പ്രധാനമന്ത്രി മോദി ഇന്ന് ജപ്പാനിലേക്ക് സുരക്ഷ, സാമ്പത്തിക, ഊർജ്ജ, ഡിജിറ്റൽ മേഖലകളിൽ ചർച്ച
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ ജപ്പാൻ സന്ദർശനത്തിനായി ഇന്ന് പുറപ്പെടും. ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമൊത്ത് നാളെ 15-ാം ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. പ്രതിരോധം, ഊർജ്ജം, ഡിജിറ്റൽ, അടിസ്ഥാനവികസനം, മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. മോദിയുടെ എട്ടാം ജപ്പാൻ സന്ദർശനമാണ്.
സന്ദർശനത്തിന്റെ ഭാഗമായി പ്രതിരോധ ഗവേഷണം,സാങ്കേതിക വിദ്യാ കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഡി.ആർ.ഡി.ഒയും നാവിക സേനയും ജപ്പാൻ ഏജൻസികളുമായി കരാർ ഒപ്പിടും. സെമികണ്ടക്ടറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനൊപ്പം ഇന്ത്യയിൽ അടിസ്ഥാന വികസനം ഉൾക്കൊള്ളുന്ന ജപ്പാൻ മൊബിലിറ്റി പങ്കാളിത്ത പ്രഖ്യാപനവും സന്ദർശനത്തിൽ പ്രതീക്ഷിക്കുന്നു. യു.എസ് തീരുവ വെല്ലുവിളി നേരിടാൻ ജപ്പാനിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനുള്ള ചർച്ചകളും സന്ദർശനത്തിന്റെ ഭാഗമായുണ്ടാകും.
ഇ10 ബുള്ളറ്റ്
ട്രെയിൻ
ജപ്പാന്റെ സഹകരണത്തോടെ നടപ്പാക്കുന്ന മുംബയ്-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ഇ10 ബുള്ളറ്റ് ട്രെയിനുകൾ വാങ്ങാനുള്ള ചർച്ചകളും സന്ദർശനത്തിലുണ്ടാകും. പ്രധാനമന്ത്രി മോദി ജപ്പാൻ പ്രധാനമന്ത്രിക്കൊപ്പം മിയാഗിയിലെ ബുള്ളറ്റ് ട്രെയിൻ പ്ളാന്റ് സന്ദർശിക്കും. ജപ്പാനിൽ നിലവിൽ ഉപയോഗിക്കുന്ന ഇ5 സീരീസ് ബുള്ളറ്റ് ട്രെയിനുകൾ ഇന്ത്യയ്‌ക്ക് നൽകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ മണിക്കൂറിൽ 320 കിലോമീറ്റർ പരമാവധി വേഗതയിൽ ഓടുന്ന പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകൾ നൽകാമെന്ന് ജപ്പാൻ വാഗ്‌ദാനം ചെയ്യുകയായിരുന്നു.