പണമിടപാട് തർക്കം കലാശിച്ചത് കൊലപാതകത്തിൽ, കൊച്ചിയിൽ 25കാരനെ കുത്തിക്കൊന്നു

Thursday 28 August 2025 8:14 AM IST

കൊച്ചി: കളമശ്ശേരിയിൽ യുവാവിനെ കുത്തിക്കൊന്നു. ഞാറയ്ക്കൽ സ്വദേശി വിവേകാണ് (25)കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് വിവേകിന്റെ വീട്ടിൽ രണ്ടുപേർ എത്തിയിരുന്നു. അവർ പണമിടപാടുകളെക്കുറിച്ചുളള കാര്യങ്ങൾ സംസാരിച്ചതിനുശേഷം തിരികെ പോയിരുന്നു.

തുടർന്ന് രാത്രി 11 മണിയോടെ ഇവർ വീണ്ടും വിവേകിന്റെ വീട്ടിലെത്തുകയായിരുന്നു. പ്രതികൾ വിവേകുമായി വീടിന് പുറത്തേക്ക് പോയി വീണ്ടും പണമിടപാടുകളെക്കുറിച്ച് സംസാരിച്ചിരുന്നു. ഇതിനിടയിലാണ് പ്രതികളിലൊരാൾ കത്തിയെടുത്ത് വിവേകിന്റെ നെഞ്ചിൽ കുത്തിയത്. കൃത്യം നടത്തിയവർ ഓടിരക്ഷപ്പെടുകയായിരുന്നു. വിവേകിന്റെ നിലവിളി കേട്ടെത്തിയ രക്ഷിതാക്കളാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചത്. അതീവഗുരുതരാവസ്ഥയിലായിരുന്ന് യുവാവ് ഇന്ന് പുലർച്ചെ ഒരു മണിയോടെ മരിച്ചു.