പണം സൂക്ഷിച്ച ബാഗ് തട്ടിയെടുത്ത് കുരങ്ങൻ, മരത്തിൽ നിന്ന് നോട്ടു മഴ, എടുക്കാൻ ഓടി ആൾക്കൂട്ടം: വീഡിയോ

Thursday 28 August 2025 2:53 PM IST

കാൺപൂർ: ബൈക്കിൽ നിന്ന് പണം നിറച്ച ബാഗ് തട്ടിയെടുത്ത് മരത്തിൽ കയറി നോട്ടു മഴ പെയ്യിച്ച് കുരങ്ങൻ. ഉത്തർപ്രദേശിലെ ബിദുനയിലാണ് വിചിത്രമായ സംഭവം. ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. 500 രൂപ നോട്ടുകളാണ് ബാഗിലുണ്ടായിരുന്നത്. നോട്ടു മഴ കണ്ടതോട സമീപത്തുണ്ടായിരുന്നവർ പണം പെറുക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ദോദാപൂർ ഗ്രാമത്തിൽ നിന്നുള്ള രോഹിതാഷ് ചൻര എന്ന അദ്ധ്യാപകൻ തന്റെ അഭിഭാഷകനോടൊപ്പം ഭൂമി ഇടപാടിനുള്ള രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തഹസിൽ ഓഫീസിലെത്തിയതായിരുന്നു. 80,000 രൂപയാണ് ബാഗിൽ ഉണ്ടായിരുന്നത്. ഇവർ രേഖകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനിടെയാണ് കുരങ്ങൻ ബാഗ് തട്ടിയെടുത്ത് മരത്തിൽ കയറിയത്.

മരത്തിൽ കയറിയ ശേഷം കുരങ്ങൻ ബാഗ് പരിശോധിച്ചു. എന്നാൽ ബാഗിനകത്ത് ഭക്ഷണമൊന്നും കാണാത്തതിനെ തുടർന്ന് നോട്ടുകൾ താഴേക്ക് എറിയാൻ തുടങ്ങുകയായിരുന്നു. ഇത് കണ്ടതോടെ സ്ഥലത്തുണ്ടായിരുന്ന നിരവധി പേർ പണം എടുക്കാൻ ഓടി. ചിലർ പണം ശേഖരിച്ച് ഉടമയ്ക്ക് മടക്കിക്കൊടുത്തെങ്കിലും മറ്റു ചിലർ പണവുമായി കടന്നു കളയുകയായിരുന്നു. എന്തു ചെയ്യുമെന്ന് അന്താളിച്ച് നിന്ന രോഹിതാഷ് തന്റെ പണം വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും കൂടി നിന്ന ചിലരുടെ സഹായത്തോടെ 52,000 രൂപ മാത്രമേ തിരികെ ലഭിച്ചുള്ളൂ. ബാക്കി 28,000 രൂപ കീറിപ്പോവുകയോ മറ്റുള്ളവർ കൊണ്ടുപോകുകയോ ചെയ്തു.

വളരെക്കാലമായി പ്രദേശത്ത് കുരങ്ങുകളുടെ ശല്യം രൂക്ഷമാകുകയാണെന്ന് ഗ്രാമവാസികൾ പറയുന്നു. ബാഗുകൾ, പേപ്പറുകൾ, പ്രധാനപ്പെട്ട രേഖകൾ എന്നിവയാണ് കുരങ്ങുകൾ പലപ്പോഴും തട്ടിയെടുക്കുന്നത്. അവ ചിലപ്പോൾ നശിപ്പിക്കുകയും തഹസിൽദാർ ഓഫീസ് സന്ദർശിക്കുന്ന ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.