പി.എം ഹൈവേ എന്നാൽ അഴിമതിപ്പാതയോ ?
സംസ്ഥാനത്തെ പ്രധാനപ്പെട്ട ഹൈവേകളിലൊന്നാണ് പുനലൂർ-മൂവാറ്റുപുഴ പാതയെന്ന പി.എം ഹൈവേ. ലോകബാങ്കിന്റെ സഹായത്തോടെ നിർമ്മിച്ച റോഡ് മലയോര മേഖലയിലെ ഗതാഗത പ്രശ്നങ്ങൾക്ക് വലിയൊരളവിൽ പരിഹാരമായിട്ടെന്നത് സത്യമാണ്. എന്നാൽ, പാത വികസനത്തിൽ ക്രമക്കേടിനെക്കുറിച്ചുള്ള ചർച്ചകളും ചൂടു പിടിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട പരാതി ഇപ്പോൾ ഗവർണർക്കു മുന്നിലും എത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു ഹൈവേ നിർമ്മാണത്തിൽ അഴിമതി നടന്ന പരാതി നേരിട്ട് ഗവർണർക്ക് മുന്നിലെത്തിയത്. റാന്നി സ്വദേശി അനിൽ കാറ്റാടിക്കൽ നൽകിയ പരാതി വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണറുടെ ഓഫീസ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ട്. സംസ്ഥാന സർക്കാർ പരാതിയിന്മേൽ എന്തു നടപടിയെടുക്കുന്നുവെന്ന് വിശദമായ റിപ്പോർട്ടും തേടിയിട്ടുണ്ട്. ഹൈവേ നിർമ്മാണത്തിൽ 500 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി അനിൽ കാറ്റാടിക്കൽ വിജിലൻസിന് നൽകിയ പരാതിയിൽ നാലുവർഷമായിട്ടും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി വെള്ളപ്പേപ്പറിൽ പരാതി എഴുതി നൽകുക മാത്രമല്ല ചെയ്തത്. അതിന് അനുബന്ധമായ ചില വിവരങ്ങളും രേഖകളും കൈമാറിയിരുന്നു. നാലുവർഷമായിട്ടും പാത നിർമ്മാണത്തിൽ അഴിമതി നടന്നോ ഇല്ലയോ എന്നു തീർപ്പു പറയാൻ വിജിലൻസിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.
പുനലൂർ-മൂവാറ്റുപുഴ പാതയെ പുനലൂർ മുതൽ പൊൻകുന്നം വരെ എൺപത്തിരണ്ടു കിലോമീറ്റർ നിർമാണമാണ് പരാതിക്കിടയാക്കിയത്. പാതയുടെ വികസനത്തിന് ഉടമകളുമായുള്ള പരസ്പരധാരണ പ്രകാരം ഭൂമി ഏറ്റെടുത്തിരുന്നു. ഏറ്റെടുത്ത ഭൂമി പ്രയോജനപ്പെടുത്താതെ ഒന്നു മുതൽ പതിനൊന്ന് മീറ്റർ വരെ വീതി കുറച്ചു. കെ.എസ്.ടി.പി രേഖകൾ പ്രകാരം പ്ലാച്ചേരി കോന്നി ഭാഗത്ത് പതിനൊന്നര മീറ്റർ മുതൽ ഇരുപത്തിമൂന്ന് മീറ്റർ വരെ വീതിയിൽ ഭൂമി ഏറ്റെടുത്തിരുന്നു. എന്നാൽ ഇതു പൂർണമായി പ്രയോജനപ്പെടുത്തിയിട്ടില്ല.
കാത്തിരിപ്പ് കേന്ദ്രങ്ങൾ, ജംഗ്ഷനുകളുടെ നവീകരണം, ബസ് ബേകളുടെ നിർമാണം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇവയെല്ലാം പേരിനു മാത്രമായി. ഇരുപത്തിയേഴ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്കായി രണ്ടേകാൽ കോടിയോളം രൂപയാണ് വകയിരുത്തിയിരുന്നത്. വെള്ളം, വെളിച്ചം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഉണ്ടാകണമെന്നായിരുന്നു വ്യവസ്ഥ. ഇതൊന്നും നടപ്പായില്ല. റാന്നി ടൗണിൽ റോഡ് ഉയർത്തണമെന്ന നിർദേശവും അട്ടിമറിക്കപ്പെട്ടു. നിർദേശിക്കപ്പെട്ട വീതി റാന്നിയിലടക്കം ടൗൺ മേഖലയിൽ എടുത്തിട്ടില്ല.
വിജിലൻസ് അന്വേഷണം അട്ടിമറിച്ചു
വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അഴിമതി നടന്നതായി വ്യക്തമായിരുന്നു. എന്നാൽ തുടരന്വേഷണം തടയപ്പെട്ടു. പരാതിക്കാരനായ അനിലിൽ നിന്ന് രണ്ടുവർഷം മുമ്പ് വിജിലൻസ് സംഘം വിശദമായ മൊഴി എടുത്തിരുന്നു. പക്ഷേ അന്വേഷണം എങ്ങുമെത്തിയില്ല. കരാറുകാരും കെ.എസ്.ടി.പി ഉന്നതരും നടത്തിയ സംയുക്ത നീക്കത്തെ തുടർന്നാണ് അന്വേഷണം അട്ടിമറിച്ചതെന്ന് ആക്ഷേപമുണ്ടായി.
പൊന്നും വിലയ്ക്ക് ഏറ്റെടുത്ത സ്ഥലത്തു പലയിടങ്ങളിലും റോഡിനു വീതി കുറച്ച് നിർമിച്ചുവെന്നാണ് പ്രധാന പരാതി. പതിനൊന്നര മീറ്റർ മുതൽ ഇരുപത്തിമൂന്ന് മീറ്റർ വരെ വീതിയിലാണ് സ്വകാര്യ വ്യക്തികളിൽ നിന്നും സർക്കാർ ഭൂമി ഏറ്റെടുത്തത്. എന്നാൽ ഈ സ്ഥലം റോഡിനു വേണ്ടി പൂർണമായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. പല സ്ഥലത്തും പാതയുടെ വീതി പത്ത് മീറ്ററിൽ താഴെയാണെന്ന് കണ്ടെത്തിയിരുന്നു. ബി.എം. ബി.സി. നിലവാരത്തിൽ എട്ടുമീറ്റർ വീതിയിൽ റോഡ് നിർമിക്കുന്നതിന് ഒമ്പതു കോടിയാണ് നിർമാണഘട്ടത്തിൽ ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ ഒരു കിലോമീറ്റർ റോഡ് നിർമിക്കാൻ പതിനഞ്ച് കോടി വരെ ചെലവായതായി പരാതിക്കാരൻ തെളിവു സഹിതം വിജിലൻസിനെ ധരിപ്പിച്ചിരുന്നു. പ്ലാച്ചേരി മുതൽ കോന്നി വരെയുള്ള മുപ്പത് കിലോമീറ്റർ ഭാഗത്ത് സർക്കാർ ഭൂമിയിൽ നിന്ന് ലക്ഷകണക്കിന് രൂപയുടെ പാറയും മണ്ണുമാണ് കരാറുകാരൻ സൗജന്യമായി റോഡുനിർമാണത്തിന് ഉപയോഗിച്ചത്. ഇവ ഉപയോഗിച്ച് നിർമിച്ച പാർശ്വഭിത്തികൾക്ക് നാൽപ്പത്തിയഞ്ച് കോടി ഈടാക്കിയെന്നു പരാതിയിൽ ചൂണ്ടിക്കാട്ടി.
കല്ലും മണ്ണും ഏറ്റെടുത്ത ഭൂമിയിൽ
സർക്കാർ ഭൂമിയിലുണ്ടായിരുന്ന കല്ലും മണ്ണും സൗജന്യമായി ലഭിച്ചതാണെന്ന വിവരം മറച്ചുവച്ച് അവ ദൂരെ സ്ഥലങ്ങളിൽ നിന്നും വില കൊടുത്തു വാങ്ങിയതാണെന്ന് രേഖകൾ തയാറാക്കി തട്ടിപ്പു നടത്തിയെന്നാണ് ആക്ഷേപം. ഇതിന് കെ.എസ്.ടി.പിയിലെ ഉദ്യോഗസ്ഥർ കൂട്ടുനിന്നതായാണ് ആരോപണം. പ്രധാനമായും സഹ്യ താഴ്വാരത്തുകൂടിയാണ് ഈ പാത കടന്നു പോകുന്നത്. പാതയ്ക്ക് വീതി കൂട്ടാനായി കുന്ന് ഇടിച്ചു മാറ്റേണ്ടത് ആവശ്യമാണ്. പല സ്ഥലങ്ങളിലും ലോഡുകണക്കിന് മണ്ണാണ് അധികം വന്നത്. മണ്ണുപയോഗിച്ച് ഏക്കറുകണക്കിന് വയലുകളാണ് നികത്തിയത്. ഇത്തരത്തിൽ പഴവങ്ങാടി വില്ലേജിൽ മാത്രം മൂന്നേക്കർ വയൽ നികത്തിയതായാണ് ആരോപണം. നിർമാണത്തിൽ അപാകതകൾ നിരവധിയാണ്. ഓടകൾ, കലുങ്കുകൾ ചെറിയ പാലങ്ങൾ എല്ലാം തകർന്നിട്ടുണ്ട്. റാന്നി ഉതിമൂട്ടിൽ പമ്പാ ജലസേചന പദ്ധതിയുടെ കനാൽ പലമുള്ള ഭാഗത്ത് നിർമാണത്തിലെ അപാകം കാരണം ഉയരമുള്ള വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നില്ല. നീർച്ചാലുകൾ അടച്ചതും ഓട നിർമാണത്തിലെ അപാകതകളും സാങ്കേതിക പ്രശ്നങ്ങളും റോഡിൽ നിലനിൽക്കുകയാണ്. നിർമാണത്തിലെ അപാകം കാരണം റോഡ് പലയിടങ്ങളിലും അപകട മുനമ്പുകളായി മാറിയിരിക്കുകയാണ്.