മഴക്കോളിൽ മുങ്ങി ഓണവിപണി വരും ദിവസങ്ങളിൽ പ്രതീക്ഷ

Thursday 28 August 2025 9:56 PM IST

കണ്ണൂർ: ഇടമുറിയാതെ പെയ്യുന്ന മഴയിൽ മുങ്ങി വടക്കൻ ജില്ലകളിലെ ഓണം വിപണി. നഗരങ്ങളിൽ വിവിധ മേളകൾ ആരംഭിച്ചുവെങ്കിലും മൂന്ന് ദിവസമായി പെയ്യുന്ന മഴ ആളുകളെ അകറ്റുകയാണ്.നഗരത്തിൽ വിവിധ ഭാഗങ്ങളിലായി ഇടംപിടിച്ച വഴിയോര കച്ചവടക്കാർക്കും കാര്യമായ കച്ചവടമുണ്ടായിട്ടില്ല.

പൊലീസ് മൈതാനിയിൽ ഒരാഴ്ചയായി വിവിധ മേളകൾ സജീവമാണ്. കൈത്തറി മേള, ദിനേശ് വിപണന മേള, ജില്ലാപഞ്ചായത്തിന്റെ കാർഷിക വിപണന മേള, ഓണം ഫെയർ എന്നിവയാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. മഴ കനത്തതോടെ നിലവിൽ ഇവിടങ്ങളിൽ തിരക്ക് കുറവാണ്.മിതമായി നിരക്കിൽ മികച്ച ഉത്പ്പന്നങ്ങൾ എന്നതാണ് കാർഷിക പ്രദർശന വിപണ മേളയുടെ പ്രത്യേകത. സ്റ്റാർട്ടപ്പ് സംരംഭങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, വ്യവസായ വകുപ്പിന് കീഴിലുള്ള ചെറുകിട വ്യവസായ യൂണിറ്റുകൾ, പരമ്പരാഗത ഉൽപന്നങ്ങൾ, റിബേറ്റോടെയുള്ള കൈത്തറി ഉത്പന്നങ്ങൾ എന്നിവയാണ് ഇവിടെയുള്ളത്. മുൻ വർഷങ്ങളിലെല്ലാം വൻവിൽപ്പനയാണ് കാർഷിക വിപണനമേളകളിൽ ഉണ്ടായിരുന്നത്.

പാരമ്പര്യത്തനിമയും പുതു ഡിസൈനുകളുമൊക്കെയായി ഒരു പിടി വൈവിദ്ധ്യങ്ങളുമായാണ് കൈത്തറി മേള സജ്ജീകരിച്ചിരിക്കുന്നത്.കൈത്തറി സംഘങ്ങൾ, ഹാൻടെക്‌സ്, ഹാൻവീവ് എന്നിവയ്ക്ക് പുറമേ കരകൗശല സംഘങ്ങൾ, ഇതര സംസ്ഥാന വസ്ത്ര കരകൗശല ഉത്പ്പന്നങ്ങൾ എന്നിവയും മേളയിലുണ്ട്.

പൊലീസ് മൈതാനിയിൽ പതിവുപോലെ മൺപാത്ര കച്ചവടക്കാരുമെത്തിയിട്ടുണ്ട്. സ്റ്റേഡിയം കോർണറിലാണ് ചെറുകിട കച്ചവടക്കാർ ഇടംപിടിച്ചിരിക്കുന്നത്. നഗരത്തിൽ പലയിടത്തായി അത്തം മുതൽ പൂക്കച്ചവടക്കാർ സജീവാണെങ്കിലും മഴ കനത്തതോടെ പലയിടത്തും താത്ക്കാലികമായി കച്ചവടം നിർത്തി വച്ചിരിക്കുകയാണ്. പൂക്കളെല്ലാം വെള്ളം നിറഞ്ഞ് നശിക്കുന്ന സ്ഥിതിയാണെന്ന് കച്ചവടക്കാർ പറഞ്ഞു. നാളെ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.തുടർന്നുള്ള ദിവസങ്ങളിൽ പ്രതീക്ഷ വച്ചിരിക്കുകയാണ് വ്യാപാരികൾ. വ്യാപാരികൾ.

കർഷകർക്കും തിരിച്ചടി

ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ഇറക്കിയ കർഷക‌‌‌ർക്കും മഴ തിരിച്ചടിയായി.തുടർച്ചയായി പെയ്യുന്ന മഴയിൽ കാർഷികവിളകൾ വ്യാപകമായി നശിച്ചു.വാഴ കർഷകരാണ് കൂടുതൽ പ്രതിസന്ധിയിലായത്. കാറ്റിലും മഴയിലും വാഴകളെല്ലാം നിലംപൊത്തുകയാണ്. ഇക്കുറി ജൂൺ അവസാന വാരത്തിലാണ് കർഷകർ വെണ്ടയും പയറും പാവലും പടവലവും മത്തനും ചുരങ്ങയും ഇളവനുമെല്ലാം നട്ടുതുടങ്ങിയത്.കൃഷിയിടങ്ങളിൽ വെള്ളം കയറി വ്യാപകനാശമാണുണ്ടായത്. വലിയ പ്രതീക്ഷയോടെയാണ് ഓണവിപണിക്കു വേണ്ടി ചെയ്ത നേന്ത്രവാഴ കൃഷിയിലും വലിയ നഷ്ടമുണ്ടായി. ആയിരക്കണക്കിന് വാഴകളാണ് കാലവർഷക്കെടുതിയ്ക്കിരയായത്. ഓണ വിപണി അടുത്തെത്തിയപ്പോൾ പാകമായ വിളക

ളെയും മഴ ബാധിക്കുകയാണ്.