പാലോട്: രണ്ട് നാടൻ തോക്കും ആറ് ലിറ്റർ നാടൻ ചാരായവും 250 ലിറ്റർ കോട (വാഷ്) യുമായി ഒരാൾ പിടിയിൽ. കരിമൺകോട് ഊരാളി കോണത്ത് വാടകയ്ക്ക് താമസിക്കുന്ന പെരിങ്ങമ്മല താന്നിമൂട് സ്വദേശി നൗഷാദ് (42) ആണ് നെടുമങ്ങാട് എക്സൈസിന്റെ പിടിയിലായത്. ഇയാൾ വാടകക്ക് താമസിക്കുന്ന വീട്ടിൽ ചാരായം വാറ്റുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എക്സൈസ് സംഘം വീടും പരിസരവും നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇയാൾ വാറ്റിയെടുക്കുന്ന ചാരായം ഈ പ്രദേശങ്ങളിൽ വിൽക്കുകയില്ല. ഇതിനാൽ സമീപവാസികൾക്കാർക്കും സംശയം തോന്നിയില്ല. വാടകക്ക് താമസിക്കുന്ന വീട്ടിൽ ഭാര്യയും കുഞ്ഞും ഇയാളുടെ പിതാവുമാണ് ഉണ്ടായിരുന്നത്.വീടിന്റെ പുറകുവശത്ത് ആടിനെ കെട്ടുന്നതിനു സമീപത്തായി ബാരലുകളിലാണ് ഇയാൾ വാഷ് സൂക്ഷിച്ചിരുന്നത്. വാറ്റാൻ ഉപയോഗിച്ചിരുന്ന സ്റ്റൗ ഉൾപ്പെടെയുള്ളവയും കണ്ടെടുത്തു. ഇയാളിൽ നിന്ന് വന്യമൃഗങ്ങളെ വേട്ടയാടാൻ ഉപയോഗിക്കുന്നതെന്ന് കരുതുന്ന നാടൻ തോക്കും പിടിച്ചെടുത്തു. ഈ തോക്ക് വെടിമരുന്ന് നിറച്ച നിലയിലാണ്. നേരത്തേയും സമാനമായ കേസിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് നൗഷാദ്.നെടുമങ്ങാട് എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ, അസ്സിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സതീഷ് കുമാർ,ബിജു,ഷജിം, ഗോപിനാഥ്,ശ്രീലത,ശ്രീകേഷ് എന്നിവരടങ്ങിയ സംഘം അന്വേഷണത്തിന് നേതൃത്വം നൽകി.