വിലക്ക് ഭീഷണിയും ഇന്ത്യൻ ഫുട്ബാളും

Friday 29 August 2025 4:40 AM IST

നാളെ രാജ്യം ദേശീയ കായികദിനം ആഘോഷിക്കുമ്പോൾ ഇന്ത്യൻ ഫുട്ബാൾ,​ ലോക ഫുട്ബാൾ സംഘടനയായ ഫിഫയുടെയും ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെയും വിലക്ക് ഭീഷണിയിലാണ്. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഭരണഘടനാ പരിഷ്കരണം നടപ്പിലാക്കാത്തതാണ് ഫിഫയുടെ ഭീഷണിക്കു പിന്നിൽ. ഒക്ടോബർ 30-നു മുമ്പ് പരിഷ്കരണം നടപ്പിലാക്കിയില്ലെങ്കിൽ ഏഷ്യൻ തലത്തിലും അന്താരാഷ്ട്ര തലത്തിലും മത്സരിക്കാൻ കഴിയാത്ത രീതിയിൽ ഇന്ത്യയെ വിലക്കുമെന്നാണ് ഫിഫയും എ.എഫ്.സിയും അറിയിച്ചിട്ടുള്ളത്. അധികാരത്തർക്കം കാരണം ഐ.എസ്.എൽ ഉൾപ്പടെ ആഭ്യന്തരമത്സരങ്ങൾ നടത്താൻ പോലുമാകാത്ത ഇന്ത്യൻ ഫുട്ബാളിന് 'കൂനിന്മേൽ കുരു" പോലെയാണ് ഈ വിലക്ക് ഭീഷണി. വിലക്കുവന്നാൽ കേരളത്തിലേക്കുള്ള മെസി ഉൾപ്പെട്ട അർജന്റീനാ ടീമിന്റെ യാത്രയും ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോവയിൽ ക്ളബ് ഫുട്ബാൾ കളിക്കാനുള്ള സാദ്ധ്യതയും വെള്ളത്തിലാകും.

ദേശീയ കായികനിയമം നിലവിൽ വന്നതിനു പിന്നാലെ അന്താരാഷ്ട്ര തലത്തിലെ ഏറ്റവും പ്രമുഖ കായിക ഇനത്തിൽ നിന്ന് മാറ്റിനിറുത്തപ്പെടുന്നതിന്റെ അപമാനം വേറെ. സംഘടനാതലത്തിലെ പ്രശ്നങ്ങളുടെ പേരിൽ ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനെ ഫിഫ സസ്പെൻഡ് ചെയ്യുന്നത് ആദ്യമല്ല. എ.ഐ.എഫ്.എഫ് പ്രസിഡന്റായിരുന്ന പ്രഫുൽ പട്ടേലിനെ നീക്കിയ സുപ്രീം കോടതി ദൈനംദിന ഭരണത്തിനായി താത്കാലിക കമ്മിറ്റിയെ നിയോഗിച്ചതിന്റെ പേരിലായിരുന്നു 2022-ലെ വിലക്ക്. രണ്ടാഴ്ചയ്ക്കു ശേഷം തിരഞ്ഞെടുപ്പ് നടന്ന് കല്യാൺ ചൗബേയുടെ നേതൃത്വത്തിൽ പുതിയ ഭരണസമിതി നിലവിൽ വന്നതോടെയാണ് വിലക്ക് നീങ്ങിയത്. സർക്കാരിന്റെയോ കോടതികളുടെയോ ഇടപെടലുകൾ ഉണ്ടാകാത്ത രീതിയിൽ ഫെഡറേഷൻ ഭരണഘടന പരിഷ്കരിക്കണമെന്ന് അന്ന് ഫിഫ കർശന നിർദ്ദേശം നൽകിയിരുന്നു. വർഷം മൂന്നുകഴിഞ്ഞിട്ടും ഒരുനടപടിയും ഉണ്ടാകാത്തതിനാലാണ് ഫിഫയ്ക്ക് വീണ്ടും വിലക്ക് ഭീഷണി പുറത്തെടുക്കേണ്ടിവന്നത്.

2017-ലാണ് ഫെഡറേഷൻ ഭരണഘടന പരിഷ്‌കരിക്കാൻ ആരംഭിച്ചത്. 2022 ജൂലായിൽ ഇത് സുപ്രീംകോടതിയിൽ സമർപ്പിച്ചു. കോടതി റിട്ട. ജസ്റ്റിസ് എൽ. നാഗേശ്വരറാവുവിനെ അന്തിമരൂപം നൽകാൻ നിയോഗിച്ചു. അത് തയ്യാറായപ്പോൾ പുതിയ കായികനിയമത്തിന്റെ അടിസ്ഥാനത്തിലെ മാറ്റങ്ങൾകൂടി വരുത്തേണ്ടിവന്നു. അസോസിയേഷനുകളിൽ നിന്നുള്ള നിർദ്ദേശങ്ങളും ചേർത്ത് പ്രാബല്യത്തിൽവരാൻ ഇനിയും താമസമെടുക്കും. പുതിയ ഭരണഘടന ഐ.ഐ.എഫ്.എഫ് ജനറൽ ബോഡിയിൽ പാസാക്കിയ റിപ്പോർട്ട് ഒക്ടോബർ 30-നകം സമർപ്പിക്കണമെന്നാണ് ഫിഫയുടെ ആവശ്യം. വർഷങ്ങളായി മൈതാനമദ്ധ്യത്തിലല്ല കോടതി വരാന്തയിലാണ് ഇന്ത്യൻ ഫുട്ബാളിലെ കളി. അസോസിയേഷൻ ഭരണത്തിനു വേണ്ടിയുള്ള ചരടുവലികളും കുതികാൽ വെട്ടലുകളുമൊക്കെ ചോദ്യം ചെയ്യപ്പെട്ടപ്പോൾ കോടതിയുടെ അന്തിമവിധി വരാതെ ഒന്നും ചെയ്യാനാകാത്ത സ്ഥിതി വന്നു. മലയാളിയായ മുൻ സെക്രട്ടറി തന്നെ പുറത്താക്കിയതിനെ കോടതിയിൽ ചോദ്യംചെയ്തിരിക്കുകയാണ്. നിലവിലെ സെക്രട്ടറിയും മലയാളിയാണ്.

രാജ്യത്തെ കായിക അസോസിയേഷനുകളിലെ തിരഞ്ഞെടുപ്പും ഭരണവും സുതാര്യവും അഴിമതിരഹിതവുമാക്കണമെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ കായികനിയമം കൊണ്ടുവന്നത്. പക്ഷേ അന്താരാഷ്ട്ര കായികസംഘടനകളുടെ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ടുമാത്രമേ സർക്കാരിന്റെ നിയമത്തിന് സാധുതയുള്ളൂ എന്നതിന് തെളിവുകൂടിയാണ് ഫിഫയുടെ നടപടി. ഫുട്ബാൾ ഫെഡറേഷന് വീണ്ടും വിലക്ക് വന്നാൽ 2036 ഒളിമ്പിക്സിന് വേദിയൊരുക്കാനുള്ള ശ്രമങ്ങൾക്കു കൂടി തിരിച്ചടിയാകും. അന്താരാഷ്ട്ര കായിക മേഖലയിൽ രാജ്യത്തിനുണ്ടാകുന്ന നാണക്കേടും മാറ്റാനാകില്ല. വിലക്കൊഴിവാക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ ഫുട്ബാളിന്റെ തലപ്പത്തിരിക്കുന്നവരാണ് നടത്തേണ്ടത്. വ്യക്തിപരമായ അധികാരമോഹങ്ങൾക്കും തർക്കങ്ങൾക്കും കോടതി വ്യവഹാരങ്ങൾക്കുമപ്പുറം ഫുട്ബാൾ എന്ന ഗെയിമിനായി വിട്ടുവീഴ്ചകൾക്ക് തയ്യാറാകണം. ഫെഡറേഷനിലെ കസേരകൾക്കു പിന്നാലെ പോകുമ്പോൾ ഫുട്ബാൾ തന്നെ ഇല്ലാതായാൽ എന്തു ഗുണം? ഇവിടെ ഐ.എസ്.എല്ലും ഐ ലീഗും ഉൾപ്പടെയുള്ള മത്സരങ്ങൾ നടക്കുകയും ഇന്ത്യൻ ടീമിന് അന്താരാഷ്ട്ര തലത്തിൽ മത്സരിക്കാനാവുകയും വേണം. മെസിയും ക്രിസ്റ്റ്യാനോയും മാത്രമല്ല ലോകോത്തര താരങ്ങളൊക്കെയും കളിക്കാനെത്തുകയും വേണം. അതിനാകട്ടെ നമ്മുടെ കായിക മേലാളന്മാരുടെ ശ്രമം.