മുള്ളുഗുഡ്ഡെ ഗ്രാമത്തിന് നഷ്ടമായത് അഞ്ച് ജീവനുകൾ; ചുടുചോരയിൽ മുങ്ങി വിറങ്ങലിച്ച് തലപ്പാടി
അപകടത്തിൽ പൊലിഞ്ഞത് ആറ് ജീവനുകൾ
കാസർകോട്: കണ്ണുചിമ്മി തുറക്കുന്ന വേഗതയിൽ പാഞ്ഞെത്തിയ ബസിൽ നിന്ന് മാറാൻ സമയം കിട്ടുന്നതിന് അടിയിൽ പെട്ട് ചതഞ്ഞുപോയത് ഒരു കുടുംബത്തിലെ അഞ്ചുപേർ അടക്കം ആറു ജീവനുകൾ. തലപ്പാടി ടോൾ ഗേറ്റിന് സമീപം ഇന്നലെ ഉച്ചയ്ക്ക് നടന്ന ദാരുണമായ ദുരന്തത്തിന്റെ ആഘാതത്തിൽ വിറങ്ങലിച്ചുനിൽക്കുകയാണ് ഈ നാട്.
ഓട്ടോറിക്ഷയിൽ ഇരുന്നവരും ബസ് കാത്തിരുപ്പ് കേന്ദ്രത്തിലുണ്ടായിരുന്നവരുമടക്കമുള്ള ആറു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. തലപ്പാടി കെ.സി റോഡിൽ നിന്ന് ടോൾ ബൂത്തിന് സമീപത്തേക്ക് ദേശീയപാതയിലൂടെ അമിതവേഗതയിൽ എത്തിയ കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ ബസാണ് ഒരു നിമിഷം കൊണ്ട് ആറുജീവനുകളുടെ അന്തകനായത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു. ഓട്ടോഡ്രൈവർ ഹൈദർ അലി (47), അവ്വമ്മ(65), അസ്സിനടുക്കയിലെ ഖത്തുജ (60), ഹസ്ന(30), നഫീസ (52), ആയിഷ (19) എന്നിവരാണ് അപകടത്തിൽ മരിച്ചത്. സഹോദരിമാരാണ് ഖത്തുജയും നഫീസയും. അവമ്മ നഫീസയുടെ അമ്മായിയും. ഖത്തൂജയുടെ മകളാണ് ഹസ്ന. നഫീസയുടെ മകളായ ആയിഷയാണ് മരിച്ചവരിൽ മറ്റൊരാൾ. അജിനടുക്ക മുള്ളുഗുഡ്ഡെ സ്വദേശികളായ ഇവർ മഞ്ചേശ്വരം കുഞ്ചത്തൂരിലെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ഒരു ഭിന്നശേഷിക്കാരനും രണ്ട് കാൽനടയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. അവരെ ചികിത്സയ്ക്കായി മംഗൽപാടി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അമിതവേഗത കാലപ്പഴക്കം നിയമലംഘനം;
വില്ലൻ കർണാടക ബസ് തന്നെ
കാസർകോട്: കാസർകോട് നിന്ന് മംഗളൂരുവിലേക്ക് പോകുകയിരുന്ന കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിന്റെ ബ്രേക്ക് തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും വിളിച്ചുവരുത്തിയ ദുരന്തമെന്നാണ് ദൃക്സാക്ഷികളടക്കമുള്ളവർ പറയുന്നത്. തേഞ്ഞ ടയറുകളുമായി എത്തിയ പഴഞ്ചൻ ബസ് സർവീസ് റോഡ് വിട്ട് ഹൈവേയിലേക്ക് കയറി അമിതവേഗതയിൽ വെട്ടിച്ചപ്പോൾ ബ്രേക്ക് കിട്ടാതെ പോയെന്നാണ് ആളുകൾ പറയുന്നത്.ടയറുകളുടെ പഴക്കം കാരണം ടയറുകൾ തെന്നി ബസിന്റെ നിയന്ത്രണം നഷ്ടമായെന്നും ഇവർ പറയുന്നു.
കാറുകളും ചെറിയ ലോറികളും കടത്തിവിടുന്ന ദേശീയപാതയിലൂടെ കയറിയ ബസ് ഹൈവേയിലേക്ക് കയറുന്നതിന് അനുവാദമില്ലാത്ത ഭാഗത്തു കൂടി വെട്ടിച്ചു കയറ്റുകയായിരുന്നത്രെ. ഇതോടെ നിയന്ത്രണം വിട്ട് കറങ്ങിത്തിരിഞ്ഞ് എതിർ ദിശയിൽ ഉണ്ടായിരുന്ന ഓട്ടോയിലും പിന്നാലെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിലേക്കും ഇടിക്കുകയായിരുന്നു. കറങ്ങി തിരിഞ്ഞ ബസിന്റെ പിൻഭാഗം മറ്റൊരു ഓട്ടോയും ദേശീയപാതയിലെ കൈവരിയും ഇടിച്ചിരുന്നു. അതെ സമയം ബസിലുള്ള ആർക്കും വലിയ പരിക്കുകളുണ്ടായില്ല.
'ചാടി ഇറങ്ങി; ജീവൻ കിട്ടി
ആറുപേരുടെ ജീവനെടുത്ത ബസ് ഒടുവിൽ കറങ്ങിത്തിരിയുന്നതിനിടയിൽ മറ്റൊരു ഓട്ടയിലും ഇടിച്ചു.ബസിന്റെ വരവ് കണ്ട് ഓട്ടോ നിർത്തി ചാടി ഇറങ്ങുകയായിരുന്നുവെന്ന് ഈ ഓട്ടോയുടെ ഡ്രൈവർ സമീർ പറഞ്ഞു.ചാടുന്നതിനിടയിൽ തന്റെ ദേഹത്തും ബസ് തട്ടിയെന്ന് ഈയാൾ പറഞ്ഞു. നല്ല മഴയുള്ളതിനാൽ ആളുകൾ കുറഞ്ഞത് വൻദുരന്തം ഒഴിവാക്കിയെന്നും സമീർ പറഞ്ഞു.സാധാരണ നിലയിൽ ഒരു പാട് ആളുകൾ കൂടിനിൽക്കുന്ന ഇടമാണിതെന്നും സമീർ പറഞ്ഞു.