സ്‌റ്റാർഷിപ്പ് പരീക്ഷണം വിജയം

Thursday 28 August 2025 7:09 AM IST

വാഷിംഗ്ടൺ: സ്‌പേ‌സ് എക്‌സിന്റെ സ്​റ്റാർഷിപ്പ് റോക്കറ്റിന്റെ പത്താം പരീക്ഷണ വിക്ഷേപണം വിജയം. ടെക്‌സസിലെ സ്റ്റാർ ബേസിൽ നിന്ന് ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 5നായിരുന്നു വിക്ഷേപണം. സൂപ്പർ ഹെവി ബൂസ്റ്റർ, സ്റ്റാർഷിപ്പ് പേടകം (അപ്പർ സ്റ്റേജ്) എന്നീ ഭാഗങ്ങൾ ചേർന്നതാണ് സ്റ്റാർഷിപ്പ് റോക്കറ്റ് സംവിധാനം. വിക്ഷേപണത്തിന് മൂന്ന് മിനിറ്റുകൾക്ക് ശേഷം ബൂസ്റ്ററിൽ നിന്ന് അപ്പർ സ്റ്റേജ് വേർപെട്ടു. 30 മിനിറ്റ് സഞ്ചരിച്ച് ഭ്രമണപഥത്തിലെത്തിച്ചേർന്ന അപ്പർ സ്റ്റേജ്, എട്ട് ഡമ്മി ഉപഗ്രഹങ്ങളെ വിജയകരമായി വിന്യസിച്ചു. ആദ്യമായാണ് സ്റ്റാർഷിപ്പ് പരീക്ഷണത്തിനിടെ ഈ നേട്ടം കൈവരിച്ചത്. ഇതിനിടെ, ബൂസ്റ്റർ ഗൾഫ് ഒഫ് മെക്സിക്കോയിൽ നിയന്ത്രിത ലാൻഡിംഗ് നടത്തി. ഉപഗ്രഹങ്ങളെ വിന്യസിച്ച ശേഷം അപ്പർ സ്റ്റേജ് ഇന്ത്യൻ മഹാസമുദ്രത്തിലും പതിച്ചു. ഇക്കൊല്ലം നടന്ന സ്റ്റാർഷിപ്പിന്റെ മൂന്ന് പരീക്ഷണ വിക്ഷേപണങ്ങളും പരാജയപ്പെട്ടിരുന്നു. ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സാദ്ധ്യമെങ്കിൽ അതിനപ്പുറത്തേക്കും മനുഷ്യരെ എത്തിക്കുകയാണ് ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സംരംഭമായ സ്റ്റാർഷിപ്പിന്റെ ലക്ഷ്യം.