുട്‌നിക് വ്യക്തമാക്കി. എച്ച് - 1 ബി വിസാ സംവിധാനത്തിനെതിരെ ദീർഘനാളായി അമേരിക്കക്കാർക്കിടെയിൽ കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്. അധികാരത്തിലെത്തിയാൽ എച്ച് - 1 ബി വിസ, ഗ്രീൻ കാർഡ് മാനദണ്ഡങ്ങൾ അഴിച്ചുപണിയുമെന്ന് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്.
ഇന്ത്യക്കാർ അടക്കം ലക്ഷക്കണക്കിന് വിദേശ ജോലിക്കാരെയും വിദ്യാർത്ഥികളെയും പരിഷ്കരണങ്ങൾ ബാധിക്കും. ട്രംപ് സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ വിദേശ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കുമുള്ള വിസാ ചട്ടങ്ങൾ കർശനമാക്കിയിരുന്നു.
വേതനം അടിസ്ഥാനമാക്കും
1. എച്ച് - 1 ബി വിസ സംവിധാനം നിറുത്തി പകരം വേതന അധിഷ്ഠിത വിസാ സമ്പ്രദായം ആലോചനയിൽ. ഉയർന്ന വരുമാനമുള്ള അപേക്ഷകർക്ക് മുൻഗണന നൽകും. യോഗ്യത അടിസ്ഥാനമാക്കി തൊഴിലാളികളുടെ പ്രവേശനം ഉറപ്പാക്കും
2. നോൺ ഇമിഗ്രന്റ് വിസയായ എച്ച്- 1 ബിയെ കൂടുതൽ ആശ്രയിക്കുന്നത് ഇന്ത്യ, ചൈന രാജ്യങ്ങളിലുള്ളവർ. 2022 ഒക്ടോബർ - 2023 സെപ്തംബർ കാലയളവിനിടെ അനുവദിച്ച എച്ച്- 1 ബി വിസകളുടെ 72.3 ശതമാനവും ഇന്ത്യക്കാർക്ക്
3.ട്രംപ് പ്രഖ്യാപിച്ച ഗോൾഡ് കാർഡ് പദ്ധതി ഗ്രീൻ കാർഡിന് ബദലായി മാറാൻ ഇടയുണ്ട്. യു.എസിൽ 50 ലക്ഷം ഡോളർ നിക്ഷേപിക്കുന്ന വിദേശികൾക്ക് സ്ഥിരതാമസം അടക്കം ഗ്രീൻ കാർഡ് ആനുകൂല്യങ്ങളും ക്രമേണ പൗരത്വത്തിനുള്ള അവസരവും ലഭിക്കും. ഏകദേശം 2,50,000 പേർ പദ്ധതിയിൽ പങ്കാളികളാകാൻ കാത്തിരിക്കുന്നെന്നും 1.25 ട്രില്യൺ ഡോളർ വരുമാനം യു.എസിന് പ്രതീക്ഷിക്കാമെന്നും ലുട്നിക് പറയുന്നു
എല്ലാ അമേരിക്കൻ സ്ഥാപനങ്ങളും അമേരിക്കൻ തൊഴിലാളികളെ നിയമിക്കുന്നതിന് മുൻഗണന നൽകണം. ഇനി അതിനുള്ള സമയമാണ്.
- ഹൊവാർഡ് ലുട്‌നിക്,
യു.എസ് കൊമേഴ്സ് സെക്രട്ടറി