ക്ലാസ്‌ മുറിയിൽ ഫോൺ നിരോധിച്ച് ദക്ഷിണ കൊറിയ

Thursday 28 August 2025 7:09 AM IST

സോൾ: ക്ലാസ്‌ മുറികളിൽ കുട്ടികൾ മൊബൈൽ ഫോണുകളും സ്‌മാർട്ട് ഉപകരണങ്ങളും ഉപയോഗിക്കുന്നത് നിരോധിക്കുന്ന ബിൽ പാസാക്കി ദക്ഷിണ കൊറിയ. 2026 മാർച്ച് മുതൽ നിയമം പ്രാബല്യത്തിൽ വരും. കുട്ടികൾ സ്‌മാർട്ട് ഫോണുകൾക്ക് അടിമപ്പെടുന്നത് തടയാനാണിത്. മൊബൈൽ ഫോണിന്റെ ഉപയോഗം കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതായി അദ്ധ്യാപകരും രക്ഷിതാക്കളും പരാതിപ്പെട്ടിരുന്നു.

പഠന സമയത്തിന് പുറത്ത്,സ്‌കൂൾ പരിസരത്ത് കുട്ടികൾ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തടയാനും നിയമം അദ്ധ്യാപകർക്ക് അനുമതി നൽകുന്നുണ്ട്. അതേസമയം,​ഭിന്നശേഷിയുള്ള കുട്ടികൾക്ക് ഇളവുണ്ട്.

ദക്ഷിണ കൊറിയയിലെ ഒട്ടുമിക്ക സ്‌കൂളുകളിലും ഇതിനോടകം സ്‌മാർട്ട് ഫോണുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഫിൻലൻഡ്,നെതർലൻഡ്സ്,ഫ്രാൻസ്,ഇറ്റലി,ചൈന തുടങ്ങിയ രാജ്യങ്ങളും സ്‌കൂളുകളിൽ ഫോണുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.