എന്റെ ഗതി ആർക്കും വരരുത്, ജീവിതത്തിൽ സംഭവിച്ചത്; നിറകണ്ണുകളോടെ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തി നടി

Thursday 28 August 2025 12:59 PM IST

ജയ ജയ ജയ ജയ ഹേ അടക്കം നിരവധി സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് കുടശ്ശനാട് കനകം. തന്റെ ജീവിതത്തിൽ അനുഭവിച്ച പ്രയാസങ്ങൾ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് അവരിപ്പോൾ. മകന്റെ മരണത്തെക്കുറിച്ച് പറഞ്ഞ നടി തന്റെ ഗതി ആർക്കും വരരുതെന്നും പറഞ്ഞു.

'രണ്ട് മക്കളുണ്ടായിരുന്നു. ഒരാൾ മരിച്ചുപോയി. കോംപ്ലിക്കേഷൻ മരണമായിരുന്നു. അതിന്റെ പിറ്റേന്ന് സ്റ്റേജിൽ പോയി നിന്നു. എവിടുന്നോ വന്നു, എങ്ങോട്ടോ പോയി. നല്ലവരെ ദൈവം നേരത്തെ അങ്ങ് വിളിക്കുമെന്നായിരുന്നു പറയേണ്ട ഡയലോഗ്. അന്നും ഇന്നും എന്നും അത് മനസിൽ നിന്ന് മായത്തില്ല. വണ്ടിയിലൊക്കെയിരിക്കുമ്പോൾ കണ്ണിനീർ ഇങ്ങനെ ഒഴുകുകയായിരുന്നു.

അച്ഛൻ മരിച്ച് വീട്ടിൽ കിടക്കുമ്പോൾ സ്‌റ്റേജിൽ നിൽക്കുകയായിരുന്നു. അമ്മ മരിച്ച് പിറ്റേന്ന് പോയി നാടകം കളിച്ചു. എന്റെ എല്ലാ സ്വത്തുമായിരുന്നു മാതാപിതാക്കൾ. ഷൂട്ടാണെങ്കിൽ നാളത്തേക്ക് മാറ്റിവയ്ക്കാം. നാടകം അങ്ങനെ പറ്റത്തില്ല. എന്റെ കലയല്ലേ വലുത്. എന്റെ ഉപജീവനമല്ലേ വലുത്. നമുക്കൊരു ദുഃഖമുണ്ടായെന്ന് പറഞ്ഞ് അത്രയും പേരുടെ അന്നം കളയാൻ പറ്റില്ല. നമ്മുടെ മാത്രം ദുഃഖമല്ല നമ്മൾ ഉൾക്കൊള്ളേണ്ടത്. നമ്മളെക്കൊണ്ട് മറ്റുള്ളവർക്ക് എന്ത് നഷ്ടമുണ്ടാകുമെന്ന് ചിന്തിക്കണം. എന്റെ പൊന്നുമോൻ സ്‌നേഹനിധിയായിരുന്നു. ഒരുപാട് വേദനകൾ അനുഭവിച്ച ജീവിതമാണ് എന്റേത്. മകൻ മരിച്ചതിന്റെ പിറ്റേന്ന് നാടകത്തിൽ അഭിനയിക്കാൻ പോയപ്പോൾ ബന്ധുക്കൾ കുറ്റപ്പെടുത്തി. മോൻ മരിച്ചിട്ടും നാടകമാണ് വലുതെന്ന് പറഞ്ഞു. ഇരുപത്തിമൂന്നാമത്തെ വയസിലാണ് മകൻ മരിച്ചത്. വയലിൽ മരിച്ചുകിടക്കുകയായിരുന്നു. മറ്റേ മകൻ ടൈലിന്റെ കോൺട്രാക്ടറാണ്. കൊച്ചുമകളെ കമ്പ്യൂട്ടർ സയൻസ് എഞ്ചിനിയറിംഗിന് ഞാനും കൂടി പോയാണ് ചേർത്തത്. മോനും കുഞ്ഞും വീട്ടിൽ വരും. എനിക്ക് സന്തോഷമാണ്.

ലോകത്താരുമില്ലാത്ത അവസ്ഥ അഞ്ച് വർഷം അനുഭവിച്ചിട്ടുണ്ട്. മകനും ഭാര്യയും കുഞ്ഞും കുറച്ച് മാറിയുള്ള വീട്ടിലാണ് താമസം. എന്റെ നാട്ടിൽ നിന്ന് എങ്ങും പോകാൻ എനിക്കിഷ്ടമില്ല. മാനസികമായി നമ്മളെ അകറ്റിനിർത്തുന്നതാണ് ഇഷ്ടമെങ്കിൽ ഇങ്ങനെ നിൽക്കുന്നതല്ലേ നല്ലത്. മകനും കുഞ്ഞിനും അങ്ങോട്ട് ചാഞ്ഞുനിൽക്കേണ്ട സാഹചര്യമുണ്ടാകും. ഒഴിവാക്കാനാണെങ്കിൽ മാതാപിതാക്കളെയേ പറ്റുകയുള്ളൂ. ഭാര്യയേയും കുഞ്ഞിനെയുമൊന്നും മാറ്റിനിർത്താൻ പറ്റത്തില്ല. മകൻ വേദനിക്കും. ഇപ്പോൾ ഒറ്റപ്പെടൽ മാറി. പ്രശ്നങ്ങൾ മാറി. പണ്ടത്തേതിന്റെ പലിശയായിട്ട് എന്നെ മകൻ സ്‌നേഹിക്കുന്നു. ഞാൻ എന്ന് എന്റെ വീട്ടിലുണ്ടെങ്കിലും അവൻ വരും. അത് സാമ്പത്തികത്തിനൊന്നുമല്ല, അവന് സാമ്പത്തികമുണ്ട്. ഭാര്യ ഗൾഫിലാണ്.'- നടി പറഞ്ഞു.