ഇന്ത്യയോട് കളിക്കുമ്പോള്‍ വളരെ അധികം സൂക്ഷിക്കണം, അമേരിക്കയ്ക്കും ട്രംപിനും മുന്നറിയിപ്പ്

Thursday 28 August 2025 8:39 PM IST

വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യയുമായുള്ള ബന്ധം തീരുവ വിഷയത്തില്‍ മോശമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഡോണള്‍ഡ് ട്രംപിന് മുന്നറിയിപ്പ്. മറ്റ് ചെറിയ രാജ്യങ്ങളോട് പെരുമാറുന്നത് പോലെ ഇന്ത്യയോട് പെരുമാറുന്നത് അമേരിക്കയ്ക്ക് തിരിച്ചടിയുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധന്‍ റിച്ചാര്‍ഡ് വോഫ് നല്‍കുന്ന മുന്നറിയിപ്പ്. ട്രംപ് അടുത്തകാലത്തായി ഇന്ത്യയോട് പുലര്‍ത്തുന്ന സമീപനത്തെ ഉദ്ധരിച്ചാണ് വോഫ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ന്യൂയോര്‍ക്കിലെ ന്യൂ സ്‌കൂള്‍ യൂണിവേഴ്സിറ്റി പ്രൊഫസറും പ്രമുഖ സാമ്പത്തിക വിദഗ്ധനുമാണ് റിച്ചാര്‍ഡ് വോഫ്. ചെറിയ രാജ്യങ്ങളോട് ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം അമേരിക്ക സ്വീകരിക്കുന്ന ചില നയങ്ങളുണ്ട്. അതുപോലെ ഒരിക്കലും ഇന്ത്യയോട് പെരുമാറരുത്. 'നോക്കൂ, റഷ്യയുമായി ദീര്‍ഘകാലമായി വളരെ അടുത്ത വ്യാപാര ബന്ധമുള്ള രാജ്യമാണവര്‍, മാത്രവുമല്ല ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ളത് ഇന്ത്യക്കാണ്. അവരെ ശത്രു സ്ഥാനത്ത് നിര്‍ത്തിയാല്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത ഒരു വെല്ലുവിളിയാകും അമേരിക്കയ്ക്ക് അത്.' - റിച്ചാര്‍ഡ് വോഫ് പറഞ്ഞു.

അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ഇന്ത്യ മറ്റ് മാര്‍ഗങ്ങള്‍ തേടും. ബ്രിക്‌സ് രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നത് അതിലൊന്നായിരിക്കും. അത് ഇന്ത്യയെ സംബന്ധിച്ച് സ്വാഭാവികമായ ഒരു നടപടി മാത്രമായിരിക്കും.

യൂറോപ്യന്‍ യൂണിയന്റെ ഉപരോധം വന്നപ്പോള്‍ സ്വന്തം ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ റഷ്യ പുതിയ രാജ്യങ്ങളെ കണ്ടെത്തിയതുപോലെ ഇന്ത്യയും നടപടി സ്വീകരിക്കും. അമേരിക്കയ്ക്ക് പകരം ബ്രിക്സ് രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടാകും. അത് ബ്രിക്സ് കൂട്ടായ്മയെ ശക്തിപ്പെടുത്താനും വളര്‍ത്തുന്നതിലേക്കും നയിക്കും. ട്രംപിന്റെ നയങ്ങള്‍ ബ്രിക്സിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയും വളര്‍ത്തുകയും ഒന്നിപ്പിക്കുകയും ചെയ്യുമെന്നും റിച്ചാര്‍ഡ് വോഫ് മുന്നറിയിപ്പില്‍ വ്യക്തമാക്കി.