വഴി അടയുന്ന വയനാട്

Friday 29 August 2025 4:43 AM IST

സമുദ്രനിരപ്പിൽ നിന്ന് 2300 അടി ഉയരത്തിലാണ് വയനാട്. ഇവിടേക്കുളള പ്രധാന പാതയായ താമരശ്ശേരി ചുരം റോഡിൽ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിൽ കാരണം യാത്രക്കാർ വലയുന്നു. രാത്രിയും പകലുമായി 26 മണിക്കൂർ നീണ്ട കഠിന പ്രയത്നഫലമായാണ് ബുധനാഴ്ച രാത്രിയോടെ വാഹന ഗതാഗതം ഭാഗികമായി സാദ്ധ്യമാക്കിയത്. ഒമ്പതാം വളവിൽ വ്യൂ പോയന്റിൽ മണ്ണിടിച്ചൽ തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്നലെ രാവിലെ മുതൽ ഇതുവഴിയുളള ഗതാഗതം വീണ്ടും നിരോധിച്ചു. ഈ ഓണക്കാലത്ത് പുറംലോകവുമായി ബന്ധം വിട്ട പ്രതീതി! ഈ കുറിപ്പ് തയ്യാറാക്കുമ്പോഴും മണ്ണിടിച്ചലിനെ തുടർന്ന് ഗതാഗതം നിലച്ച ചുരം മേഖലയിൽ അടിഞ്ഞുകൂടിയ പാറക്കെട്ടുകളും മറ്റും നീക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നതേയുള്ളൂ.

ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയിന്റിൽ 80 അടി ഉയരത്തിൽ നിന്ന് പാറക്കെട്ടുകളും കൂറ്റൻ മരങ്ങളും കല്ലും മണ്ണും നിലംപതിച്ചാണ് ഗതാഗത തടസം നേരിട്ടത്. കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിലെ (എൻ.എച്ച് 766) ചുരം മേഖലയിലൂടെയുളള യാത്ര അതികഠിനമായി മാറിയിട്ടുണ്ട്. വയനാട്ടിലേക്കുളള ഈ പാത അടയുമ്പോൾ ജില്ലയിലേക്കും പുറത്തേക്കുമുളള സഞ്ചാരമാണ് നിലയ്ക്കുന്നത്. ചുരം റോഡ് ഇടിഞ്ഞും,​ വാഹനങ്ങൾ മറിഞ്ഞും മറ്റുമൊക്കെ ഉണ്ടാകുന്ന ഗതാഗത തടസം നിത്യസംഭവമായി മാറി. കുടിവെള്ളമില്ലാതെ,​ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും കഴിയാതെ മണിക്കൂറുകളോളം സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളള യാത്രക്കാർ ചുരം റോഡിൽ നരകിക്കുന്ന കാഴ്ച പതിവായിട്ടുണ്ട്.

വിദഗ്ദ്ധ ചികിത്സ തേടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അടക്കം രോഗികളുമായി ആംബുലൻസുകൾ പോകേണ്ടതും ഇതുവഴി തന്നെയാണ്. ചുരത്തിലെ ഗതാഗത തടസം കാരണം ജീവൻ പൊലിഞ്ഞവരുടെ എണ്ണം കുറച്ചൊന്നുമല്ല. താമരശ്ശേരി ചുരത്തിനു പുറമെ കുറ്റ്യാടി- പക്രംതളം ചുരം റോഡ്, പേര്യ ചുരം റോഡ്, അമ്പായത്തോട് പാൽചുരം ബോയ്സ് ടൗൺ ചുരം റോഡ് എന്നിവയാണ് വയനാട്ടിലേക്ക് എത്താനുളള മറ്റു പാതകൾ. മലപ്പുറം ജില്ലയിൽ നിന്നുളളവർ നാടുകാണി ചുരം വഴിയും വയനാട്ടിലെത്തുന്നു.

കെണിയാകുന്ന

ചെറുവഴികൾ

താമരശ്ശേരി ചുരം റോഡ് ഇടിഞ്ഞപ്പോൾ കുറ്റ്യാടി പക്രംതളം ചുരം പാതയിലൂടെയാണ് വയനാട്ടിൽ നിന്ന് കോഴിക്കോട് ഭാഗത്തു നിന്നുളള വാഹനങ്ങൾ വരുന്നത്. വാഹനങ്ങൾ വർദ്ധിച്ചതോടെ,​ വീതി കുറഞ്ഞ ഈ ചുരം പാതയിലും കടുത്ത ഗതാഗതക്കുരുക്കാണ്. ഇടുങ്ങിയ റോഡിലൂടെ മഴയത്തുളള യാത്ര അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നതുമാണ്. ദിവസവും അരലക്ഷത്തിലേറെ വാഹനങ്ങളാണ് താമരശ്ശേരി ചുരം വഴി മാത്രം കടന്നുപോകുന്നത്. ടൂറിസം സീസണും ഓണം അവധിയും ആയതോടെ വയനാട്ടിലേക്കുളള വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമ പഞ്ചായത്തിലാണ് ചുരം മേഖല മുഴുവനും. കോഴിക്കോട്,​ വയനാട് ജില്ലകളുടെ അതിർത്തി പങ്കിടുന്ന ചുരം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടത്ര ഇടപെടലുകൾ ഉണ്ടാകുന്നില്ല. ചുരം ഇടിയുമ്പോഴും പാതയിൽ വാഹനാപകടങ്ങൾ കാരണം ഗതാഗതതടസം ഉണ്ടാകുമ്പോഴും മാത്രമാണ് അധികൃതർ ഉണരുന്നത്. കോഴിക്കോട് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച തീരുമാനങ്ങൾ ഇതുവരെ യാഥാർത്ഥ്യമായിട്ടുമില്ല. ചുരത്തിലെ ഗതാഗതം തടസപ്പെടുമ്പോൾ ആര് ഇടപെടുമെന്ന കാര്യത്തിലും വ്യക്തതയില്ല. ചുരത്തിന്റെ മുകൾ ഭാഗത്തുളള വയനാട് അതിർത്തിയിലെ ലിക്കിടിയിലും,​ താഴ്‌വാരമായ കോഴിക്കോട് ജില്ലയിലെ അടിവാരത്തും 24 മണിക്കൂറും പ്രവർത്തിക്കുന്ന റിക്കവറി ക്രെയിനുകൾ സ്ഥാപിക്കുമെന്ന തീരുമാനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അപകടങ്ങൾ സംഭവിക്കുമ്പോൾ മാത്രമാണ് ഇതേക്കുറിച്ച് ഓർക്കുക!

കോഴിക്കോട്,​ വയനാട് ജില്ലകൾക്കിടയിൽ ഉണ്ടാകുന്ന,​ ചുരം മേഖലയിലെ തടസങ്ങൾ തീർക്കുന്ന കാര്യത്തിൽ ആർക്കാണ് ഉത്തരവാദിത്വമെന്ന കാര്യത്തിലും പ്രശ്നങ്ങൾ നിലനിൽക്കുന്നു. വയനാട്ടിലേക്കുളള നിത്യോപയോഗ സാധനങ്ങളും മറ്റ് ചരക്കുകളും എത്തിക്കേണ്ട പ്രധാനപാത ഇന്ന് ദുർബലമായിരിക്കുന്നു. ഈ പാതയിൽ ചരക്കുവാഹനങ്ങൾ മറിഞ്ഞാണ് പലപ്പോഴും ഗതാഗത തടസമുണ്ടാക്കുന്നത്. ഭാരവാഹനങ്ങൾ കടന്നുപോകുന്നതിലെ നിയന്ത്രണവും നടപ്പിലായില്ല.

ചുരം കയറാതെ

സഞ്ചാരികൾ

ചുരം മേഖലയിലെ ഗതാഗത തടസവും ചുരം പാത ഇടിയലും കാരണം ടൂറിസം മേഖലയ്ക്ക് വൻ തിരിച്ചടിയാണ് ഉണ്ടാകുന്നത്. ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ടൂറിസ്റ്റുകൾ വരാതായ വയനാട്ടിലേക്ക് സഞ്ചാരികൾ പതുക്കെ എത്തിക്കൊണ്ടിരിക്കുമ്പോഴാണ് ചുരത്തിലെ തടസങ്ങൾ. ഓണക്കാല അവധി തുടങ്ങിയതോടെ വൻ തോതിൽ ടൂറിസ്റ്റുകൾ വയനാട്ടിലേക്ക് ചുരം കയറേണ്ടതാണ്. ചുരത്തിലെ ഹെയർപിൻ വളവുകളിൽ ഗതാഗത നിയന്ത്രണത്തിന് പൊലീസുകാരെ നിയോഗിക്കാനും ഇതേവരെ കഴിഞ്ഞിട്ടില്ല. കോഴിക്കോട്,​ വയനാട് ജില്ലാ ഭരണകൂടങ്ങളെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി,​ ചുരത്തിന്റെ പരിപാലനത്തിനും വികസനത്തിനുമായി പ്രത്യേക അതോറിറ്റി രൂപീകരിക്കാനും കഴിഞ്ഞില്ല.

ചുരത്തിനുള്ള ബദൽ പാതകൾ സംബന്ധിച്ച് ഒരു തീരുമാനവും ഇതേവരെ ഉണ്ടായിട്ടില്ല. പടിഞ്ഞാറത്തറ- പൂഴിത്തോട് ബദൽ പാത, ചിപ്പിലിത്തോട്,​ മരുതിലാവ്,​ തളിപ്പുഴ ഉൾപ്പെടെയുളള ബദൽ പാതകൾക്കു വേണ്ടി ജനങ്ങൾ ഇപ്പോഴും പ്രക്ഷോഭത്തിലാണ്. അടിവാരം- ലക്കിടി കേബിൾ കാർ, റോപ് വേ പദ്ധതികളും എങ്ങുമെത്തിയില്ല. ആറ്, ഏഴ്, എട്ട് ഹെയർപിൻ വളവുകൾ വീതി കൂട്ടുന്ന പ്രവൃത്തി മുടങ്ങിക്കിടക്കുകയാണ്. 37 കോടിയുടെ പദ്ധതി ടെൻഡറായതാണ്. ഡൽഹി ആസ്ഥാനമായ ചൗധരി കൺസ്ട്രക്ഷൻ കമ്പനിക്കാണ് കരാർ. 2.67 ഏക്കർ വനഭൂമി കൈമാറുകയും ചെയ്തു. ചുരം ഉൾപ്പെടുന്ന കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പ് മുതൽ വയനാട്ടിലെ സുൽത്താൻ ബത്തേരി വരെയുളള ഭാഗം നാലുവരിയാക്കാനുള്ള അലൈൻമെന്റിന് അംഗീകാരമായിട്ടുണ്ട്. ഈ 31-ന് തുരങ്കപ്പാതയുടെ നിർമ്മാണ പ്രവൃത്തികൾ മുഖ്യമന്ത്രി നിർവഹിക്കും. വയനാടിന് ഇനി അതാണ് ഒരു പ്രതീക്ഷയും.