അമേരിക്കൻ സ്കൂളിലെ വെടിവയ്പ്പ്: അക്രമിയുടെ ആയുധങ്ങളിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം

Thursday 28 August 2025 10:36 AM IST

വാഷിംഗ്‌ടൺ: മിനസോട്ടയിലെ കാത്തലിക്ക് സ്കൂളിൽ രണ്ട് കുട്ടികളുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയ വെടിവയ്പ്പുനടത്തിയ അക്രമിയുടെ ആയുധങ്ങളിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയിരുന്നായി റിപ്പോർട്ട്. യുഎസ് ആക്ടിവിസ്റ്റായ ലോറ ലൂമറാണ് ഇതിന്റെ ചിത്രങ്ങളടക്കം പുറത്തുവിട്ടത്. 'മാഷാ അല്ലാഹ്, ന്യൂക്ക് ഇന്ത്യ, ട്രംപിനെ കൊല്ലുക, ഇസ്രയേൽ വീഴണം' തുടങ്ങിയ വാചകങ്ങളാണ് തോക്കിലും മറ്റ് ആയുധങ്ങളിലും എഴുതിരിക്കുന്നത്.

ഇയാൾ ഉപയോഗിച്ച റൈഫിളിൽ 'ആറുദശലക്ഷം മതിയാവില്ല' എന്നും എഴുതിയിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധക്കാലത്ത് നാസികൾ ഏകദേശം ആറ് ലക്ഷം യൂറോപ്യൻ ജൂതന്മാരെ കൊന്നൊടുക്കിയ വംശഹത്യയായ ഹോളോകാേസ്റ്റിനെ ഓർമ്മിപ്പിക്കുന്നതാണ് ഈ വാചകം എന്നാണ് കരുതുന്നത്. റോബിൻ വെസ്റ്റ്മാനാണ് അക്രമി എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ഒരു സ്ത്രീയാണെന്നും റിപ്പോർട്ടുണ്ട്. ഇയാൾക്ക് കത്തോലിക്കക്കാരോടും ഇന്ത്യയോടും ഇത്രയധികം വിരോധം തോന്നാൻ കാരണമെന്തെന്ന് വ്യക്തമല്ല.

മിനസോട്ടയിലെ അനൺസിയേഷൻ കാത്തലിക് സ്കൂളിലാണ് ഇവിടത്തെ മുൻ വിദ്യാർത്ഥികൂടിയായ റാേബിൻ ആക്രമണം നടത്തിയത്. രാവിലെ പ്രാർത്ഥനയ്ക്കിടയിലാണ് കറുത്ത വസ്ത്രം ധരിച്ചെത്തിയ റോബിൻ കണ്ണിൽ കണ്ടവരെയെല്ലാം വെടിവച്ചത്. ആക്രമണത്തിൽ രണ്ടുവിദ്യാർത്ഥികൾ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റോബിനും കൊല്ലപ്പെട്ടു. നാനൂറോളം വിദ്യാർത്ഥികളാണ് അനൺസിയേഷൻ കാത്തലിക് സ്കൂളിൽ പഠിക്കുന്നത്. അക്രമത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ സ്കൂളിന്റെയും പരിസരത്തെയും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.