'മോഹൻലാലും സുരേഷ്ഗോപിയും വരെ അക്കാര്യം ചോദിച്ചു, വിവാദങ്ങൾ കാരണം മാറേണ്ടി വന്നു'

Thursday 28 August 2025 12:01 PM IST

മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഊർമിള ഉണ്ണി. അമ്മ വേഷങ്ങളിലൂടെയാണ് താരം സുപരിചിതയായത്. ഇപ്പോൾ അഭിനയത്തിൽ സജീവമല്ലെങ്കിലും ബിസിനസ് രംഗത്ത് ഊർമിളാ ഉണ്ണി സജീവമാണ്. ഊർമിള ഉണ്ണീസ് വശ്യഗന്ധിയെന്ന പേരിലുളള ഒരു പെർഫ്യൂമിന്റെ ബിസിനസിന്റെ തിരക്കിലാണ് താരം. ഇപ്പോഴിതാ താൻ നേരിട്ട വിവാദങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഊർമിള ഉണ്ണി. സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുളള ട്രോളുകൾ നേരിട്ടിരുന്നുവെന്നും താരം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പങ്കുവച്ചത്.

'ഞാൻ പലരെയും സഹായിച്ചിട്ടുണ്ട്. അവർക്കുവേണ്ടി സംസാരിച്ചിട്ടുമുണ്ട്. അതിനുപിന്നാലെ ഒരുപാട് വിവാദങ്ങൾ വന്നിരുന്നു. അതുകൊണ്ട് കുറച്ച് മാറി നിൽക്കേണ്ടി വന്നു. പുറത്തുപോയി കഴിഞ്ഞാൽ ഞാൻ അധികം സംസാരിക്കാറില്ല. വിവാദങ്ങൾ കാരണമാണ് ഞാൻ മാറിയത്. ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ എനിക്ക് നല്ല രീതിയിൽ വിമർശനങ്ങൾ ലഭിച്ചിരുന്നു. മാനസികമായി ചിലർ എന്നെ അങ്ങനെ ആക്കിതീർത്തതാണ്. ആ സമയത്തായിരുന്നു മകളുടെ വിവാഹം. ഇനിയും സംസാരിച്ച് ട്രോളുകളും വിവാദങ്ങളും ഉണ്ടാക്കണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഞാനിപ്പോൾ സന്തോഷത്തോടെയാണ് ജീവിക്കുന്നത്.

കഴിഞ്ഞ അഞ്ച് വർഷമായിട്ട് ഞാൻ അഭിനയിച്ചിട്ടില്ല. ഇനി അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. സിനിമയിൽ എനിക്ക് പറ്റിയ വേഷങ്ങളൊന്നും വരുന്നില്ല. ഇടയ്ക്ക് സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിക്കാറുണ്ട്. സീരിയൽ അഭിനയം കഷ്ടപ്പാട് നിറഞ്ഞതാണ്. നല്ല തിരക്കായിരിക്കും. വളരെ സമാധാനത്തോടെ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ട് അങ്ങനെ ലഭിക്കുന്ന അവസരങ്ങൾ ഒഴിവാക്കുകയാണ് ചെയ്യുന്നത്.

സ്വന്തം പേരിൽ പെർഫ്യൂം ഇറക്കാൻ ഒരു കാരണമുണ്ട്. വർഷങ്ങൾക്ക് മുൻപ് ഒരു വിമാനത്താവളത്തിൽ കൂടി നടക്കുമ്പോൾ അമിതാഭ് ബച്ചന്റെ പേരിലുള്ള പെർഫ്യൂം കണ്ടു. അതിന്റെ കവറിൽ അദ്ദേഹത്തിന്റെ ഫോട്ടോ പ്രിന്റ് ചെയ്തിരുന്നു. ഇതുപോലെ തന്റെ ഫോട്ടോ വച്ച ഒരു പെർഫ്യൂം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹം തോന്നി.

മോഹൻലാലും സുരേഷ്‌ഗോപിയും ഉൾപ്പടെയുള്ള താരങ്ങൾ ഏത് സുഗന്ധമാണ് ഉപയോഗിക്കുന്നതെന്നും, ഇതിന്റെ കൂട്ടെന്താണെന്നും എന്നോട് ചോദിക്കാറുണ്ടായിരുന്നു. എന്റെ അമ്മ ഉണ്ടാക്കിത്തന്നിരുന്ന സുഗന്ധമാണ് ഞാൻ ഉപയോഗിച്ചിരുന്നത്'-ഊർമിള ഉണ്ണി പറഞ്ഞു.