വിചാരണ തടവുകാരനിൽനിന്ന് മയക്കുമരുന്ന് പിടികൂടി
Friday 29 August 2025 12:40 AM IST
കാക്കനാട്: കോടതിയിൽ ഹാജരാക്കി തിരികെയെത്തിച്ച കാക്കനാട് ജില്ലാ ജയിലിലെ വിചാരണ തടവുകാരനിൽനിന്ന് മയക്കുമരുന്ന് പിടികൂടി. മോഷണക്കേസിൽപ്പെട്ട് ജില്ലാ ജയിലിൽ കഴിയുന്ന വിചാരണ തടവുകാരനായ തിരുവനന്തപുരം സ്വദേശി തിയോഫിന്റെ കൈയിൽനിന്ന് 9.12ഗ്രാം ഹാഷിഷ് ഓയിലും ബീഡികളുമാണ് പൊലീസ് പിടിച്ചെടുത്തത്.
ബുധനാഴ്ച തൃപ്പൂണിത്തുറ കോടതിയിൽ ഹാജരാക്കിയ തിയോഫിനെ തിരികെ ജയിലിൽ എത്തിച്ചപ്പോൾ സംശയംതോന്നിയ ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇയാൾ ഉടുത്തിരുന്ന കൈലിമുണ്ടിൽ പ്രത്യേകം
പോക്കറ്റ് ഘടിപ്പിച്ച് അതിനുള്ളിൽ രണ്ട് പ്ലാസ്റ്റിക് ഡപ്പികളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു.