'ഒരേപോലെയുള്ള കഥാപാത്രങ്ങളിൽ ഒതുങ്ങരുത്, ലാലേട്ടനിൽ നിന്ന് പഠിക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ട്'
ദുൽഖർ സൽമാൻ നായകനായ പട്ടംപോലെ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ട താരമായ നടിയാണ് മാളവിക മോഹനൻ. രജനികാന്ത് ചിത്രം പേട്ട, വിജയ് ചിത്രം മാസ്റ്റർ എന്നിവയിലും മാളവിക ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പ്രശസ്ത ഇറാനിയൻ സംവിധായകനായ മജീദ് മജീദിയുടെ 'ബിയോണ്ട് ദ ക്‌ളൗഡ്‌സ്' എന്ന ചിത്രത്തിലൂടെ മാളവിക ബോളിവുഡിലേക്കും കാലെടുത്തുവച്ചിരുന്നു. ഇപ്പോഴിതാ മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂർവ്വം എന്ന സിനിമയിൽ അഭിനയിക്കാൻ ഇടയായ കാരണത്തെപ്പറ്റി പറയുകയാണ് നടി മാളവിക മോഹനൻ. ഒരുദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവം പങ്കുവച്ചത്.
"ഹൃദയപൂർവ്വം എന്നെ വല്ലാതെ ആകർഷിച്ചു. വളരെയധികം ഹൃദയസ്പർശിയായ ഒരു കഥയാണ് സിനിമയുടേത്. മോഹൻലാലിനെപ്പോലുള്ള ഒരു നടനോടൊപ്പം വർക്ക് ചെയ്യാനുള്ള അവസരവും എനിക്ക് കിട്ടിയ വലിയ ഭാഗ്യമാണ്. സെറ്റിൽ വച്ച് അദ്ദേഹത്തോടൊപ്പമുള്ള അനുഭവവും സാന്നിദ്ധ്യവും വേറിട്ടതായിരുന്നു. അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ ധാരാളം കാര്യങ്ങളുണ്ട്." -മാളവിക മോഹനൻ പറഞ്ഞു.
"മലയാള സിനിമയുടെ ജനപ്രിയ സംവിധായകനാണ് സത്യൻ അന്തിക്കാട്. മിക്ക നടന്മാരും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. സിനിമയിലെ എന്റെ കഥാപാത്രത്തെക്കുറിച്ച് പറയുകയാണെങ്കിൽ പ്രതിസന്ധിയും സന്തോഷവും അനുഭവിക്കുന്ന വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഞാൻ അവതരിപ്പിച്ചിരിക്കുന്നത്. പ്രേഷകർക്ക് അത് കണക്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്ട.'- മാളവിക പറഞ്ഞു.
സിനിമകൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും താരം വിശദീകരിച്ചു. "വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ ഞാൻ തയ്യാറാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരു കഥാപാത്രം എന്നെ വെല്ലുവിളിക്കുകയും ഒരു നടിയായി വളരാൻ എന്നെ പ്രാപ്തമാക്കുകയും ചെയ്യുന്നുണ്ടോ എന്നത് പ്രധാനമാണ്. പുതുമയുള്ള വേഷങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുന്നുണ്ട്. ഏത് വേഷമായാലും അതിൽ നിന്ന് പഠിക്കുകയും മെച്ചപ്പെടുന്നുണ്ടെന്നും സ്വയം ഉറപ്പുവരുത്താൻ ആഗ്രഹിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഒരു കഥാപാത്രത്തിൽ മാത്രം ഒതുങ്ങിപ്പോകരുതെന്നുണ്ട്." മാളവിക കൂട്ടിച്ചേർത്തു.