ഭാര്യയെ ഉപേക്ഷിച്ച് കാമുകിക്കൊപ്പം ജീവിക്കണം, സ്വന്തം മരണം വ്യാജമായി കെട്ടിചമച്ച യുവാവ് പിടിയിൽ

Thursday 28 August 2025 10:13 AM IST

വിസ്കോൺസ്: സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പം ജീവിക്കാൻ കുടുംബത്തെ ഉപേക്ഷിച്ച് മരണം വ്യാജമാക്കി യൂറോപ്പിലേക്ക് കടന്നു കളഞ്ഞ യുവാവ് പിടിയിൽ. യുഎസിലെ വിസ്കോൺസ് സ്വദേശി റയാൻ ബോർഗ്‌വാർഡിനെയാണ് (40) അധികൃതർ കൈയോടെ പിടികൂടിയത്. അതേസമയം പൊലീസ് അന്വേഷണം വഴിതിരിച്ച് വിട്ടതിനും തടസപ്പെടുത്തിയതിനും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥർ അന്വേഷണത്തിന് വേണ്ടി ചെലവഴിച്ച ഇത്രയും സമയം റയാൻ ജയിൽ വാസം അനുഭവിക്കണം. 89 ദിവസത്തെ ജയിൽ ശിക്ഷയാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

റയാന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച് സമയം പാഴാക്കിയതിനും ഗ്രീൻ ലേക്ക് കൗണ്ടി ഷെരീഫിന്റെ ഓഫീസിനും വിസ്കോൺസിൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് നാച്ചുറൽ റിസോഴ്‌സസിനും 30,000 ഡോളർ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. റയാന്റെ പ്രവൃത്തി മുൻകൂട്ടി ആസൂത്രണം ചെയ്തതും സ്വാർത്ഥപരവുമാണെന്നും ഇയാളുടെ കുടുംബത്തിന് മാത്രമല്ല അധികൃതർക്കും നാശനഷ്ടം വരുത്തിവച്ചെന്നും കോടതി ചൂണ്ടികാണിച്ചു.

ശിക്ഷ വിധിക്കുന്നതിനുമുമ്പ്, കോടകതിയിൽ ഹാജരായ റയാൻ തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഉണ്ടായ വേദനയിൽ ഖേദിക്കുന്നുവെന്നും പറഞ്ഞു. 2024 ഓഗസ്റ്റ് 12ന് മിൽവാക്കിയിൽ നിന്ന് ഏകദേശം 100 മൈൽ വടക്കുപടിഞ്ഞാറായി ഗ്രീൻ ലേക്കിൽ ഒരു കയാക്കിംഗ് യാത്രയ്ക്ക് ശേഷമായിരുന്നു റയാനെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. നദിയിൽ നിന്നും ഒരു കയാക്കും ലൈഫ് ജാക്കറ്റും കണ്ടെത്തിയതിനെ തുടന്ന് മുങ്ങിമരിച്ചെന്നാണ് ആദ്യം അധികൃതർ കരുതിയത്. കമ്മ്യൂണിറ്റി വളണ്ടിയർമാരെ ഉൾപ്പെടെ അണിനിരത്തി എട്ട് ആഴ്ചയോളമാണ് റയാന്റെ മൃതദേഹത്തിനായി തിരച്ചിൽ നടത്തിയത്. ഇതിനായി 50,000 ഡോളർ ചിലവായി.

54 ദിവസങ്ങൾക്ക് ശേഷം, റയാൻ ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള ഒരു യുവതിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും അവർക്കൊപ്പം ജീവിക്കാൻ സ്വന്തം മരണം വ്യാജമായി കെട്ടിച്ചമച്ചതാണെന്നും പിന്നീട് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. കാണാതായതിന് ഏഴ് മാസം മുമ്പ് റയാൻ തന്റെ വന്ധ്യകരണശസ്ത്രക്രിയ പോലും മാറ്റിവച്ച് പകരം പാസ്‌പോർട്ടിന് അപേക്ഷിച്ചു, 375,000 ഡോളറിന്റെ ലൈഫ് ഇൻഷുറൻസും വാങ്ങി.

രാത്രിയിൽ 70 മൈൽ ദൂരം ഇലക്ട്രിക് സ്കൂട്ടറിൽ റയാൻ മാഡിസണിലേക്ക് പോകുകയും തുടർന്ന് ഡെട്രോയിറ്റിലേക്ക് ഒരു ബസിൽ കാനഡയിലേക്ക് കടക്കുകയും ചെയ്തു. ഒടുവിൽ അവിടെ നിന്ന് പാരീസിലേക്ക് പറന്ന് യൂറോപ്പിലെ ജോർജിയയിൽ എത്തുകയായിരുന്നു. കാണാനില്ലെന്ന് റിപ്പോർട്ട് ചെയ്തതിന്റെ പിറ്റേന്ന് കനേഡിയൻ അധികൃതർ അദ്ദേഹത്തിന്റെ പേര് പിന്നീട് പരിശോധിച്ചതായി ഉദ്യോഗസ്ഥർ കണ്ടെത്തി. ഡിസംബറിൽ യുഎസിലേക്ക് മടങ്ങണമെന്ന് അന്വേഷകർ റയാനോട് നിർദ്ദേശിച്ചു. തുടർന്നാണ് ഇയാൾ കീഴടങ്ങിയത്. തിരച്ചിൽ തടസ്സപ്പെടുത്തിയതിന് കേസുമെടുത്തു. നാല് മാസത്തിന് ശേഷം, 22കാരിയായ റയാന്റെ ഭാര്യ എമിലി വിവാഹമോചനം തേടുകയും ചെയ്തു.